ബി.പി.എൽ കുടുംബത്തിന്​ കോവിഡ്​ ധനസഹായം; അപേക്ഷിച്ചവർ 490, സഹായം കിട്ടിയവർ 0

തൊടുപുഴ: കോവിഡ് ബാധിച്ച് മരിച്ച ബി.പി.എൽ കുടുംബാംഗത്തി‍െൻറ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച സമാശ്വാസ ധനസഹായത്തിന് ജില്ലയിൽ ലഭിച്ചത് 490 അപേക്ഷ. എന്നാൽ, കഴിഞ്ഞ ഒക്ടോബറിൽ പ്രഖ്യാപിച്ച പദ്ധതിപ്രകാരം ഇതുവരെ ആർക്കും ധനസഹായം അനുവദിച്ചിട്ടില്ല. കോവിഡിൽ കുടുംബത്തി‍െൻറ മുഖ്യവരുമാന സ്രോതസ്സായ വ്യക്തിയുടെ മരണത്തോടെ നിരാലംബരായിത്തീർന്ന ആശ്രിതർ എട്ടുമാസത്തിലധികമായി ധനസഹായത്തിന് കാത്തിരിപ്പ് തുടരുകയാണ്.

ജില്ലയിൽ ഇതിനകം ലഭിച്ച 490 അപേക്ഷകളിൽ 266 എണ്ണം അംഗീകരിച്ചിരുന്നു. 118 എണ്ണം വിവിധ കാരണങ്ങളാൽ നിരസിക്കപ്പെട്ടു. ശേഷിക്കുന്ന അപേക്ഷകളിന്മേൽ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നാണ് അധികൃതർ നൽകുന്ന വിവരം. ഓൺലൈൻ വഴി ഇപ്പോഴും അപേക്ഷ ലഭിക്കുന്നുമുണ്ട്. മരിച്ച വ്യക്തിയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന ബി.പി.എൽ കുടുംബങ്ങളിലെ ആശ്രിതർക്ക് മൂന്ന് വർഷത്തേക്ക് പ്രതിമാസം 5000 രൂപ സമാശ്വാസ ധനസഹായമായി നൽകുന്നതാണ് പദ്ധതി.

സാമൂഹികക്ഷേമ, ക്ഷേമനിധി പെൻഷനുകൾ ലഭിക്കുന്നവർക്കും പദ്ധതിയുടെ ആനുകൂല്യം ബാധകമാക്കിയിരുന്നു. കോവിഡ് മരണങ്ങൾക്ക് സർക്കാർ നൽകുന്ന 50,000 രൂപയുടെ നഷ്ടപരിഹാരത്തിന് പുറമെ പ്രഖ്യാപിച്ച സമാശ്വാസ ധനസഹായ പദ്ധതിയുടെ ചെലവ് ബജറ്റിൽ തുക അനുവദിക്കുന്നതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് കണ്ടെത്താനായിരുന്നു തീരുമാനം.

അപേക്ഷ ലഭിച്ച് പരമാവധി 30 പ്രവൃത്തിദിവസത്തിനകം ധനസഹായം വിതരണം ചെയ്ത് തുടങ്ങണമെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും തുടർനടപടി ചുവപ്പുനാടയിൽ കുരുങ്ങുകയായിരുന്നു. ധനവകുപ്പി‍െൻറ അംഗീകാരം ലഭിക്കാത്തതാണ് പദ്ധതിപ്രകാരം ആനുകൂല്യം നൽകാത്തതിന് കാരണമെന്ന് പറയപ്പെടുന്നു.

വ്യക്തി മരണപ്പെടുന്നത് രാജ്യത്തിനകത്തോ പുറത്തോ ആയാലും കുടുംബം കേരളത്തിൽ സ്ഥിരതാമസമാക്കിയിട്ടുണ്ടെങ്കിൽ ധനസഹായത്തിന് അർഹരാണെന്ന സർക്കാർ പ്രഖ്യാപനം ദാരിദ്ര്യരേഖക്ക് താഴെയുള്ള നിരവധി കുടുംബങ്ങൾക്ക് ആശ്വാസമായിരുന്നു. ബി.പി.എൽ മാനദണ്ഡത്തിന് മരിച്ച വ്യക്തിയുടെ വരുമാനം പരിഗണിക്കേണ്ടെന്നും തീരുമാനിച്ചിരുന്നു. കലക്ടറേറ്റിലെ ദുരന്ത നിവാരണ വിഭാഗത്തിനാണ് പദ്ധതിയുടെ ഏകോപന ചുമതല. എന്നാൽ, ധനസഹായ വിതരണം സംബന്ധിച്ച് എന്തെങ്കിലും പറയാൻ കഴിയാത്ത അവസ്ഥയിലാണ് ഇവിടുത്തെ ഉദ്യോഗസ്ഥർ.

Tags:    
News Summary - Covid financial assistance for BPL families; 490 applicants and 0 beneficiaries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.