തൊടുപുഴ: മൂന്നാറിൽ ജനവാസ മേഖലയിലിറങ്ങുന്ന പടയപ്പ എന്ന കാട്ടുകൊമ്പൻ മാലിന്യ സംസ്കരണ കേന്ദ്രത്തിലെത്തി പ്ലാസ്റ്റിക് മാലിന്യമടക്കം അകത്താക്കുന്ന സംഭവത്തിൽ നടപടിയുമായി പഞ്ചായത്ത്. അജൈവ മാലിന്യം പ്രദേശത്തുനിന്ന് നീക്കംചെയ്ത് തുടങ്ങി. മാലിന്യ സംസ്കരണ പ്ലാന്റിലെ പ്ലാസ്റ്റിക് മാലിന്യം നീക്കണമെന്നുകാണിച്ച് വനംവകുപ്പ് മൂന്നാർ പഞ്ചായത്തിന് കത്ത് നൽകിയതിന് പിന്നാലെയാണ് നടപടി.
മൂന്നാറിലെ തോട്ടം മേഖലയിലും പ്രധാന റോഡുകളിലും പതിവ് സന്ദർശകനായ പടയപ്പ പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പ്ലാന്റിൽ തീറ്റ തേടിയെത്തുന്നത് പതിവാണ്. പച്ചക്കറി അവശിഷ്ടങ്ങൾക്കൊപ്പം പ്ലാസ്റ്റിക് മാലിന്യവും ആന അകത്താക്കുകയാണ്. ഈ സാഹചര്യത്തിലാണ് അജൈവ മാലിന്യം നീക്കണമെന്നാവശ്യപ്പെട്ട് മൂന്നാർ ഡി.എഫ്.ഒ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയത്. മാലിന്യം നീക്കുന്നതിനൊപ്പം കാട്ടാനശല്യം തടയാൻ പ്ലാന്റിന് ചുറ്റും സുരക്ഷ സംവിധാനം ഒരുക്കുമെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
ആളുകളെ ആക്രമിച്ചിട്ടില്ലെങ്കിലും കാടിറങ്ങി ജനവാസ മേഖലകളിലെത്തുന്ന പടയപ്പ കൃഷിക്കും മറ്റും വ്യാപക നാശനഷ്ടം ഉണ്ടാക്കാറുണ്ട്. ജനവാസ മേഖലകളിൽ വേലിയോ കിടങ്ങുകളോ സ്ഥാപിക്കണമെന്നും ആനയെ കാട്ടിലേക്ക് തുരത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. വനംവകുപ്പ് അവശ്യത്തിന് വാച്ചർമാരെ നിയോഗിക്കണമെന്നും ആനയെ നിരീക്ഷിക്കാൻ സംവിധാനം ഒരുക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.