തൊടുപുഴ: ഏഴ് വർഷത്തിനിടെ ജില്ലയിൽ തരംമാറ്റിയത് 150 ഹെക്ടർ തണ്ണീർത്തടം. 2018 ലെ കേരള തണ്ണീർത്തട സംരക്ഷണ നിയമഭേദഗതി നടപ്പാക്കിയ ശേഷം നടന്ന തരം മാറ്റലാണിത്.
സർക്കാർ കണക്കനുസരിച്ച് സംസ്ഥാനത്ത് തന്നെ ഏറ്റവും കുറവ് തരം മാറ്റൽ നടന്ന ജില്ലകളിൽ രണ്ടാം സ്ഥാനവും ഇടുക്കിക്കാണ്. 85 ഹെക്ടറുമായി വയനാടിനാണ് ഈയിനത്തിൽ ഒന്നാം സ്ഥാനം. സർക്കാർരേഖകളിൽ നിലം എന്ന് രേഖപ്പെടുത്തിയ ഭൂമിയിൽ നിർമാണ പ്രവർത്തികൾക്ക് അനുമതി ലഭിക്കണമെങ്കിൽ പുരയിടമാക്കി തരംമാറ്റണം.തരംമാറ്റത്തിനായി സാങ്കേതിക നടപടികൾ ഏറെയുണ്ടെങ്കിലും ഇതിനായി അപേക്ഷകരും ഏറെയുണ്ട്.
ജില്ലയിൽ ഭൂമി തരം മാറ്റലിൽ മുന്നിൽ നിൽക്കുന്ന താലൂക്ക് തൊടുപുഴയാണ്.94.07 ഹെക്ടറാണ് കഴിഞ്ഞ ഏഴ് വർഷത്തിനിടെ താലൂക്കിൽ തരം മാറ്റിയത്.24.87 ഹെക്ടർ തരംമാറ്റിയ പീരുമേടിനാണ് രണ്ടാം സ്ഥാനം.24.26 ഹെക്ടറുമായി ഇടുക്കി തൊട്ട് പിന്നിലുണ്ട്.ഏഴ് വർഷത്തിനിടെ 2.95 ഹെക്ടർ മാത്രം തരംമാറ്റിയ ഉടുമ്പൻചോലയാണ് ഇക്കാര്യത്തിൽ ഏറ്റവും പിന്നിൽ. ദേവികുളം താലൂക്കിൽ 4.41 ഹെക്ടറും തരംമാറ്റിയിട്ടുണ്ട്.ഈയിനത്തിൽ ഫീസായി ലക്ഷങ്ങളും ജില്ലയിൽ നിന്ന് സർക്കാർ ഖജനാവിലെത്തിയിട്ടുണ്ട്.
റവന്യൂ രേഖകളിലെ അപാകത മൂലം പ്രതിസന്ധിയിലായ നിരവധി പേർക്കാണ് ഇത് വഴി ആശ്വാസമായത്. രേഖകളിൽ നിലം എന്ന് രേഖപ്പെടുത്തിയത് മൂലം വീടെന്ന സ്വപ്നം പ്രതിസന്ധിയിലായവർക്കും മറ്റ് നിർമാണ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിട്ടവർക്കും ഇത് വഴി പരിഹാരം ലഭിച്ചിട്ടുണ്ട്.
അപേക്ഷകളിൽ കാല താമസം വരുന്നുവെന്ന പരാതി ഉയർന്നതിനെ തുടർന്ന് ഇത്തരം അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് വകുപ്പ് സംസ്ഥാന തലത്തിൽ തന്നെ പ്രത്യേക കാമ്പയിനും നടത്തിയിരുന്നു.തരം മാറ്റാനായി അപേക്ഷിക്കുന്ന ഭൂമി 25 സെൻറിൽ താഴേയാണെങ്കിൽ സൗജന്യമായാണ് നടപടിക്രമങ്ങൾ.അതിന് മുകളിൽ ഒരേക്കർ വരെയുളള ഭൂമിക്ക് ന്യായ വിലയുടെ 20 ശതമാനം ഫീസടക്കണം.
അനധികൃത നിർമാണങ്ങളും പാരിസ്ഥിതിക വിരുദ്ധപ്രവർത്തനങ്ങളും ജില്ലയുടെ ജൈവ വൈവിധ്യങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന പരാതി നേരത്തെയുണ്ട്. ഇതോടൊപ്പമാണ് തരംമാറ്റത്തിനായി വിവിധ രൂപത്തിലുളള അനധികൃത ഇടപെടലുകളും നടക്കുന്നതായി പരാതിയുയരുന്നത്.
നേരത്തെ കട്ടപ്പനയിൽ നിന്നടക്കം ഇത്തരം ഏജൻസി പ്രവർത്തനങ്ങളെ കുറിച്ച് പരാതി ഉയരുകയും ജില്ല ഭരണകൂടം നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എങ്കിലും പിന്നണിയിൽ ഇത്തരം സംഘങ്ങളുടെ പ്രവർത്തനം സജീവമാണെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.