അടിമാലി: കാലാവസ്ഥയും ഒപ്പം ക്രിസ്മസും പുതുവൽസരവും വന്നെത്തിയതോടെ വിനോദ സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചു. തണുപ്പ് തേടി മൂന്നാറിലേക്ക് സഞ്ചാരികൾ ഒഴുകുകയാണ്. ഇതോടെ സഞ്ചാരികളെ ചൂഷണം ചെയ്യലും വ്യാപകമായി. ഹോട്ടൽ ഭക്ഷണം, മുറി വാടക, യാത്ര, സാഹസിക സഞ്ചാരം എന്നിവയിലൊക്കെ വലിയ ചൂഷണമാണ് നടക്കുന്നത്.
മൂന്നാർ മേഖലയിൽ റിസോർട്ടുകളിലും ഹോം സ്റ്റേയിലുമൊക്കെ കഴിഞ്ഞ മാസം ഉണ്ടായിരുന്ന തുകയുടെ പല മടങ്ങ് നിരക്ക് വർധിച്ചു. കഴിഞ്ഞ മാസം 1500 രൂപക്ക് നൽകിയ മുറികൾക്ക് ഇപ്പോൾ 7000 നും മുകളിലാണ് നിരക്ക്. വൻകിട സ്ഥാപനങ്ങൾ നിരക്ക് വലിയ തോതിലാണ് വർധിപ്പിച്ചത് . ഇനിയുള്ള അഞ്ചു മാസം സീസൺ പരമാവധി മുതലെടുക്കാനാണ് ശ്രമം. കഴിഞ്ഞ മാസം വരെ പ്രതികൂല കാലാവസ്ഥയിൽ വലിയ നഷ്ടമാണ് നേരിട്ടത്. ഇത് മറി കടക്കാൻ ഇനിയുള്ള നാളുകളിലാണ് കഴിയുകയെന്ന് ഈ മേഖലയിൽ ഉള്ളവർ പറയുന്നു.
കൊള്ള കൂടുതൽ ഹോട്ടലുകളിൽ
സഞ്ചാരികളെ കൂടുതൽ വലക്കുന്നത് ഹോട്ടൽ വിലയാണ്. സ്റ്റാർ പദവിയുള്ള സ്ഥാപനങ്ങൾ മുതൽ പെട്ടിക്കടകൾ വരെ ഒരേ ഉൽപ്പന്നത്തിന് തോന്നിയ വില ഈടാക്കുന്നു. എന്നാൽ ശുചിത്വമോ, ശുദ്ധമായ വെള്ളമോ ഭൂരിഭാഗം സ്ഥാപനങ്ങളിലും ഇല്ല.ഭക്ഷണ വിതരണ സ്ഥാപനങ്ങൾ ആറ് മാസത്തിലൊരിക്കൽ നിർബന്ധമായും ശുദ്ധജലം പരിശോധിക്കണമെന്നും സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എല്ലാവരും ഹെൽത്ത് കാർഡ് എടുക്കണമെന്നുമാണ് നിയമം.
ഇതും പാലിക്കപ്പെടുന്നില്ല .ശാസ്ത്രീയമായി മാലിന്യ സംസ്കരണം നടത്തുകയും പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ സേനക്ക് കൈമാറുകയും വേണമെന്നും ശുദ്ധജല ടാങ്കുകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കണമെന്നും സ്ഥാപനത്തിന്റെ ലൈസൻസ്, സാനിറ്ററി സർട്ടിഫിക്കറ്റ്, ശുദ്ധജല പരിശോധന റിപ്പോർട്ട് എന്നിവ ഉപഭോക്താക്കൾ കാണുന്ന വിധത്തിൽ പ്രദർശിപ്പിക്കണമെന്നും നിയമം ഉണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടുന്നില്ല .
പൊതുജനാരോഗ്യ വിഭാഗം ഉറക്കത്തിൽ
ബേക്കറി, കൂൾബാർ മത്സ്യ, മാംസം വിൽക്കുന്ന കടകൾ,അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലം എന്നിവിടങ്ങളിൽ പരിശോധന നടത്തി മതിയായ ശുചിത്വം പാലിക്കാതെ പ്രവർത്തിക്കുന്നവക്കെതിരെ നടപടി സ്വീകരിക്കേണ്ട പൊതുജനാരോഗ്യ വിഭാഗം ഉറക്കത്തിലാണ്. പേരിന് പോലും പരിശോധ ഇവർ നടത്തുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.