തൊടുപുഴ: കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ക്ലാസുകൾ സംപ്രേഷണം ചെയ്യാത്തത് തമിഴ് മീഡിയം വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിലാക്കുന്നു. ജില്ലയിൽ 51 തമിഴ് മീഡിയം സ്കൂളുകളിലായി കട്ടപ്പന, മൂന്നാർ, നെടുങ്കണ്ടം, പീരുമേട്, വണ്ടപ്പെരിയാർ എന്നിവിടങ്ങളിൽ 4000 കുട്ടികൾ പഠിക്കുന്നുണ്ട്. പാലക്കാട്, ഇടുക്കി കൈറ്റുകളുടെ സഹായത്തോടെ യുട്യൂബ് ചാനൽ വഴിയും ലോക്കൽ ചാനലുകൾ വഴിയും ക്ലാസുകൾ നൽകുന്നുണ്ടെങ്കിലും തോട്ടം മേഖലയിലടക്കം വിദ്യാർഥികൾക്ക് ക്ലാസുകളിൽ പങ്കെടുക്കുന്നതിന് തടസ്സം ഉണ്ടാകുന്നുണ്ട്.
കഴിഞ്ഞവർഷം പ്രാദേശിക ചാനലുകളുടെ സഹായത്തോടെയാണ് കുട്ടികൾക്ക് ക്ലാസുകൾ നൽകിവന്നിരുന്നത്. എന്നാൽ, ഇത്തവണ ചിലർ ക്ലാസുകൾ നൽകുന്നതിനുള്ള ബുദ്ധിമുട്ട് അറിയിച്ചതായി അധികൃതർ പറഞ്ഞു. പീരുമേട്, കട്ടപ്പന എന്നിവിടങ്ങളിലാണ് കുട്ടികൾ കൂടുതൽ പ്രതിസന്ധി നേരിടുന്നത്.
തോട്ടം മേഖലയിലെ കുട്ടികളാണ് പ്രധാനമായും തമിഴ് മീഡിയത്തിലെത്തുന്നത്. പല സ്കൂളുകളും യൂട്യൂബ് ചാനലിലൂടെയും ഗൂഗിൾ പ്ലാറ്റ് ഫോമിലൂടെയും ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും തോട്ടം മേഖലയായതിനാൽ തന്നെ കുട്ടികൾക്ക് ഈ ക്ലാസുകളിൽ നെറ്റ്വർക്ക് പ്രശ്നം മൂലം കയറാൻ കഴിയാത്ത സാഹചര്യവുമുണ്ട്. ഉയർന്ന പ്രദേശമായതിനാൽ പല ഇടങ്ങളിലും കേബിൾ കണക്ഷൻ ലഭിക്കാറില്ല. ഇവിടങ്ങളിൽ ഡി.ടി.എച്ചാണുള്ളത്. ടെലിവിഷൻ ഇവിടങ്ങളിൽ പലയിടത്തും ഉണ്ടെങ്കിലും ക്ലാസുകൾ ലഭിക്കാത്തതിനാൽ ബുദ്ധിമുട്ടുണ്ടാകുന്നു.
ഏഴോളം ജില്ലകളിലായി 237 തമിഴ് മീഡിയം സ്കൂളുകളാണ് ഉള്ളത്. ഇവിടങ്ങളിൽ പത്താംക്ലാസ് വരെ 20,000 കുട്ടികൾ പഠിക്കുന്നുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ ഇടുക്കി ജില്ലയിലാണ്.
വിക്ടേഴ്സ് ചാനൽ വഴി ക്ലാസുകൾ ഉണ്ടെങ്കിൽ ഭൂരിഭാഗം പേർക്കും ക്ലാസുകളിൽ പങ്കെടുക്കാനും കഴിയും. ഇതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് അധ്യാപകരും വിദ്യാർഥികളും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.