പുല്ലുപാറയിൽ വനംവകുപ്പിെൻറ ചെക്ക്പോസ്റ്റിന് സമീപത്തെ കലുങ്ക് സ്വകാര്യവ്യക്തി അടച്ചതിനെ തുടർന്ന് മലവെള്ളപ്പാച്ചിലിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് കുടുംബത്തിലെ നാലുപേരാണ് മരിച്ചത്
പെരുവന്താനം, കൊക്കയാർ ഗ്രാമപഞ്ചായത്തുകളിലെ പല മേഖലകളുടെയും പേടിസ്വപ്നമാണ് കാലവർഷം. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഇൗ പ്രദേശങ്ങളിലെ കുടുംബങ്ങളുടെ തീരാ ആശങ്കയായി തുടരുന്നു.
കനത്ത മഴക്കൊടുവിൽ ഇത്തവണ കൊക്കയാറ്റിലും സമീപ പഞ്ചായത്തായ കൂട്ടിക്കലിലും ഉരുൾപൊട്ടി വൻ ദുരന്തമാണ് ഉണ്ടായത്. ജീവഹാനിക്കൊപ്പം പ്രദേശവാസികൾക്ക് വീടും കൃഷിയും ജീവിതത്തിെൻറ സമ്പാദ്യം അപ്പാടെയും നഷ്ടമായി.
ദേശീയപാത 183ൽ മുറിഞ്ഞപുഴ മുതൽ കൊടികുത്തിവരെ ആറ് കിലോമീറ്റർ ദൂരത്തിൽ 13സ്ഥലങ്ങളിൽ മണ്ണിടിഞ്ഞു. പുല്ലുപാറയിൽ ഉരുൾപൊട്ടി. രണ്ടുദിവസം പൂർണമായും നാലുദിവസം ഭാഗികമായും ഗതാഗതം തടസ്സപ്പെട്ടു. ഉയർന്ന മലനിരകളും പാറയും നിറഞ്ഞ ഭൂപ്രദേശങ്ങളാണ് രണ്ട് പഞ്ചായത്തുകളിലെയും ഭൂരിഭാഗം വാർഡുകളും. ദേശീയപാതയുടെ അടിവാരത്തിലെ ഗ്രാമങ്ങളായ അഴങ്ങാടിനും ആനചാരിക്കും ഭീഷണിയാകുന്നത് ദേശീയപാതയിലെ വെള്ളപ്പാച്ചിലാണ്. റോഡ് വക്കിലെ ഓടകളും കലുങ്കുകളും അടഞ്ഞതിനാൽ മഴവെള്ളം കൃഷിഭൂമിയിലൂടെ ഒഴുകി മണ്ണിടിച്ചിൽ ഉണ്ടാകുന്നു. പുല്ലുപാറയിൽ വനംവകുപ്പിെൻറ ചെക്ക് പോസ്റ്റിന് സമീപത്തെ കലുങ്ക് സ്വകാര്യ വ്യക്തി അടച്ചതിനെ തുടർന്ന് മലവെള്ളപ്പാച്ചിലിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ നാലുപേരാണ് മരിച്ചത്.
2018ലെ വെള്ളപ്പാച്ചിലിൽ അമലഗിരിക്ക് സമീപം റോഡിന് അടിവാരത്ത് താമസിക്കുന്നവരുടെ വീടുകളിലും വെള്ളംകയറി. കണയങ്കവയൽ, ആനചാരി, അഴങ്ങാട്, നെടിയോരം മേഖലകളിലും മണ്ണിടിച്ചിൽ പതിവാണ്. കഴിഞ്ഞാഴ്ച പെയ്ത കനത്തമഴയിൽ ഉരുൾപൊട്ടി പെരുവന്താനം-അഴങ്ങാട് റോഡിൽ വൻ കല്ലുകൾവീണ് അഞ്ചുദിവസം ഗതാഗതം തടസ്സപ്പെട്ടതിനാൽ ഗ്രാമം ഒറ്റപ്പെട്ടിരുന്നു.
മണ്ണിടിച്ചിലിൽ റോഡിൽ വീഴുന്ന മണ്ണും പാറയും റോഡ് വക്കിൽ നിക്ഷേപിക്കുകയാണ്. കനത്ത മഴയിൽ ഇത് കൃഷിഭൂമിയിലെത്തി വീണ്ടും നാശം സൃഷ്ടിക്കുന്നു. രണ്ടു പഞ്ചായത്തുകളുടെ പരിധിയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും പതിവാകുമ്പോഴും ശാസ്ത്രീയ പഠനങ്ങൾ നടത്താൻ അധികൃതർ തയാറാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
നടുക്കംമാറാതെ അന്തോനിയാർ കോളനി
16 വർഷം മുമ്പ് അഞ്ച് ജീവനെടുത്ത മൂന്നാർ അന്തോനിയാർ കോളനി ദുരന്ത ഓർമയുടെ നടുക്കത്തിലാണ് ഇവിടുള്ളവർ. നാല് ദിവസം തുടർച്ചയായി പെയ്ത മഴ അവസാനിച്ചത് 2005ലെ ജൂലൈ ഏഴിന് ഉരുൾപൊട്ടലോടെയാണ്.
വൈകീട്ട് ആറരയോടെ ഉണ്ടായ ദുരന്തത്തിൽ അന്തോനിയാർ കോളനിയിലെ ആറുമുറി ലയം അപ്പാടെ മണ്ണിൽ മൂടി. ഒരു മുറിയിലുണ്ടായിരുന്ന അന്തോണി (35), മകൾ സൂര്യ (ആറ്), അമ്മ ശിരോമണി (55) എന്നിവരും അടുത്ത വീട്ടിലെ ശോഭയുമാണ് (26) മരിച്ചത്. നല്ലതണ്ണി റോഡിന് മുകൾഭാഗത്തെ മലയിടിഞ്ഞ് കല്ലും ചളിയും വീടുകളിേലക്ക് ഒഴുകി. മൂന്നുദിവസത്തിനുശേഷമാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. മണ്ണിനടിയിലായ വീടുകൾ ഇപ്പോഴും അങ്ങനെതന്നെ. ദുരന്തത്തെ തുടർന്ന് മൂന്നാറിലെ മണ്ണിടിച്ചിൽ സാധ്യത മേഖലയായാണ് ഈ ഭാഗം പരിഗണിക്കുന്നത്. ഓരോതവണ മഴകനക്കുമ്പോഴും കോളനിവാസികളുടെ ഉള്ളിൽ ഭീതി നിറയുകയാണ്. 2018ലും 2019ലും പെട്ടിമുടി ദുരന്തമുണ്ടായ 2020ലും 15 വീടുകളിലുള്ളവർ ഉറക്കമൊഴിഞ്ഞാണ് ദിവസങ്ങൾ തള്ളിനീക്കിയത്.
തേട്ടക്കണ്ണി, പൊന്നെടുത്താൻ ഗ്രാമങ്ങളുടെ കഥ
ഇടുക്കി-എറണാകുളം ജില്ലകളുടെ അതിർത്തിയായ തട്ടേക്കണ്ണി നിവാസികൾ കാലവർഷം ആരംഭിച്ചപ്പോൾ മുതൽ ഭീതിയുടെ നിഴലിലാണ്. ഒരുവശത്ത് തലക്ക് മുകളിൽ ഉരുൾപൊട്ടൽ ഭീഷണിയുമായി മലകൾ. മറുവശത്ത് ലോവർപെരിയാർ ഡാം. ഇടുക്കി ഡാം തുറന്നതോടെ വെള്ളം ആദ്യമെത്തുന്നത് ഈ ഡാമിലാണ്. 2018ലെ പ്രളയത്തിൽ വലിയ നഷ്ടമാണ് ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ ഒന്നാംവാർഡായ ഇവിടെയുണ്ടായത്. തോരാമഴ തട്ടേക്കണ്ണിയുടെ തലവിധി തന്നെ മാറ്റി. നിരവധി കുടുംബങ്ങൾ വഴിയാധാരമായി. മുപ്പതോളം വീടുകൾ തകർന്നു ഒരുവീട് ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. നീണ്ട പാറ മുതൽ തട്ടേക്കണ്ണി ഉൾപ്പെടെ പനംകുട്ടി വരെ 12സ്ഥലങ്ങളിൽ മലയിടിഞ്ഞ് ഒരാഴ്ച ഗതാഗതം തടസ്സപ്പെട്ടു. ഏക്കറുകണക്കിന് സ്ഥലത്തെ കൃഷി നശിച്ചു.
2018ലെ പ്രളയത്തിൽ വൈദ്യുതിയും ഫോൺ ബന്ധവുമെല്ലാം തകർന്നുപോയി അരനൂറ്റാണ്ടായി സമ്പാദിച്ച അധ്വാനഫലങ്ങൾ കനത്ത മഴയിൽ ഒലിച്ചുപോയി. ഇത്തവണയും മഴ ശക്തിപ്പെട്ടതോടെ ഭീതിയോടെ ദിവസങ്ങൾ തള്ളിനീക്കുകയാണ് തട്ടേക്കണ്ണി നിവാസികൾ.
കഞ്ഞിക്കുഴി പഞ്ചായത്തിലെ 18ാം വാർഡായ പൊന്നെടുത്താൻ ഗ്രാമത്തിെൻറ ആധി ഇടിമിന്നലാണ്. തുലാവർഷത്തോടൊപ്പം വന്നെത്തുന്ന മിന്നലിൽ നാശനഷ്ടം വർധിക്കുമ്പോഴും അധികൃതർ കണ്ടിെല്ലന്ന് നടിക്കുന്നു. 2005മുതലാണ് ഇവിടെ ശക്തിയായ ഇടിമിന്നൽ അനുഭവപ്പെട്ട് തുടങ്ങിയത്. സമുദ്രനിരപ്പിൽനിന്ന് ഏറ്റവും ഉയരംകൂടിയ പ്രദേശമാണിവിടം.
2009ൽ ഈ വാർഡിൽപ്പെട്ട പട്ടയക്കുടിയിൽ അമ്മയും മകളും മിന്നലേറ്റുമരിച്ചതാണ് ആദ്യദുരന്തം. തൊട്ടടുത്തവർഷം വീട്ടമ്മക്ക് മിന്നലിൽ ഗുരുതര പരിക്കേറ്റു. ഗ്രാമത്തിലെ അമ്പതിലധികം പേർക്ക് ഇതിനകം ഇടിമിന്നലിൽ പരിക്കേറ്റിട്ടുണ്ട്. മിന്നലിൽ വീടുകൾ തകരുകയും വളർത്തുമൃഗങ്ങൾ ചാകുകയും വീട്ടുപകരണങ്ങൾക്ക് കേടുപാട് ഉണ്ടാകുകയും ചെയ്ത സംഭവങ്ങൾ നിരവധിയാണ്. മിന്നലിെൻറ ആഘാതംമൂലം വിണ്ടുകീറിയ കെട്ടിടങ്ങളും വീടുകളും ഈ ഗ്രാമത്തിെൻറ നേർക്കാഴ്ചകളാണ്. 2011ൽ നാട്ടുകാരുടെ പരാതിയെത്തുടർന്ന് സർക്കാർ ഇവിടെ ഒരു പഠനം നടത്തിയിരുന്നു. മണ്ണിൽ ലോഹാംശം കൂടുതലായതാണ് മിന്നൽ ദുരന്തത്തിന് കാരണമെന്നായിരുന്നു നിഗമനം. തുടർന്ന് ആശുപത്രികൾ, വീടുകൾ, ബഹുനില മന്ദിരങ്ങൾ, പള്ളികൾ അമ്പലങ്ങൾ, പാചകവാതക ഗോഡൗണുകൾ തുടങ്ങി എല്ലായിടത്തും ലൈറ്റിനിങ് അറസ്റ്റിങ് സംവിധാനം ഘടിപ്പിക്കാൻ നിർദേശിച്ചു. എന്നാൽ, 90 ശതമാനം പേരും പാലിച്ചിട്ടില്ല.
തുടരും..
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.