ര​തി ശി​വ​ൻ ചു​മ​ർ​ചി​ത്ര ര​ച​ന​ക്കി​ടെ

വർണങ്ങൾ ചാലിച്ച ജീവിതം; ഹൃദയം തൊടുന്ന ചിത്രങ്ങൾ

തൊടുപുഴ: ചിത്രകലയുടെ ബാലപാഠങ്ങൾ പോലും അഭ്യസിച്ചിട്ടില്ലെങ്കിലും രതി ശിവൻ എന്ന വീട്ടമ്മ ഇതുവരെ വരച്ചത് ആയിരത്തോളം ചിത്രങ്ങൾ. ഛായാചിത്രങ്ങൾ, ചുമർചിത്രങ്ങൾ, വീടുകളിൽ അലങ്കാര ചിത്രങ്ങൾ തുടങ്ങി ചിത്രങ്ങൾ വരച്ചുനൽകാൻ തുങ്ങിയിട്ട് 30 വർഷം പിന്നിട്ടു. ഏറെ ഇഷ്ടപ്പെട്ട ഒരു ജോലി ചെയ്യുന്നതും അതിൽനിന്ന് ജീവിതവരുമാനം ലഭിക്കുന്നുവെന്നതും ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്ന് ഇവർ പറയുന്നു.

ജില്ലക്കകത്തും പുറത്തുമായി അമ്പതോളം അംഗൻവാടികളുടെ ചുമരുകളിലായി വാത്തിക്കുടി കിഴക്കേവീട്ടിൽ രതി ശിവൻ എന്ന വീട്ടമ്മ ഇതിനോടകം മനോഹര ചിത്രങ്ങളുടെ ഒരുലോകം തന്നെ ഒരുക്കിക്കഴിഞ്ഞു. വാത്തിക്കുടിയിലെ ഒരു കൊച്ചു കടമുറിയിലിരുന്നാണ് ചിത്രങ്ങൾ വരക്കുന്നത്.

ചെറുപ്പം മുതൽ പടം വരക്കുന്നത് ഇഷ്ടമായിരുന്നു. താൽപര്യം ഉണ്ടെന്നല്ലാതെ ഒരിടത്തുംപോയി പഠിക്കാനുള്ള സാഹചര്യം അന്നൊന്നും ഉണ്ടായിരുന്നില്ല. കഴിവ് മനസ്സിലാക്കിയത് മുതിർന്ന ശേഷമാണ്. പിന്നീട് ഇതൊരു തൊഴിലായി സ്വീകരിച്ചാലോ എന്ന് ആലോചിച്ചു. ശ്രമിച്ചാൽ മാത്രമേ എന്തും നേടാൻ കഴിയൂ എന്ന ആത്മവിശ്വാസംകൊണ്ട് പെയിന്‍റും ബ്രഷും കൈയിലെടുത്തു. പിന്തിരിഞ്ഞ് നോക്കുമ്പോൾ ആ തീരുമാനം ശരിയായിരുന്നുവെന്ന് വിശ്വസിക്കുന്നതായി രതിശിവൻ പറയുന്നു.

എട്ടുവർഷം മുമ്പ് ഭർത്താവ് മരിച്ചു. രണ്ട് ആൺമക്കളാണ്. അവർക്കും കുടുംബമായി. പുതിയ കാലത്തും ചിത്രം വരച്ചു നൽകണമെന്ന ആവശ്യവുമായി വരുന്നവരുടെ എണ്ണം കുറഞ്ഞിട്ടില്ല. വിദേശത്തുനിന്ന് പോലും ചിത്രങ്ങൾക്ക് ആവശ്യക്കാർ ഉണ്ടെന്ന് ഇവർ പറഞ്ഞു. ചിത്രരചനക്ക് പുറമെ ശിൽപ നിർമാണത്തിലും വിദഗ്ധയാണ്. പുതിയ വീടുകളുടെ ചുമരുകളിലും മനോഹര ചിത്രങ്ങൾ നിരവധിതവണ വരച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് വണ്ണപ്പുറത്ത് ഒരു സ്റ്റുഡിയോയിൽ ജോലിചെയ്തിരുന്നു. അങ്ങനെ ഫോട്ടോഗ്രഫിയെക്കുറിച്ചൊക്കെ പഠിച്ചു. ഇപ്പോൾ ഏത് കാമറകളും കൈകാര്യം ചെയ്യാൻ അറിയാം. സ്മാർട്ട് അംഗൻവാടികൾ വന്നതോടെയാണ് ജില്ലക്കകത്തും പുറത്തുമായി ചുമരുകളിൽ ചിത്രം വരക്കാനും അവസരം ലഭിച്ചുതുടങ്ങി.

സ്ത്രീകളിൽ പലർക്കും പല കഴിവുകളുണ്ടെങ്കിലും പലരും വീട്ടിൽതന്നെ കഴിഞ്ഞുകൂടുകയാണ്. പ്രത്യേകിച്ച് നാട്ടിൻപുറത്തുള്ളവർ. അറിയാവുന്ന ജോലി ചെയ്യാൻ ഇവർ മുന്നോട്ടുവരണമെന്നാണ് രതിക്ക് പറയാനുള്ളത്. ഇങ്ങനെ ജോലി ചെയ്യുന്നത് ആത്മവിശ്വാസവും കുടുംബത്തിന് ആശ്വാസമാകുന്ന ചെറിയൊരു വരുമാനം നേടാനുള്ള വഴിയാണെന്നും ഇവർ പറയുന്നു.

Tags:    
News Summary - Art life of Rathi Sivan, a housewife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.