മൂലമറ്റം ബിവറേജസ് ഷോപ്പിൽ കവർച്ച നടത്തിയയാളുടെ സി.സി.ടി.വി ദൃശ്യം
മൂലമറ്റം: മൂലമറ്റം ടൗണിൽ ബിവറേജ് ഷോപ്പും രണ്ട് തുണി കടകളും ഒരു സ്റ്റേഷനി കടയും കുത്തിത്തുറന്നു മോഷണം. 20,000 രൂപയും സിഗററ്റ് ഉൾപ്പെടെ സാധനങ്ങളും മോഷണം പോയി.ബിവറേജിൽ നിന്ന് പത്ത് കുപ്പി വില കൂടിയ മദ്യവും കവർന്നു. ഒരു തുണിക്കട കുത്തിത്തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 24 മണിക്കൂറും പൊലീസ് കാവലുള്ള ജില്ല ട്രഷറിക്ക് സമീപമാണ് ബിവറേജസ് ഷോപ്പ്. ഇവിടെ മോഷണം നടന്നത് പൊലീസിന് നാണക്കേട് ആയിട്ടുണ്ട്.
കടകളുടെ മുന്നിലെ പൂട്ട് പൊളിച്ചാണ് മോഷണം നടത്തിയത്. നിരീക്ഷണകാമറയിൽ പ്രതിയുടെ ചിത്രം പതിഞ്ഞെങ്കിലും മുഖമൂടിയും കൈയുറയും ഉപയോഗിച്ചതിനാൽ സൂചന ലഭിച്ചില്ല. വ്യാഴാഴ്ച പുലർച്ചയാണ് മോഷണം നടന്നത്.രാവിലെ കടതുറക്കാനെത്തിയ വ്യാപാരികളാണ് പൂട്ട് പൊളിച്ചത് അറിയുന്നത്.
കാഞ്ഞാർ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് എസ്.ഐ സിബി തങ്കപ്പനും സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തി. ഇടുക്കിയിൽ നിന്നു പൊലീസ് നായും വിരളടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും വിരലടയാളം ലഭിച്ചില്ല. പൊലീസ് നായ് മോഷണം നടത്തിയ കടയിൽ കയറിയ ശേഷം പ്രൈവറ്റ് ബസ് സ്റ്റാന്റിലൂടെ അര കിലോമീറ്റർ മുകളിലേക്ക് പോയി അങ്കണവാടിക്കു സമീപം എത്തി മടങ്ങി.
സാഫല്യം ടെക്സ്റ്റയിൽസ്, ഇടവക്കണ്ടം ടെക്സ്റ്റയിൽസ്, പൂവത്തുംമൂട്ടിൽ മണിയുടെ സ്റ്റേഷനറി കട, ബിവറേജ് കോർപറേഷന്റെ മദ്യവിൽപന ശാല എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ശ്രീലക്ഷ്മി ടെക്സ്റ്റൈൽസിലെ പൂട്ടുപൊളിക്കാൻ ശ്രമിച്ചെങ്കിലു വിഫലമായി. അന്വേഷണം ഊർജിതപ്പെടുത്തിയതായി കാഞ്ഞാർ പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.