തൊടുപുഴ: പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന (പി.എം.ജി.എസ്.വൈ) പദ്ധതിയുടെ പുതുക്കിയ മാനദണ്ഡം ഇടുക്കി ജില്ലക്ക് ദോഷകരമാകുമെന്ന് ഡീൻ കുര്യാക്കോസ് എം.പി.
രാജ്യത്തെ ഗ്രാമീണ റോഡ് ശൃംഖല വ്യാപിപ്പിക്കാൻ വിദൂര ഗ്രാമങ്ങളെയും ചെറുപട്ടണങ്ങളെയും സംസ്ഥാന ദേശീയപാതകളുമായി കൂട്ടിയിണക്കുന്നതിനുവേണ്ടി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന റോഡ് പദ്ധതിയാണിത്. സംസ്ഥാന ഗ്രാമീണ റോഡ് വികസന ഏജൻസി (കെ.എസ്.ആർ.ആർ.ഡി.എ) അനുമതി നൽകി അന്തിമാനുമതിക്കായി കേന്ദ്രത്തിന് സമർപ്പിച്ചവയിൽ വെണ്മണി -പുളിയ്ക്കത്തൊട്ടി -എടത്തന -ഏണിത്താഴം റോഡ്, മ്ലാമല -ഇണ്ടൻചോല -കൊടുവാക്കരണം സെക്കൻഡ് ഡിവിഷൻ റോഡ്, പൊലീസ് സ്റ്റേഷൻപടി -പരുന്തുംപാറ റോഡ്, എടമറ്റം -ട്രാൻസ്ഫോർമർപടി -പച്ചോലിപ്പടി - രാജകുമാരി എസ്റ്റേറ്റ് റോഡ് എന്നിങ്ങനെ ആകെ 34.107 കി.മീ ദൂരം നാലു റോഡുകളുടെ അനുമതി പുതിയ നിബന്ധനകൾ പ്രകാരം മാറ്റിെവച്ചിരിക്കയാണ്.
ഇത് ജില്ലയിലെ ഗ്രാമീണ റോഡ് വികസനത്തെ സാരമായി ബാധിക്കും.
മൺറോഡുകൾ 40 ശതമാനം മാത്രമേ പി.എം.ജി.എസ്.വൈയിൽ ഏറ്റെടുക്കാവൂ എന്നും മണ്ണ് നീക്കൽ, കട്ടിങ് ജോലികൾ ചെയ്യാൻ പാടില്ല എന്നും 60 ശതമാനം റോഡുകൾ സർഫസ് ഡ്രസിങ് സംവിധാനത്തിലൂടെ നിർമിക്കണമെന്നുമാണ് പുതിയ നിർദേശം. ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും വികസനപരമായ പിന്നാക്കാവസ്ഥയും പരിഗണിച്ച് നിബന്ധനകളിൽ ഇളവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഗ്രാമവികസന മന്ത്രി ഗിരിരാജ് സിങ്ങിനെ എം.പി കഴിഞ്ഞ ദിവസം ഡൽഹിയിൽ നേരിൽക്കണ്ട് നിവേദനം നൽകി.
ഇടുക്കിയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് അനുഭാവപൂർവമായ നടപടികൾ സ്വീകരിക്കാമെന്നും മന്ത്രി ഉറപ്പ് നൽകിയതായി എം.പി പറഞ്ഞു.
കേന്ദ്രത്തിെൻറ പുതിയ നിബന്ധനയിൽ ഇളവ് ലഭിച്ചാൽ മാത്രമേ ഇടുക്കിയിൽ പി.എം.ജി.എസ്.വൈയിൽ കൂടുതൽ ഗ്രാമീണ റോഡുകൾ നിർമിക്കാൻ കഴിയുകയുള്ളൂവന്നും ഇതിനുവേണ്ടി കേന്ദ്രസർക്കാറിൽ സമ്മർദം ചെലുത്തുമെന്നും എം.പി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.