മീന്‍കറി കഴിച്ചവര്‍ക്ക് വയറുവേദന: നടപടിക്ക് മന്ത്രിയുടെ നിർദേശം

തൊടുപുഴ: നെടുങ്കണ്ടം തൂക്കുപാലത്ത് മീന്‍കറി കഴിച്ചവര്‍ക്ക് വയറുവേദനയും പച്ചമീന്‍ കഴിച്ച് പൂച്ചകള്‍ ചാകുന്നതായുമുള്ള വാര്‍ത്തയെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷ കമീഷണര്‍ക്ക് നിര്‍ദേശം നല്‍കി. നിര്‍ദേശത്തെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് പ്രദേശത്ത് പരിശോധന നടത്തി സാമ്പിള്‍ ശേഖരിക്കും. മീന്‍ കേടാകാതിരിക്കാന്‍ മായം ചേര്‍ത്തിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞദിവസമാണ് നെടുങ്കണ്ടം മേഖലയിൽ പച്ചമീൻ കഴിച്ച പൂച്ചകൾ ചാകുന്നയും നിരവധിപേർക്ക് അസ്വസ്ഥതയുണ്ടായതായും പരാതി ഉയർന്നത്.മീൻകറി കഴിച്ച പല കുട്ടികളും വയറുവേദനയെ തുടർന്ന് ചികിത്സ തേടിയിരുന്നു.

25 കിലോ പഴകിയ മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു: വ്യാപാരികളിൽനിന്ന് പിഴയീടാക്കി

നെടുങ്കണ്ടം: തൂക്കുപാലത്ത് മീൻ കഴിച്ചവർക്ക് അസ്വസ്ഥതകൾ ഉണ്ടായെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആരോഗ്യമന്ത്രിയുടെ നിർദേശം പ്രകാരം ഫിഷറീസ് വകുപ്പും ഭക്ഷ്യസുരക്ഷ വകുപ്പും മത്സ്യവ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. പരിശോധനയിൽ 25 കിലോ പഴകിയ മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. അയല 10 കിലോ, സിലോപ്പിയ അഞ്ച് കിലോ, മോദ, ചൂര, ഓലക്കുട 10 കിലോ എന്നിങ്ങനെയാണ് പിടിച്ചെടുത്തത്.

നെടുങ്കണ്ടം, മുണ്ടിയെരുമ, തൂക്കുപാലം, കൂട്ടാര്‍, കമ്പംമെട്ട്, പുറ്റടി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. തൂക്കുപാലത്ത് മീന്‍കറി കഴിച്ചവര്‍ക്ക് വയര്‍വേദനയും പച്ചമീന്‍ കഴിച്ച് പൂച്ചകള്‍ ചാകുകയും ചെയ്ത സംഭവം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഫിഷറീസ് എക്‌സ്റ്റന്‍ഷൻ ഓഫിസര്‍ ബി. നൗഷാദ്, ഭക്ഷ്യസുരക്ഷ ഓഫിസര്‍ ആന്‍മേരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പഴകിയ മത്സ്യം പിടിച്ചെടുത്ത വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കിയതോടൊപ്പം വ്യാപാരികളില്‍നിന്ന് പിഴ ഈടാക്കാനും തീരുമാനിച്ചു. മീന്‍ കേടാകാതിരിക്കാനായി ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതായി വ്യാപക പരാതി നിലവിലുണ്ട്.ശനിയാഴ്ച പരിശോധന നടത്തിയ സ്ഥാപനങ്ങളില്‍നിന്ന് സാമ്പിളെടുത്ത് പരിശോധനക്കയച്ചു. പരിശോധനയില്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Tags:    
News Summary - Abdominal pain in people who eat fish curry: Minister's suggestion for action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.