മൂലമറ്റം: അറക്കുളം എഫ്.സി.ഐ ഡിപ്പോയിൽനിന്ന് സിവിൽ സപ്ലൈസ് ഗോഡൗണുകളിലേക്കുള്ള റേഷൻവിതരണം നിലച്ചു. നിലവിലെ കരാറുകാരൻ മാറി പുതിയ ആൾ എത്തിയതോടെ കഴിഞ്ഞ മാസം 22 മുതലാണ് ജില്ലയിലേക്കുള്ള റേഷൻ വിതരണം നിലച്ചത്. പുതിയ കരാറുകാരന് എഫ്.സി.ഐ റീജനൽ ഓഫിസിൽനിന്ന് വർക്ക് ഓർഡർ നൽകേണ്ടതുണ്ട്.
ഇത് ലഭിക്കാത്തതിനാൽ പുതിയ കരാറുകാരന് ധാന്യങ്ങൾ എത്തിക്കാനും ഇവിടെനിന്ന് കയറ്റിയയക്കാനും സാധിക്കുന്നില്ല. രണ്ടുവർഷത്തേക്കാണ് കരാർ. പകരം സംവിധാനമെന്ന നിലയിൽ സിവിൽ സപ്ലൈസ് കോർപറേഷൻ അങ്കമാലി എഫ്.സി.ഐ ഗോഡൗണിൽനിന്ന് 87 ലോഡ് ധാന്യം എടുക്കാൻ ശ്രമിച്ചെങ്കിലും കൂലി പ്രശ്‌നത്താൽ നടന്നില്ല.
ജില്ലയിൽ ദേവികുളം താലൂക്ക് ഒഴിച്ച് മറ്റ് താലൂക്കുകളിലേക്ക് റേഷൻ ധാന്യങ്ങൾ എടുക്കുന്നത് അറക്കുളം എഫ്.സി.ഐ ഗോഡൗണിൽനിന്നാണ്. ഇവിടെനിന്ന് എടുക്കുന്ന ധാന്യങ്ങൾ സിവിൽ സപ്ലൈസിന്‍റെ തൊടുപുഴ, കട്ടപ്പന, വണ്ടന്മേട്, കുട്ടിക്കാനം ഗോഡൗണുകളിൽ സൂക്ഷിച്ച് ഇവിടെനിന്നാണ് റേഷൻ കടകളിൽ എത്തിക്കുന്നത്.
താലൂക്ക് ആസ്ഥാനങ്ങളിലേക്കുള്ള ചരക്കുനീക്കമാണ് നിലച്ചത്. അങ്കമാലിയിൽനിന്ന് റേഷൻ സാധനങ്ങൾ എടുക്കണമെങ്കിൽ ഓരോ ലോഡിനും 10,000 രൂപ കൂടുതൽ ചെലവാകും. ജനുവരി പകുതി കഴിഞ്ഞിട്ടും റേഷൻ എത്തിക്കാൻ സാധിച്ചിട്ടില്ല. ഇവിടത്തെ തൊഴിലിനെമാത്രം ആശ്രയിച്ച് കഴിയുന്ന 50 തൊഴിലാളികളുടെയും നൂറോളം ലോറി തൊഴിലാളികളുടെയും ജീവിതവും ഇതോടെ വഴിമുട്ടി.
ഈ നില തുടർന്നാൽ അടുത്ത മാസം മുതൽ റേഷൻ വിതരണം തകരാറിലാവും. അറക്കുളം ഡിപ്പോയുടെ പ്രവർത്തനം സുഗമമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് വിവിധ കക്ഷിനേതാക്കളായ ടോമി വാളികുളം, ബി.വിജയൻ, പി.എം. അനീസ് എന്നിവർ ആവശ്യപ്പെട്ടു. എന്നാൽ, താലൂക്ക് ആസ്ഥാനങ്ങളിലെ ഗോഡൗണുകളിൽ ഒരു മാസത്തേക്കുള്ള ധാന്യങ്ങൾ ശേഖരിച്ചതിനാൽ തൽക്കാലം പ്രതിസന്ധിയില്ലെന്ന് ജില്ല സപ്ലൈ ഓഫിസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.