തൊടുപുഴ: നഗരത്തിലെ അനധികൃത മാലിന്യ നിക്ഷേപത്തിൽ നടപടി സ്വീകരിക്കാൻ നഗരസഭ കൗൺസിൽ തീരുമാനം. തൊടുപുഴയാറിലേക്കും മറ്റു വിവിധ കേന്ദ്രങ്ങളിലും നടത്തുന്ന മാലിന്യ നിക്ഷേപത്തിനെതിരെയാണ് നടപടിയെടുക്കാൻ നഗരസഭ തീരുമാനിച്ചത്.
കഴിഞ്ഞദിവസം പുഴയിലേക്ക് സ്വകാര്യ ആശുപത്രിയിലെ മാലിന്യം തള്ളിയത് വിവാദമായിരുന്നു. സംഭവത്തിൽ ആശുപത്രി അധികൃതരിൽനിന്ന് പിഴയീടാക്കാനും ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കാനും കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ആശുപത്രിയുടെ പാർക്കിങ് ഏരിയിൽ മാലിന്യം ഒഴുക്കിയതായി കണ്ടെത്തിയിരുന്നു. ആദ്യ ഘട്ടമായി 50,000 രൂപ പിഴയീടാക്കും. ഇവിടുത്തെ മാലിന്യ സംസ്കരണ സംവിധാനം പരിശോധിക്കാനും തീരുമാനമായി. നഗരത്തിൽ അനധികൃതമായി സെപ്റ്റിക് മാലിന്യം നിക്ഷേപിക്കുന്നതിലും പരിശോധന കർശനമാക്കും. ഇത് സംബന്ധിച്ച് നിരവധി പരാതികൾ ഉയരുന്നുണ്ടെന്ന് വൈസ് ചെയർമാൻ കെ. ദീപക് പറഞ്ഞു. നേരത്തെ ആരോഗ്യവിഭാഗം നടത്തിയിരുന്ന പരിശേോധന ഇടക്കാലത്ത് നിലച്ചിരുന്നു. ഇത് പുനരാരംഭിക്കുമെന്നും മുന്നറിയിപ്പില്ലാതെ പരിശോധനകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അനധികൃത വഴിയോര കച്ചവടം നിയന്ത്രിക്കാൻ തീരുമാനം
നഗരത്തിലെ വഴിയോര കച്ചവടങ്ങൾ നിയന്ത്രിക്കാനും കൗൺസിൽ തീരുമാനിച്ചു. അംഗീകൃത കാർഡ് ഉള്ളവർക്ക് മാത്രം ഇനിമുതൽ കച്ചവടം നടത്താം. പ്രൈവറ്റ് സ്റ്റാൻഡ് മുതൽ ഗാന്ധി സ്ക്വയർ വരെയുള്ള സ്ഥലത്ത് നോൺ വെൻഡിങ് സോൺ ആക്കാനാണ് തീരുമാനം.
അന്തർ സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചുള്ള അനധികൃത കച്ചവടം നിയന്ത്രിക്കുന്നതിനാണ് നടപടി. വെൻഡിങ് സോൺ കണ്ടെത്തിയ ശേഷം അംഗീകൃത കച്ചവടക്കാരെ ഇവിടേക്ക് മാറ്റുമെന്ന് ചെയർപേഴ്സൻ സാബിറ ജലീൽ പറഞ്ഞു.
അനധികൃത കച്ചവടത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു. വഴിയോര കച്ചവടങ്ങളുടെ ഒഴിപ്പിക്കൽ ചിലയിടങ്ങളിൽ മാത്രമാണെങ്കിൽ അനുവദിക്കില്ലെന്ന് പ്രതിപക്ഷ അംഗം കെ.കെ. ഷിംനാസ് കൗൺസിൽ യോഗത്തിൽ പറഞ്ഞു. എന്നാൽ, അനധികൃത കച്ചവടങ്ങൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടി സ്വീകരിക്കുമ്പോൾ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുന്നതായി ചർച്ചയിൽ പങ്കെടുത്ത വൈസ് ചെയർമാൻ കെ. ദീപക് പറഞ്ഞു. ഇത് തുടർ നടപടികൾക്ക് തടസമാകുന്നു. വിഷയത്തിൽ ഏവരും നിഷ്പക്ഷ നിലപാട് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മങ്ങാട്ട് കവല ഷോപ്പിങ് കോംപ്ലക്സിലും വിവാദം
നഗരസഭയുടെ മങ്ങാട്ട് കവലയിലുളള ഷോപ്പിങ് കോംപ്ലക്സിലെ നാല് മുറികൾ അനധികൃതമായി കൈവശം വെച്ചന്ന വിവാദവും ചർച്ചയായി. ഇടത് കൗൺസിലർമാരാണ് പ്രശ്നം ഉന്നയിച്ചത്. മുറി കൈവശം വെച്ചവർ ഇതിനുള്ള പിഴയും വാടകയും അടച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൗൺസിലിനെ അറിയിച്ചു.
എന്നാൽ, മുറികൾ അനുമതിയില്ലാതെ ഉപയോഗിച്ചത് വീഴ്ചയാണെന്നും സ്ഥാപനം 2025ൽ നൽകിയ ചെക്ക് മാറാൻ ശ്രമിച്ചത് 2026ലാണെന്നും കൗൺസിലർമാർ ചൂണ്ടിക്കാട്ടി. ഇതേ ചൊല്ലിയുണ്ടായ തർക്കം ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള വാഗ്വാദത്തിനും വഴിവെച്ചു. നഗരസഭയിലെ വഴിവിളക്കുകൾ സ്ഥാപിക്കുന്നതിന് ടെൻഡർ അംഗീകരിച്ചെങ്കിലും കരാറുകാർ എഗ്രിമന്റെ് വെക്കാത്തതും കൗൺസിലിൽ വിമർശന വിധേയമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.