കടുവയെ പിടികൂടാൻ വനപാലകർ കൂട് സ്ഥാപിക്കുന്നു

മറയൂരിന് ഭീഷണിയായ കടുവ വീണ്ടും കാടിറങ്ങുന്നു; പിടികൂടാൻ കൂടൊരുക്കി വനപാലകർ

കുമളി: മൂന്നാർ, മറയൂർ, പാമ്പൻ മലയിൽ നാട്ടുകാർക്ക് ഭീഷണിയായതിനെ തുടർന്ന് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ട കടുവ കാടിറങ്ങി ജനവാസ മേഖലയിലേക്ക് എത്തുന്നത് വലിയ ഭീഷണിയായി. ഈ മാസം രണ്ടിനാണ് മറയൂരിൽനിന്ന് പിടികൂടിയ അഞ്ചു വയസ്സ് തോന്നിക്കുന്ന ആൺകടുവയെ പെരിയാർ കടുവ സങ്കേതത്തിലെ വള്ളക്കടവ്, പാണ്ടിയൻ തോട് ഭാഗത്ത് തുറന്നുവിട്ടത്.

മറയൂർ മേഖലയിൽ നാട്ടുകാരുടെ 18ലധികം വളർത്തുമൃഗങ്ങളെ കടുവ കൊന്നതോടെ പ്രതിഷേധം ശക്തമായിരുന്നു. ഇതേതുടർന്നാണ് കടുവയെ പിടികൂടി തേക്കടിയിലെത്തിച്ചത്.

ഏതാനും ദിവസമായി കടുവ വളർത്തുമൃഗങ്ങളെ പിടികൂടാൻ ജനവാസ മേഖലക്കു സമീപം ചുറ്റിത്തിരിയുന്നതായി കണ്ടെത്തിയിരുന്നു. ഇതോടെ കടുവയെ നിരീക്ഷിക്കാൻ വനംവകുപ്പ് നാല് സംഘങ്ങളെ നിയോഗിച്ചു. ഞായറാഴ്ച, കടുവ, തേക്കടി റേഞ്ചിലെ പാണ്ടിയൻ തോടിന് സമീപം ജനവാസ മേഖലയായ പാമ്പുപാട് കോളനിക്ക് സമീപം എത്തിയതായി കണ്ടെത്തി. കടുവയുടെ കഴുത്തിലെ റേഡിയോ കോളറിലുള്ള സിഗ്നൽ പ്രകാരമാണ് കടുവയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നത്.

കടുവ കോളനിക്ക് സമീപം എത്തിയതോടെ ഈ ഭാഗത്തെ ആളുകൾക്ക് വനപാലകർ ജാഗ്രത നിർദേശം നൽകി. നാട്ടിലേക്ക് ഇറങ്ങുന്ന കടുവയെ പിടികൂടാൻ മൂന്ന് സ്ഥലത്തായി കൂടുകൾ സ്ഥാപിച്ച് കെണിയൊരുക്കി വനപാലകർ ശ്രമം തുടരുകയാണ്. പിടികൂടുന്ന കടുവയെ പെരിയാർ വനമേഖലയിൽ തന്നെ വീണ്ടും തുറന്നുവിടണമോയെന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നാണ് വിവരം.

Tags:    
News Summary - The tiger that threatened Marayoor is returning to the forest; forest guards have prepared a trap to catch it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.