ഉന്നത വനപാലകന് നൽകിയ ഉപദേശം വിനയായി: തേക്കടിയിലെ ഡ്രൈവർക്ക് സസ്പെൻഷൻ
കുമളി: മദ്യലഹരിയിൽ മരം വെച്ചുപിടിപ്പിക്കുന്നതിന്റെ പ്രാധാന്യം ഉന്നത വനപാലകനെ ഓർമിപ്പിക്കാൻ ശ്രമിച്ച വനം വകുപ്പിലെ ഡ്രൈവർക്ക് സസ്പെൻഷൻ. പെരിയാർ കടുവ സങ്കേതം, തേക്കടി റേഞ്ചിലെ സീനിയർ ഗ്രേഡ് ഫോറസ്റ്റ് ഡ്രൈവറായ ബേബി ജോസഫിനെയാണ് ഇന്നലെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ തിരുവനന്തപുരത്തുള്ള വീട്ടിലേക്ക് വിളിച്ചു വരുത്തി പൊരിവെയിലിൽ നിർത്തിയെന്നതാണ് പ്രകോപനത്തിനിടയാക്കിയ സംഭവം. തേക്കടി റേഞ്ചിലെ ജീവനക്കാരുടെ വാട്സ്ആപ് ഗ്രൂപ്പിൽ അസഭ്യവർഷത്തിന്റെ അകമ്പടിയോടെയായിരുന്നു മരം ഒരു വരം എന്ന കാര്യം ഡ്രൈവർ ഓർമിപ്പിച്ചത്.
സംഭവം വിവാദമായതോടെ ഡ്രൈവറെ സസ്പെൻഡ് ചെയ്യാൻ പെരിയാർ കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ ഫീൽഡ് ഡയറക്ടർക്ക് ശിപാർശ നൽകി. ഉന്നത വനപാലകനെതിരെ അസഭ്യം നിറഞ്ഞ സന്ദേശം വന്ന കാര്യം ‘മാധ്യമം’ വാർത്തയായതോടെ അടിയന്തരമായി നടപടിയെടുക്കാൻ ജീവനക്കാരുടെ ചുമതലയുള്ള മൂന്നാർ ഡി.എഫ്.ഒക്ക് നിർദേശം ലഭിക്കുകയായിരുന്നു. ഇതേതുടർന്നാണ് മൂന്നാർ ഡി.എഫ്.ഒ അഭയ് ദേവ് ജീവനക്കാരനെ സസ്പെൻഡ് ചെയ്തത്.
ഇതിനിടെ, തേക്കടിയിലുള്ള വാഹനവും ജീവനക്കാരനെയും കോട്ടയത്തുള്ള വനപാലകൻ തിരുവനന്തപുരത്തേക്ക് സ്വന്തം ആവശ്യത്തിന് വിളിച്ചുവരുത്തിയത് സംബന്ധിച്ച ആക്ഷേപവും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.