ഇടുക്കി: പാർട്ടി കോൺഗ്രസിന് മുന്നോടിയായി ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങിയിരിക്കെ ജില്ലയിലെ സി.പി.ഐയിൽ ചേരിതിരിവ് രൂക്ഷം. സി.പി.ഐ ജില്ല നേതൃത്വത്തിന് ഇമേജ് നഷ്ടം സംഭവിച്ചെന്നാണ് പ്രതിനിധികൾ മുഖ്യമായും ആരോപിക്കുന്നത്. കടുത്ത അഴിമതി ആരോപണം നേരിടേണ്ടി വരുകയും പ്രതിക്കൂട്ടിലാകുകയും ചെയ്ത നിലവിലെ നേതൃത്വം, ചൊക്രമുടി ഭൂമി കൈയേറ്റത്തിൽ പാർട്ടി മന്ത്രിയെപോലും സമ്മർദത്തിലാക്കിയെന്നാണ് വികാരം.
ഭൂവിഷയങ്ങളിൽ ഇതുവരെ കൈപൊള്ളാതിരുന്ന പാർട്ടിക്ക് ചൊക്രമുടി കൈയേറ്റവുമായി ബന്ധപ്പെട്ട് ജില്ല സെക്രട്ടറിയടക്കം പ്രതിക്കൂട്ടിലായത് ഇമേജ് നഷ്ടത്തിന് ഇടയാക്കിയെന്നാണ് വിലയിരുത്തൽ. മുന്നണി ബന്ധം നോക്കാതെ സി.പി.എമ്മുമായി എതിരിട്ടു നിൽക്കുന്ന രാഷ്ട്രീയമാണ് എക്കാലത്തും ജില്ലയിൽ സി.പി.ഐയുടെ വളർച്ചക്ക് വളമേകിയിട്ടുള്ളത്. സി.പി.എം നിലപാടുകളോട് യോജിക്കാത്ത അഭിപ്രായപ്രകടനങ്ങൾ ജില്ലയിൽനിന്ന് വാർത്തയാകാറുള്ളതും ഈ പശ്ചാത്തലത്തിലാണ്.
എന്നാൽ, നിലവിലെ ജില്ല നേതൃത്വം സി.പി.എം ജില്ല സെക്രട്ടറിയുടെ താൽപര്യത്തിന് കാതോർത്ത് ഒച്ചാനിച്ചു നിൽക്കുന്നെന്നാണ് ബ്രാഞ്ച് സമ്മേളനങ്ങൾക്ക് മുന്നോടിയായി ചേർന്ന ജില്ലാ എക്സിക്യൂട്ടിവിൽ ശക്തമായ വിമർശനമുയർന്നത്.
നിലവിലെ ജില്ല സെക്രട്ടറിയുടേത് ആഡംബര ജീവിതമെന്നും ചൊക്രമുടിയിൽ അടക്കം കൈയേറ്റക്കാരെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നെന്നും ആരോപണമുയത്തി ഒരു വിഭാഗം. അടുത്ത തവണ പീരുമേട് മണ്ഡലം നോട്ടമിടുന്ന ജില്ല സെക്രട്ടറി അവിടെ കളമൊരുക്കാൻ വാഴൂർ സോമൻ എം.എൽ.എക്കെതിരെ നീക്കം നടത്തുന്നു.
കട്ടപ്പനയിലെ വ്യാപാരി സോമൻ സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്കിന് മുമ്പിൽ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് മുൻ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ സി.പി.എമ്മിന് എതിരെ നടത്തിയ പ്രസ്താവനയെ എക്സിക്യൂട്ടിവിൽ നിലവിലെ ജില്ല സെക്രട്ടറിയുടെ അനുകൂലികൾ രംഗത്ത് വന്നു.
ശിവരാമന്റെ പ്രസ്താവന ജനപക്ഷത്ത് നിന്നുള്ളതാണെന്നും ഈ പ്രശ്നത്തിൽ ജില്ല സെന്റർ പരാജയപ്പെട്ടുവെന്നും മുൻ എം.എൽ.എ ബിജിമോൾ അടക്കമുള്ളവർ ആരോപിച്ചു. ഓരോവിഷയത്തിലും സി.പി.എമ്മിനെ പ്രീതിപ്പെടുത്താനാണ് പാർട്ടി ജില്ല സെക്രട്ടറി ശ്രമിക്കുന്നതെന്ന വിമർശനവും ഉയർന്നു. ജില്ലയിലെ സംഘടന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ജില്ല കമ്മിറ്റി ചേരണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യം നിലനിൽക്കെയാണ് ബ്രാഞ്ച് സമ്മേളനങ്ങൾക്ക് പതാക ഉയർന്നത്.
ജില്ല എക്സിക്യൂട്ടിവിൽനിന്ന് സീനിയറായ നാലുപേരെ ഒഴിവാക്കി പുതിയതായി രണ്ടുപേരെ വെച്ചത് ജില്ല സെക്രട്ടറിയുടെ മാത്രം താൽപര്യത്തിനായതും കമ്യൂണിസ്റ്റ് രീതിക്ക് ചേരാത്ത പ്രവർത്തനവും ജീവിത രീതിയും മറ്റും സമ്മേളന ചർച്ചകളിൽ ഉയരുന്നുണ്ട്. ലോക്കൽ, മണ്ഡലം സമ്മേളനങ്ങൾ ആരംഭിക്കുന്നതോടെ വിഭാഗീയത രൂക്ഷമാകുമെന്നാണ് സൂചന.
ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പ്രതിക്കൂട്ടിലായി ഇമേജ് നഷ്ടം സംഭവിച്ചതാണ് സി.പി.ഐ ജില്ല നേതൃത്വം പാർട്ടിയിൽ നേരിടുന്ന മുഖ്യ വെല്ലുവിളി. പരിസ്ഥിതി ദുർബല മേഖലയായ ചൊക്രമുടിയിലെ വിവാദ ഭൂമിയിൽ അനധികൃത നിർമാണത്തിന് ഒത്താശയായ റീസർവേ നടപടി റവന്യൂ മന്ത്രിക്ക് ആരോപണ വിധേയനായ വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു. സർക്കാറിൽനിന്ന് എൻ.ഒ.സിയും ലഭ്യമാക്കിയാണ് ആരോപണ വിധേയനായ ചെന്നൈ സ്വദേശിയായ മലയാളി വ്യവസായി ഇവിടെ വൻതോതിൽ അനധികൃത നിർമാണം തുടങ്ങിയത്.
ചൊക്രമുടിയിലെ ഭൂമി കൈയേറ്റ വിവാദത്തിൽ പാർട്ടി ഒത്താശ ചെയ്ത ഈ വ്യവസായിയാകട്ടെ നേരത്തെ കള്ള പട്ടയം കേസിൽ നടപടിക്ക് വിധേയനായ വ്യക്തിയെന്ന് കണ്ടെത്തിയതും പാർട്ടിക്ക് ദോഷമായി. കൊട്ടക്കാമ്പൂരിൽ ഇദ്ദേഹം സ്വന്തമാക്കിയ ഏക്കർ കണക്കിന് ഭൂമിയുടെ 32 പട്ടയങ്ങൾ 2021ൽ സർക്കാർ റദ്ദാക്കിയ രേഖകളാണ് പുറത്തുവന്നത്. മന്ത്രിയുടെ ഓഫിസിനെ സംശയനിഴലിലാക്കിയ നടപടി പാർട്ടി ജില്ല സെക്രട്ടറിയുടെ ഇടപെടലിലാണെന്ന ആരോപണവും പിന്നാലെ ഉയർന്നു.
14.69 ഏക്കർ ഭൂമി കൈയേറി അനധികൃത നിർമാണം നടത്തിയ ചൊക്രമുടിയിൽ കോടികളുടെ ഭൂമി ഇടപാടിൽ മൂന്നിൽ ഒന്ന് ലാഭവിഹിതം ജില്ല സെക്രട്ടറിക്ക് വാഗ്ദാനം ചെയ്തിരുന്നെന്ന് പാർട്ടി ജില്ല കൗൺസിൽ അംഗം തന്നെ വെളിപ്പെടുത്തിയതും തിരിച്ചടിയായി. ചൊക്രമുടിയിലെ ഭൂമിക്ക് വ്യാജരേഖയുണ്ടാക്കാൻ റവന്യൂ മന്ത്രിയുടെ ഓഫിസും സി.പി.ഐ ജില്ല സെക്രട്ടറിയും ഒത്താശ ചെയ്തുവെന്ന ആരോപണവുമായി ബൈസൺവാലി മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സി.പി.ഐ മുൻ ലോക്കൽ സെക്രട്ടറിയുമായ എം.ആർ. രാമകൃഷ്ണനും രംഗത്തെത്തിയതോടെ പാർട്ടി തീർത്തും വിഷമവൃത്തത്തിലായി.
പാർട്ടി ജില്ല സെക്രട്ടറി വിവാദ ഭൂവുടമയുടെ കൂട്ടത്തിൽ തിരുവനന്തപുരത്ത് മന്ത്രിയെ കാണാൻ പോയതായും രാമകൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന എക്സിക്യൂട്ടിവ് അംഗത്തിന്റെ നേതൃത്വത്തിലെ സംഘം കൈയേറ്റ ഭൂമി സന്ദർശിച്ച് ഒഴിപ്പിക്കൽ ആവശ്യം ഉന്നയിച്ചെങ്കിലും പാർട്ടിക്കു മേൽ പുരണ്ട അഴിമതിയുടെ ചളി കഴുകിക്കളയാനായിട്ടില്ല.
സമയപരിധി കഴിഞ്ഞിട്ടും ലൈൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാനുള്ള നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ വിവിധ ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെയുള്ളവ വിൽക്കുന്ന നൂറിലേറെ സ്ഥാപനങ്ങളാണ് അനധികൃതമായി പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.