താഴ്വാരം കോളനി നിവാസികൾ വീടുകളിൽനിന്ന് സാധനങ്ങൾ മാറ്റുന്നു
തൊടുപുഴ: ജില്ലയിൽ വീണ്ടും മഴ കനത്തു. വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച രാത്രിയോടെ തുടങ്ങിയ മഴ വെള്ളിയാഴ്ച രാവിലെ വരെ നീണ്ടു. മഴക്കെടുതികൾ ഒന്നും റിപ്പോർട്ട് ചെയ്തില്ലെങ്കിലും കനത്ത മഴ തുടരുന്നത് മലയോരത്ത് ആശങ്ക വിതച്ചിട്ടുണ്ട്. കാലാവസ്ഥ വകുപ്പ് ശനി, ഞായർ ദിവസങ്ങളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുള്ളതിനാൽ ജില്ലയിൽ ജാഗ്രത നിർദേശമുണ്ട്. വെള്ളിയാഴ്ച രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ പെയ്തത് ശരാശരി 73.64 മി.മീറ്റർ മഴയാണ്. ഇടുക്കി, തൊടുപുഴ താലൂക്കുകളിലാണ് കനത്ത മഴ രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച പുലർച്ച പെയ്ത മഴയിൽ നച്ചാർ പുഴ കരകവിഞ്ഞൊഴുകി മൂലമറ്റം താഴ്വാരം കോളനിയിൽ വീണ്ടും വെള്ളംകയറി. അടുത്തിടെയുണ്ടായ വെള്ളപ്പാച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണും ചളിയും നീക്കുന്നതിനിടെയാണ് ഇവിടെ വീണ്ടും വെള്ളം കയറിയത്. ശുചിയാക്കിയ കിണറുകളും വീടുകളിലും പരിസരത്തുമെല്ലാം ചളി നിറഞ്ഞു. തൊടുപുഴ മേഖലയിൽ പലയിടത്തും തോടുകൾ കവിഞ്ഞൊഴുകി പലയിടത്തും വെള്ളംകയറി. നഗരത്തിൽ വെള്ളക്കെട്ടും രൂപപ്പെട്ടു. ജില്ലയിലെ പല അണക്കെട്ടുകളിലും ജല നിരപ്പും ഉയർന്നുതുടങ്ങി.
കാണാതെപോകരുത് ഈ ജീവിതങ്ങളെ
മൂലമറ്റം താഴ്വാരം കോളനി നിവാസികൾ ഒാരോരുത്തരായി ബന്ധുവീടുകളിലേക്കും വാടക വീടുകളിലേക്കുമായി മാറിത്താമസിക്കുകയാണ്. നച്ചാർ പുഴ കരവിഞ്ഞതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെയും കോളനിയിലെ വിവിധ വീടുകളിൽ വെള്ളംകയറി. ഇനിയും മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലാണ് കോളനിക്കാർ ഇവിടം വിട്ടത്.
ഒക്ടോബറിൽ കനത്ത മഴയെ തുടർന്ന് നച്ചാർ പുഴ കരകവിഞ്ഞതിനെ തുടർന്ന് താഴ്വാരം കോളനിയിലുണ്ടാക്കിയ ദുരിതത്തിെൻറ ഞെട്ടൽ മാറും മുേമ്പ വീണ്ടും രണ്ടുതവണ കൂടി വെള്ളം കയറിയതോെട കോളനിക്കാർ ആശങ്കയിലാണ്. 16ന് ആർത്തലച്ചെത്തിയ മലവെള്ളം കോളനിയെ തകർത്തെറിഞ്ഞു. സമീപത്ത് കൂടിയൊഴുകുന്ന പുഴയിലെ ചപ്പാത്തിൽ വന്മരം വന്നിടിഞ്ഞ് ഒഴുക്കിനെ തടസ്സപ്പെടുത്തിയോടെ കോളനിക്ക് സമീപ സംരക്ഷണ ഭിത്തി തകർന്നിരുന്നു. കുതിച്ചെത്തിയ മണ്ണും ചളിയും നിമിഷനേരം കൊണ്ട് കോളനിയിലേക്ക് കയറി ഒഴുകി. 18 വീടുകളിലും ചളിയും മണ്ണും നിറഞ്ഞു. ചില വീടുകൾ പൂർണമായി താമസയോഗ്യമല്ലാതായി. പലരും കൈയിൽ കിട്ടിയതും കൊണ്ട് ജീവനുമായി ഓടിരക്ഷെപ്പട്ടു.
ഏറെനാൾ ദുരിതാശ്വാസ ക്യാമ്പിലായിരുന്ന ഇവർ പലരും മടങ്ങിവന്നെങ്കിലും വീണ്ടും കോളനിയിൽ വെള്ളംകയറി. ശുചിയാക്കിയ കിണറുകളും റോഡും മുറ്റവുമെല്ലാം വീണ്ടും ചളിവന്നടിഞ്ഞു. ഇവയെല്ലാം വൃത്തിയാക്കി താമസിക്കാനെത്തിയെങ്കിലും വ്യാഴാഴ്ച രാത്രി മുതൽ പെയ്ത കനത്ത മഴയിൽ കോളനിയിൽ മൂന്നാമതും വെള്ളംകയറി. പലയിടങ്ങളിലും അന്നടിഞ്ഞുകൂടിയ വലിയ മരക്കഷണങ്ങളും മണ്ണും ചളിയും കൂടിക്കിടക്കുകയാണ്. വലിയ ശ്രമം തന്നെ നടത്തിയാലും ഇതെല്ലാം പൂർവസ്ഥിതിയിലാക്കാൻ കഴിയാത്ത സാഹചര്യമാണ്. അധികൃതർ വന്ന് സന്ദർശിച്ച് പോയതല്ലാതെ ഇവിടെ സംരക്ഷണഭിത്തിയടക്കം കെട്ടുന്ന കാര്യത്തിലടക്കം ഒരു നടപടികളും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. വീടടക്കം സമ്പാദ്യങ്ങളും രേഖകളുമെല്ലാം നഷ്ടപ്പെട്ട ഞങ്ങൾ ഇനി എന്തുചെയ്യണമെന്നാണ് ഇവരുടെ ചോദ്യം.
ഈ വീടുകൾ ഉപേക്ഷിച്ചാൽ കയറിക്കിടക്കാൻ ഒരു കൂര പോലുമില്ലാത്തവരാണ് തങ്ങളെന്നും സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നുമാണ് ഇവരുടെ ആവശ്യം.
ഞങ്ങളിവിടംവിട്ട് എങ്ങോട്ടുപോകും ?
കോൺക്രീറ്റും മണ്ണും ചളിയും പാറക്കല്ലുമെല്ലാം വീടിന് ചുറ്റുമായി കിടക്കുകയാണ്. വീടിെൻറ സംരക്ഷണ ഭിത്തിയടക്കം കഴിഞ്ഞമാസം ഒഴുകിയെത്തിയ വെള്ളം കൊണ്ടുപോയി. വീടും വീട്ടുപകരണങ്ങളുമെല്ലാം ഒഴുകിപ്പോയി. ഇനിയെന്ത് എന്ന് ചിന്തിച്ചാൽ ഭ്രാന്ത് പിടിക്കുകയാണെന്ന് താഴ്വാരം കോളനിയിലെ ശ്രീജിത് പറഞ്ഞു.
വെള്ളിയാഴ്ചയും പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് വീട്ടിൽ കയറിയ മണ്ണും ചളിയും നീക്കുകയാണ് ഈ ചെറുപ്പക്കാരൻ. വീടിെൻറ മുറ്റത്തും പിന്നിലുമായി വലിയ തോതിലാണ് മണ്ണും ചളിയും കൂടിക്കിടക്കുന്നത്. കഴിഞ്ഞമാസം പുഴവന്ന് അടിച്ചുകയറ്റിയ മരങ്ങളും കല്ലുകളുമടക്കം സ്വന്തമായി തന്നെ നീക്കംചെയ്തു. എന്നാൽ, അടിക്കടി ഇങ്ങനെ വെള്ളം കയറിയാൽ എന്തുചെയ്യാൻ കഴിയുമെന്നാണ് ഇദ്ദേഹം ചോദിക്കുന്നത്. അച്ഛനും അമ്മയും ചേട്ടെൻറ വീട്ടിലേക്ക് മാറ്റി.
സംഭവം നടന്നതിനുശേഷം പഞ്ചായത്ത് അധികൃരടക്കം സ്ഥലത്തെത്തി സന്ദർശിച്ച് മടങ്ങിയതല്ലാതെ നടപടിയൊന്നുമുണ്ടായില്ല. ഒരു സംരക്ഷണഭിത്തി കെട്ടിയാൽ ഇവിടേക്ക് വെള്ളം കയറുന്നത് തടയാൻ കഴിയും. ഇതുവരെയുള്ള സമ്പാദ്യം കൊണ്ടാണ് വീട് നിർമിച്ചത്. അതാണ് പാതി തകർന്നും ചളിനിറഞ്ഞും കിടക്കുന്നത്. സർക്കാർ തലത്തിൽ ഒരു പരിഹാരമാണ് വേണ്ടതെന്നും ശ്രീജിത് പറയുന്നു.
താഴ്വാരം കോളനിയിൽ വെള്ളം ഇരച്ചെത്തി
മൂലമറ്റം: ശക്തിയായി പെയ്ത മഴയിൽ താഴ്വാരം കോളനിയിൽ വെള്ളം കയറി. മണ്ണൂപറമ്പിൽ റജി, മാറാംകുന്നേൽ രാജേഷ്, കളരിക്കൽ സോമൻ, കളരിക്കൽ രമേശ്, പ്ലാമൂട്ടിൽ ഭാസ്കരൻ, വേലംപറമ്പിൽ സനൽ, പാലക്കാട്ടുകുന്നേൽ രാജ, പെരുമന ഷൈജു, കണ്ടത്തിൽ ജോസ്, പാറേപറമ്പിൽ ശശി, തോപ്പിൽ മോനായി, കൊച്ചുപറമ്പിൽ പ്രഭുദാസ്, പാതാലിൽ ചിന്നമ്മ, പുതുപറമ്പിൽ ജോസ്, ചാരുമൂട്ടിൽ ഹരികുമാർ, പുത്തൻപുരയ്ക്കൽ ബഷീർ, തോപ്പിൽ ലത എന്നിവരുടെ വീട്ടിലാണ് വെള്ളിയാഴ്ച പുലർച്ച വെള്ളം കയറിയത്. മഴവെള്ളം ഇരച്ചുകയറിയെങ്കിലും കാര്യമായ നാശനഷ്ടങ്ങൾ ഇത്തവണ ഉണ്ടായില്ല.
25 കുടുംബങ്ങളാണ് താഴ്വാരം കോളനിയിൽ താമസിക്കുന്നത്. പട്ടയമില്ലാത്ത ഇവർക്ക് കൈവശ രേഖ മാത്രമാണുള്ളത്. കൂലിപ്പണിയും മറ്റുമായി ജീവിക്കുന്ന ഇവർക്ക് മാസാമാസം ഉണ്ടാകുന്ന വെള്ളപ്പൊക്കം മൂലം നാശനഷ്ടങ്ങളെ അതിജീവിക്കാനുള്ള കെൽപില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.