അടൂർമലയിലുണ്ടായ തീപിടിത്തം
കുടയത്തൂർ: അടൂർമലയിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെ 11.30നാണ് തീപിടിത്തമുണ്ടായത്. ഏക്കർകണക്കിന് കൃഷിയും പറമ്പുമടക്കം കത്തിനശിച്ചു. അടൂർമല ക്ഷേത്രത്തിന്റെ താഴെ ഭാഗത്തുനിന്നാണ് ആദ്യം തീപടർന്നത്. പിന്നീട് ഇത് അടൂർമലയിലെ പുരയിടങ്ങളിലേക്ക് ആളിപ്പടർന്നു. കനത്ത വെയിലും കാറ്റുമുണ്ടായിരുന്നത് തീ വളരെ വേഗം പടരാൻ കാരണമായി. വഴിപ്പുരക്കൽ രാമകൃഷ്ണൻ, വഴിപ്പുരക്കൽ, കൃഷ്ണകുമാർ, അഭിലാഷ് കുന്നേൽ തോട്ടത്തിൽ എന്നിവരുടെ അഞ്ചേക്കറോളം കൃഷിയിടമടക്കം കത്തിയമർന്നു.
രാമകൃഷ്ണന്റെ പുരയിടത്തിലെ റബർ വെട്ടിമാറ്റി റീപ്ലാന്റിങ്ങിന് ഇട്ടിരിക്കുകയായിരുന്നതിനാൽ വലിയ നാശനഷ്ടം ഒഴിവായി. ചെറുകൃഷികൾ എല്ലാം കത്തിനശിച്ചു. കൃഷ്ണകുമാറിന്റെ പുരയിടത്തിലെ കൊക്കോ, കാപ്പി, വാഴ തുടങ്ങിയവ കത്തിയമർന്നു. തീപിടിത്തം അറിഞ്ഞ ഉടൻ നാട്ടുകാർ രംഗത്തെത്തി അണക്കാൻ ശ്രമിച്ചു. സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളും തീയണക്കാൻ മുന്നിലുണ്ടായിരുന്നു. മൂലമറ്റത്തുനിന്ന് രണ്ട് യൂനിറ്റ് അഗനിരക്ഷാ സേന സംഭവസ്ഥലത്ത് പോയി. എന്നാൽ, വലിയ വാഹനത്തിന് അടൂർമലയിലേക്ക് എത്താൻ സാധിച്ചില്ല. അഗ്നിരക്ഷാസേനയുടെ ചെറുവാഹനം തീപിടിത്തം ഉണ്ടായ സ്ഥലത്തേക്ക് എത്താൻ കഴിഞ്ഞതിനാൽ കൂടുതൽ ഭാഗത്തേക്ക് തീപടരാതെ നിയന്ത്രിക്കാനായി.
അടൂർമല ശ്രീദേവി ക്ഷേത്രത്തിന്റെ അടുത്തുവരെ തീ എത്തിയിരുന്നു. ക്ഷേത്ര മൈതാനത്ത് ഉണ്ടായിരുന്ന അഗ്നിരക്ഷാസേന തീയണച്ചു. വേനൽ കനത്തതോടെ മലയോര മേഖല തീപിടിത്ത ഭീഷണിയിലാണ്. അഗ്നിരക്ഷാസേന അംഗങ്ങൾ ഏറെ പണിപ്പെട്ടാണ് അടൂർ മലയിൽ തീയണച്ചത്. പ്രദേശത്ത് കാറ്റ് വീശുന്നതിനാൽ ഇനിയും തീപിടിത്ത സാധ്യതയുണ്ട്. മൂലമറ്റം അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ ടി.പി. കരുണാകരൻപിള്ളയുടെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേന അംഗങ്ങളായ ബിജു സുരേഷ് ജോർജ്, പ്രവീൺ, പ്രദീപ്, സൂരജ്, ബിജി പോൾ, കെ.ടി. സിനു, ജയിംസ് പുന്നൻ എന്നിവർ ചേർന്നാണ് തീയണച്ചത്.
മറയൂർ: വേനൽ കടുത്തതോടെ മലനിരകളിൽ കാട്ടുതീ പടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഒട്ടേറെ സ്ഥലങ്ങളിൽ കാട്ടുതീ പടർന്നു. തിങ്കളാഴ്ച ചന്ദ്രമണ്ഡലം മലനിരകളിലും തീർഥമല വനത്തിലുമായി പടർന്ന കാട്ടുതീയിൽ മരങ്ങളും സസ്യങ്ങളും കത്തിനശിച്ചു. കാട്ടുതീയിൽപെട്ട് വന്യജീവികളും ചത്തതായി സംശയമുണ്ട്. വേനൽചൂടിൽ ഒരു മാസത്തിനിടെ പത്തിലധികം തവണയാണ് മലനിരകളിൽ കാട്ടുതീ ഉണ്ടായത്.
മുട്ടം: മുട്ടം ജില്ല കോടതിക്ക് സമീപം തീപിടിത്തം. ജില്ല കോടതിയോട് ചേർന്നുള്ള ഹോമിയോ ആശുപത്രിയുടെ സ്ഥലത്താണ് തീപിടിച്ചത്. തിങ്കളാഴ്ച വൈകീട്ട് 4.30ഓടെയാണ് സംഭവം. ചപ്പുചവറുകളിൽനിന്ന് ഉയർന്ന തീ കോടതിയുടെ ശുചിമുറിയിലേക്കും വ്യപിച്ചു. ശുചിമുറിയുടെ ഫൈബർ വാതിൽ തീ പൊള്ളലേറ്റ് വളഞ്ഞു. സംഭവസമയം പ്രദേശത്ത് ആരും ഇല്ലാത്തതിനാൽ വൻഅപകടം ഒഴിവായി. കോടതി ജീവനക്കാർ തീയണക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണ വിധേയമായില്ല. തുടർന്ന് തൊടുപുഴയിൽനിന്ന് ഒരു യൂനിറ്റ് അഗ്നിരക്ഷാസേനയെത്തി തീയണക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.