പുതിയ പക്ഷികളെയും പൂമ്പാറ്റകളെയും കണ്ടെത്തി
കുമളി: പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിൽ നടത്തിയ നാലു ദിവസത്തെ സമഗ്ര ജന്തുജാല സർവേയിൽ ആറ് പുതിയ ജീവജാതികളെ കണ്ടെത്തി. സംസ്ഥാന വനം വകുപ്പ്, പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ, തിരുവനന്തപുരം ട്രാവൻകൂർ നാചുറൽ ഹിസ്റ്ററി സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിലാണ് സർവേ നടന്നത്. ഫീൽഡ് ഡയറക്ടർ പി.പി. പ്രമോദിന്റെ മേൽനോട്ടത്തിലും പെരിയാർ ഈസ്റ്റ് ഡെപ്യൂട്ടി ഡയറക്ടർ മിഥുൻമോഹൻ, അസി. ഫീൽഡ് ഡയറക്ടർ ആർ. ലക്ഷ്മി എന്നിവരുടെ ഏകോപനത്തിലുമായിരുന്നു നാലുദിനം നീണ്ട സർവേ. എഴുപത്തിയഞ്ചോളം പ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും സർവേയിൽ പങ്കെടുത്തു. പുതിയ ഇനം പക്ഷി, പൂമ്പാറ്റ, കൂടാതെ നാല് പുതിയ തുമ്പി ഇനങ്ങൾ എന്നിവയെയാണ് തിരിച്ചറിഞ്ഞത്.
പുതിയ കണ്ടെത്തലുകളോടെ പെരിയാർ വനമേഖലയിലെ ആകെ പക്ഷി ഇനങ്ങളുടെ എണ്ണം 347 ആയും പൂമ്പാറ്റ ഇനങ്ങൾ 284 ആയും തുമ്പി ഇനങ്ങൾ 111 ആയും ഉയർന്നു. വനത്തിനുള്ളിലെ ശുദ്ധജല അരുവികളും തണ്ണീർത്തടങ്ങളും ആവാസവ്യവസ്ഥയുടെ ആരോഗ്യവും കൃത്യമായി സൂചിപ്പിക്കുന്നവയാണ് പുതുതായി കണ്ടെത്തിയ തുമ്പി ഇനങ്ങൾ എന്ന് വിദഗ്ധർ വിലയിരുത്തിയിരുന്നു.
മൺസൂണിന് ശേഷമുള്ള സർവേക്ക് പുറമെ 2027ൽ വേനൽക്കാല സർവേ നടത്താനും വനം വകുപ്പ് പദ്ധതിയിട്ടിരുന്നു. രണ്ട് സീസണുകളിലെയും വിവരങ്ങൾ താരതമ്യം ചെയ്യുന്നതിലൂടെ ജീവജാതികളുടെ ദേശാടന സ്വഭാവങ്ങളും ആവാസവ്യവസ്ഥയുടെ ഉപയോഗവും കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. സർവേയിലൂടെ ശേഖരിച്ച വിവരങ്ങൾ ഉൾപ്പെടുത്തി തയാറാക്കുന്ന അന്തിമ ഡാറ്റാബേസ് വനം വകുപ്പിന്റെ ദീർഘകാല ജൈവവൈവിധ്യ നിരീക്ഷണത്തിനായി സമർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.