തേക്കടിയിൽ ബോട്ട് സവാരിക്കായി കാത്തുനിൽക്കുന്ന വിനോദസഞ്ചാരികൾ
കുമളി: കെ.ടി.ഡി.സി അധികൃതരുടെ കെടുകാര്യസ്ഥതയെ തുടർന്ന് തേക്കടിയിലെ ബോട്ട് ടിക്കറ്റുകളുടെ എണ്ണം പകുതിയായി കുറച്ചതോടെ ഇടവേളക്കുശേഷം ടിക്കറ്റ് കരിഞ്ചന്ത മാഫിയ സജീവമായി. കെ.ടി.ഡി.സി.യുടെ 120 പേർക്ക് വീതം യാത്ര ചെയ്യാവുന്ന മൂന്ന് ഇരുനില ബോട്ടുകളിൽ ഒരെണ്ണം മാത്രമാണ് ഇപ്പോൾ തടാകത്തിൽ സർവിസ് നടത്തുന്നത്.
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്കായി ഇനിയുള്ള ദിവസങ്ങളിൽ തേക്കടിയിൽ വിനോദസഞ്ചാരികളുടെ തിരക്ക് വർധിക്കുകയാണ് പതിവ്.
ഈ സാഹചര്യത്തിൽ ടിക്കറ്റ് കൗണ്ടറിൽ കൂടുതൽ ആളുകളെ നിർത്തി പരമാവധി ടിക്കറ്റ് കൈക്കലാക്കി പുറത്ത് കൂടിയ നിരക്കിൽ വിൽക്കുകയാണ് കരിഞ്ചന്ത ലോബി ചെയ്യുന്നത്. കെ.ടി.ഡി.സി, വനം വകുപ്പുകളിലെ ചിലരുടെ ഒത്താശയോടെയാണ് ടിക്കറ്റ് വിൽപന. ഇതിനായി ഓരോ ട്രിപ്പിനുള്ള ടിക്കറ്റ് എടുക്കുന്നതിന് സഞ്ചാരികൾക്കൊപ്പം കരിഞ്ചന്തക്കാരും ക്യൂവിൽ നിൽക്കുന്നു. പലരുടെയും പേരിൽ ടിക്കറ്റുകൾ കൈക്കലാക്കിയ ശേഷമാണ് മറിച്ചുവിൽക്കുന്നത്.
തേക്കടിയിൽ ഉണ്ടായ ബോട്ട് ദുരന്തത്തെ തുടർന്നാണ് സഞ്ചാരികളുടെ പേരുവിവരങ്ങൾ ശേഖരിക്കുന്ന പതിവ് ആരംഭിച്ചത്. എന്നാൽ, ഇത് അട്ടിമറിച്ചാണ് മറ്റാരുടെയെങ്കിലും പേരിലുള്ള ബോട്ട് ടിക്കറ്റുകളുമായി സഞ്ചാരികൾ സവാരിക്ക് പോകുന്നത്.
തേക്കടി തടാകത്തിൽ ദിവസവും അഞ്ച് തവണയാണ് ബോട്ട് സവാരി. ഓരോ ട്രിപ്പിലും 50ലധികം ടിക്കറ്റുകൾ കൈക്കലാക്കുന്ന കരിഞ്ചന്ത ലോബി 245 രൂപയുടെ ടിക്കറ്റ് 650 മുതൽ 1000 രൂപ വരെ നിരക്കിൽ മറിച്ചുവിറ്റാണ് ലക്ഷങ്ങൾ സമ്പാദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.