കോഴഞ്ചേരി: പുല്ലാട് രമാദേവി കൊലക്കേസിൽ അറസ്റ്റിലായ ഭർത്താവ് സി.ആർ. ജനാർദനൻ നായരെ (75) മൂന്നുദിവസത്തെ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷം ശനിയാഴ്ച തിരികെ കൊട്ടാരക്കര സബ് ജയിലിൽ എത്തിച്ചു. തെളിവുകൾ പരിശോധിച്ച് ആവശ്യമെങ്കിൽ കൂടുതൽ ചോദ്യം ചെയ്യലിനായി വീണ്ടും കസ്റ്റഡിയിൽ വാങ്ങും.
റിമാൻഡിലായിരുന്ന ജനാർദനൻ നായരെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം മൂന്നുദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടിരുന്നത്. രമാദേവി കൊലക്കേസിൽ 17 വർഷത്തിനുശേഷം കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജനാർദനൻ നായർ അറസ്റ്റിലായത്. ജനാർദനൻ നായർക്കെതിരെയുള്ള കുറ്റപത്രം 90 ദിവസത്തിനകം കോടതിയിൽ സമർപ്പിക്കാനാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് തിരുവല്ല യൂനിറ്റ് സിഐ എ. സുനിൽ രാജ് പറഞ്ഞു.
കൊലപാതകം നടന്ന പുല്ലാട് വടക്കേകവല ചട്ടകുളത്ത് വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് വെള്ളിയാഴ്ച ജനാർദനൻ നായരെ എത്തിച്ചു തെളിവെടുത്തിരുന്നു. തുടർന്ന് തിരുവല്ല ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ച് ചോദ്യം ചെയ്യൽ പൂർത്തീകരിച്ചു. വൈകീട്ടോടെ കോടതിയിൽ തിരികെ ഹാജരാക്കിയശേഷം കൊട്ടാരക്കര സബ് ജയിലിലെത്തിക്കുകയായിരുന്നു. അന്വേഷണവുമായി ജനാർദനൻ നായർ പൂർണമായി സഹകരിച്ചതായി സി.ഐ പറഞ്ഞു.
ക്രൈംബ്രാഞ്ച് എസ്.പി എൻ. രാജൻ, ഡിവൈ.എസ്.പി കെ.ആർ. പ്രദീക് എന്നിവരും ജനാർദനൻ നായരെ ചോദ്യം ചെയ്തു. ചുടലമുത്തുവിന്റെ തിരോധാനം സംബന്ധിച്ച വിവരങ്ങളും ജനാർദനൻ നായരിൽനിന്ന് അന്വേഷണസംഘം ആരാഞ്ഞുവെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. സംഭവത്തിനുശേഷം ചുടലമുത്തുവിനെ മാറ്റിനിർത്തിയതാണോയെന്ന ചോദ്യമാണ് ക്രൈംബ്രാഞ്ച് സംഘം ഉന്നയിച്ചത്.
പുല്ലാട് വടക്കേകവലയിലെ ചട്ടകുളത്ത് വീട്ടില്‍ 2006 മേയ് 26നാണ് രമാദേവി (50) കൊല്ലപ്പെട്ടത്. ഒന്നരവര്‍ഷത്തിനു ശേഷം വീടും പുരയിടവും ജനാർദനന്‍നായര്‍ കൈമാറ്റം ചെയ്തു. വീട് പൊളിച്ചുനീക്കുകയും ചെയ്തു.
അതുകൊണ്ടുതന്നെ റവന്യൂ വകുപ്പിന്റെ സഹായത്തോടെയുള്ള സ്കെച്ചും പ്ലാനും അടങ്ങിയ രേഖകളുടെ അടിസ്ഥാനത്തിലാണ് സംഭവം നടന്ന വീടിന്റെ അവസ്ഥയെക്കുറിച്ച് ജനാർദനൻ നായരോട് ക്രൈംബ്രാഞ്ച് ചോദ്യങ്ങൾ ചോദിച്ചത്. തെളിവെടുപ്പിൽ കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തി ഉപേക്ഷിച്ച കിണറും പരിസരവും കണ്ടെത്തി. ചുരുങ്ങിയ സമയം മാത്രമേ പുല്ലാട്ട് തെളിവെടുപ്പ് നീണ്ടുനിന്നുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.