ലോകത്തിന്റെ പലഭാഗങ്ങളിൽനിന്ന് സഞ്ചാരികൾ തേടിയെത്തുമ്പോൾ അവർക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃതരുടെ വീഴ്ച തേക്കടിയുടെ ശാപമാകുന്നു. കിലോമീറ്ററുകൾ താണ്ടി തേക്കടി കാണാനെത്തുന്ന വിദേശ - സ്വദേശ സഞ്ചാരികൾ വിവിധ ചൂഷണങ്ങൾക്ക് ഇരയാകുന്നതായി അധികൃതർക്ക് വ്യക്തമായ വിവരമുണ്ടെങ്കിലും ഒന്നിലും നടപടിയില്ല.
സഞ്ചാരികളുടെ തിരക്കേറുന്ന ഘട്ടത്തിൽ പതിവായ ‘ബോട്ട് ടിക്കറ്റ് കരിഞ്ചന്ത’ കഴിഞ്ഞ ഡിസംബറിലും തുടർന്നു. വനംവകുപ്പിന്റെയും കെ.ടി.ഡി.സിയുടെയും ബോട്ടുകളുടെ ടിക്കറ്റാണ് വൻതുകക്ക് കരിഞ്ചന്തയിൽ വിൽക്കുന്നത്. 255 രൂപയുടെ ടിക്കറ്റ് 600-1500 രൂപ വരെ നിരക്കിലാണ് ക്രിസ്മസ് -പുതുവർഷ ആഘോഷങ്ങൾക്കെത്തിയവർക്ക് കരിഞ്ചന്തക്കാർ വിറ്റത്. പൊലീസ് കാഴ്ചക്കാരാവുമ്പോൾ സഞ്ചാരികളുടെ ദുരിതം ഇരട്ടിയാകുന്നു.
കെ.ടി.ഡി.സിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് കരിഞ്ചന്ത വിൽപനയെന്ന് ആരോപണമുണ്ട്. ടിക്കറ്റ് കൗണ്ടറിലെ വനപാലകർക്കും വിഹിതം ലഭിക്കുന്നതിനാൽ നടപടി ഇല്ല. കരിഞ്ചന്തക്കാർ ദിവസവും 10ൽഅധികം തവണ വനംചെക്ക് പോസ്റ്റ് കടന്നെത്തിയാണ് ടിക്കറ്റുമായി പോകുന്നത്.തേക്കടിയിലെത്തുന്ന സഞ്ചാരികൾക്കായി വർഷങ്ങൾക്ക് മുമ്പ് ആധുനിക രീതിയിൽ നിർമാണം തുടങ്ങിയ ലഘുഭക്ഷണശാല കഴിഞ്ഞ ഡിസംബറിൽ തുറക്കുമെന്ന വനം മന്ത്രിയുടെ പ്രഖ്യാപനവും പാഴ്വാക്കായി. ബോട്ട്ലാൻഡിങ്ങിലെത്തുന്നവർക്ക് ടിക്കറ്റ് കൗണ്ടർ, ശൗചാലയം, നിലവിലുള്ള ലഘുഭക്ഷണശാല എന്നിവയൊന്നും തിരിച്ചറിയാൻ ബോർഡുകളില്ല.
തടാകത്തിൽ ശുദ്ധജലം ഉണ്ടായിട്ടും സഞ്ചാരികൾ കുടിവെള്ളം വിലയ്ക്ക് വാങ്ങണം. തകരാറിലായ ബോട്ടുകൾ വർഷങ്ങൾ പിന്നിട്ടാലും അറ്റകുറ്റപ്പണി നടത്താത്ത അവസ്ഥയാണ്. തേക്കടി ആനവാച്ചാലിലെ വാഹന പാർക്കിങ് ഗ്രൗണ്ടിൽ സഞ്ചാരികൾക്കായി ആധുനിക രീതിയിൽ ശൗചാലയം നിർമിക്കാൻ ഫണ്ട് നൽകുന്നതിന് ടൂറിസം വകുപ്പ് തയാറായിട്ടും വനം വകുപ്പ് പുറംതിരിഞ്ഞ് നിൽക്കുകയാണ്.അനധികൃത ഗൈഡുകളും ട്രിപ്പ് ജീപ്പുകളുടെ അമിതനിരക്കും ഏകോപനമില്ലായ്മയും സഞ്ചാരികൾക്ക് ദുരിതമാണ് സൃഷ്ടിക്കുന്നത്. വകുപ്പുകൾ കെടുകാര്യസ്ഥത തുടരുമ്പോൾ ജനപ്രതിനിധികളും കാഴ്ചക്കാരാവുകയാണ്.
പീരുമേട് ഗ്രാമപഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ സഞ്ചാരികൾക്ക് സുരക്ഷ സംവിധാനങ്ങൾ പരിമിതം. 3000 അടി താഴ്ചയുള്ള കൊക്കയും പാറക്കെട്ടും പാറ നിറഞ്ഞ മലനിരകളുമാണുള്ളത്. കൊക്കയുടെ വന്യമായ സൗന്ദര്യം ആസ്വദിക്കുന്നതിനാണ് വിദേശികളടക്കം സഞ്ചാരികൾ എത്തുന്നത്. ദിവസവും നിരവധി സഞ്ചാരികൾ എത്തുമ്പോഴും ഇവർക്ക് വേണ്ട സുരക്ഷാ സംവിധാനങ്ങൾ ഇല്ല എന്നതാണ് പ്രധാന പ്രശ്നം.
ടൂറിസം പൊലീസ്, സെക്യൂരിറ്റി ഗാർഡുകൾ എന്നിവരുടെ സേവനം ഏർപ്പെടുത്തണമെന്ന ആവശ്യം ഇനിയും നടപ്പായിട്ടില്ല. വ്യത്യസ്ത സംഭവങ്ങളിൽ കൊക്കയിൽ കാൽവഴുതിവീണ് ഒരാൾ മരിക്കുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കൊക്കയിൽ വീഴുന്നവരെ പീരുമേട്ടിൽനിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് പുറത്തെത്തിക്കുന്നത്.
പൊലീസിന്റെ സാന്നിധ്യം ഇല്ലാത്തതിനാൽ സാമൂഹികവിരുദ്ധ ശല്യവും രൂക്ഷമാണ്. മദ്യപൻമാരുടെ ശല്യം കുടുംബമായി എത്തുന്നവർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. അപകടകരമായ പാറക്കെട്ടുകളിൽ കയറുന്നവരെ നിയന്ത്രിക്കാനും ആളില്ല. പൊലീസ് എയ്ഡ് പോസ്റ്റിന് വേണ്ടി കെട്ടിടനിർമാണം ആരംഭിച്ചെങ്കിലും വർഷങ്ങൾ പിന്നിട്ടിട്ടും പൂർത്തീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.