മഴക്കാല മുന്നൊരുക്കം അവലോകനം ചെയ്യാൻ കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍
കലക്ടര്‍ വി. വിഘ്നേശ്വരി സംസാരിക്കുന്നു
ഇടുക്കി: ജില്ലയിൽ മഴക്കാലം കണക്കിലെടുത്ത് ദുരന്തസാധ്യത പ്രദേശങ്ങൾ കണ്ടെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. 2018ലെ പ്രളയ ദുരന്തത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ടുള്ള മുന്നൊരുക്കങ്ങളാണ് നടത്തുന്നതെന്ന് കലക്ടർ വി. വിഘ്നേശ്വരി അറിയിച്ചു. മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാൻ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
2200 പൊലീസുകാരും 600 സിവിൽ ഡിഫൻസ് വളന്റിയർമാരും സജ്ജമാണ്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ബാധിക്കാന്‍ സാധ്യതയുള്ള മേഖലകള്‍ കണ്ടെത്തി താലൂക്കുകളുടെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ സബ് കലക്ടര്‍മാരും ഡെപ്യൂട്ടി കലക്ടര്‍മാരും ഏകോപിപ്പിക്കും. എല്ലാ താലൂക്കിലും കണ്ട്രോള് റൂമുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.
ദുരന്തസാധ്യത പ്രദേശങ്ങളിലെ ഗര്‍ഭിണികള്‍, ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍, കിടപ്പുരോഗികള്‍, കുട്ടികള്‍ എന്നിവരുടെ കണക്കെടുക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. 2018ലെ പ്രളയത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിച്ച, വെള്ളം കയറാത്ത കേന്ദ്രങ്ങള്‍ ഉടന്‍ നിശ്ചയിക്കും. ഇവയുടെ പരിസരത്തെ കാടും പടലവും തൊഴിലുറപ്പ് പദ്ധതി പ്രകാരം വൃത്തിയാക്കും.
ഡാമുകള്‍ തുറക്കുന്നതു സംബന്ധിച്ച് കൃത്യത ഉണ്ടായിരിക്കണമെന്നും പകലായിരിക്കണമെന്നും ജനങ്ങള്‍ക്ക് കൃത്യമായി മുന്നറിയിപ്പ് നല്‍കണമെന്നും യോഗത്തില്‍ കലക്ടര്‍ നിര്‍ദേശിച്ചു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ താഴേത്തട്ടില്‍ ഏകോപിപ്പിക്കാൻ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ എല്ലാ പഞ്ചായത്തിലും ഞായറാഴ്ച ഗ്രാമസഭ വിളിക്കണം. റോഡിന്റെ ഇരുവത്തും അഞ്ച് മീറ്റര്‍ ചുറ്റളവിലെ മരച്ചില്ലകള്‍ വെട്ടി വൃത്തിയാക്കണം. റോഡുകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പ് ഉടന്‍ നടപടി സ്വീകരിക്കണം. മഴക്കാലത്ത് അവധി പ്രഖ്യാപിക്കുമ്പോള്‍ വീടുകളില്‍ ഒറ്റക്കാവാൻ സാധ്യതയുള്ള കുട്ടികളുടെ വിവരം ശേഖരിക്കണം. അവധി ദിനങ്ങളില്‍ ഭക്ഷണം ലഭിക്കാത്ത കുട്ടികള്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള സൗകര്യം ഉണ്ടാക്കണം.
വിദ്യാലയങ്ങളിൽ അപകടകരമായി ചാഞ്ഞുനില്ക്കുന്ന മരങ്ങള്‍ വെട്ടിനീക്കണം. തൊഴിലുറപ്പ് ജീവനക്കാര്‍ക്ക് എലിപ്പനി പ്രതിരോധ മരുന്ന് വിതരണം ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉറപ്പുവരുത്തണം. മഴക്കാലത്ത് പ്രഖ്യാപിക്കുന്ന അലര്‍ട്ടുകള്‍ വിനോദസഞ്ചാരമേഖലകള്‍ കൃത്യമായി പാലിക്കണം.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 2200 പൊലീസുകാരെ സജ്ജമാക്കിയിട്ടുണ്ടെന്ന് പൊലീസ് വകുപ്പ് യോഗത്തില്‍ അറിയിച്ചു. ഇടുക്കി എ.ആര് ക്യാമ്പിലെ ക്വിക് റെസ്പോണ്‍സ് ടീം സജ്ജമാണ്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പരിശീലനം നേടിയ 600 സിവില്‍ ഡിഫന്‍സ് വളന്റിയർമാരുടെ സേവനം ലഭ്യമാണെന്ന് ഫയര്‍ ആൻഡ് റെസ്ക്യു സര്‍വിസ് അധികൃതര്‍ അറിയിച്ചു. പൊലീസും ഫയര്‍ ഫോഴ്സും തങ്ങളുടെ പക്കലുള്ള വളന്റിയര്‍മാരുടെ വിവരങ്ങള്‍ ജില്ല ദുരന്ത നിവാരണ സമിതിക്കു കൈമാറും.
തിരുവനന്തപുരം പാങ്ങോട് ക്യാമ്പ് ചെയ്തിട്ടുള്ള എന്‍.ഡി.ആര്.എഫ് ടീം അടിയന്തര സാഹചര്യത്തില്‍ ജില്ലയില്‍ എത്താന്‍ സജ്ജമാണെന്ന് എന്‍.ഡി.ആര്.എഫ് പ്രതിനിധി യോഗത്തില്‍ അറിയിച്ചു. എം.എം. മണി എം.എല്‍.എ, ഇടുക്കി സബ് കലക്ടര്‍ അനൂപ് ഗാര്‍ഗ്, എ.ഡി.എം ഷൈജു പി. ജേക്കബ്, വിവിധ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.