തൊടുപുഴ: മലങ്കര തോട്ടത്തിലെ തൊഴിലിടത്തിൽവെച്ച് പാമ്പുകടിയേറ്റ തൊഴിലാളിക്ക് ചികത്സ നിഷേധിച്ചതായി പരാതി. സംഭവത്തിൽ തോട്ടം മാനേജർക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ട്രേഡ് യൂനിയൻ സെന്‍റർ ഓഫ് ഇന്ത്യ (ടി.യു.സി.ഐ) ജില്ല കമ്മിറ്റി കലക്ടർക്ക് പരാതിനൽകി.
മലങ്കര തോട്ടം തൊഴിലാളികളുടെ ജീവിതം തടങ്കൽപ്പാളയങ്ങൾക്ക് സമാനമാണെന്നും യൂനിയൻ നേതാക്കൾ ആരോപിച്ചു. കാലങ്ങളായി കളയെടുക്കാത്തതു മൂലം തോട്ടം വനമായി മാറിയെന്നും 400 മരം എന്ന അംഗീകൃത ടാപ്പിങ് ജോലിക്ക് പകരം 550 മരങ്ങൾ ടാപ്പ് ചെയ്താലേ മിനിമം കൂലി ലഭിക്കൂ എന്നതാണ് അവസ്ഥയെന്നും അവർ പറയുന്നു. തൊഴിലാളികൾക്ക് സൗകര്യപ്രദമായ താമസവും ആധുനിക ചികത്സയും ഉറപ്പാക്കണമെന്ന നിയമം മലങ്കരയിൽ നടപ്പാക്കിയിട്ടില്ല.
ചോർന്നൊലിച്ച് വീഴാറായ ഒറ്റമുറി ലയങ്ങളിലാണ് നാലും അഞ്ചും അംഗങ്ങളുള്ള കുടുംബങ്ങൾ കഴിയുന്നത്. ഇവിടുത്തെ ശൗചാലയങ്ങൾ വിഷപ്പാമ്പുകളുടെയും മറ്റ് ഇഴജന്തുക്കളും താവളമാണ്.
തോട്ടത്തിലെ ആശുപത്രി അടച്ചുപൂട്ടി തൊഴിലാളികൾക്ക് ചികത്സ പൂർണമായും നിഷേധിച്ചിട്ട് വർഷങ്ങളായി. അടുത്തിടെ തൊഴിലിടത്തിൽവെച്ച് കാലൊടിഞ്ഞ തൊഴിലാളിക്കും കൈക്ക് ശസ്ത്രക്രിയ ആവശ്യമായ തൊഴിലാളിക്കും ചികത്സ നിഷേധിച്ചതിനെതിരെ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല.
തൊഴിലാളി ദ്രോഹ സമീപനങ്ങൾക്കെതിരെ തൊഴിലാളികളെയും ബഹുജനങ്ങളെയും സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ടി.യു.സി.ഐ ജില്ല സെക്രട്ടറി കെ.എ. സദാശിവൻ അറിയിച്ചു.
പ്രതിഷേധ യോഗത്തിൽ ജില്ല പ്രസിഡന്‍റ് ബാബു മഞ്ഞള്ളൂർ അധ്യക്ഷതവഹിച്ചു. വി.സി. സണ്ണി, എം.പി. മനു, എൽസമ്മ മാത്യു, ജോർജ് തണ്ടേൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.