ആർ.ടി ഓഫിസിൽ ഇടനിലക്കാർ വിലസുന്നു
പീരുമേട് : ആർ.ടി ഓഫിസിലും ഫിറ്റ്നസ് പരിശോധന സ്ഥലത്തും ഇടനിലക്കാർ വിലസുന്നു. പരിശോധനകൾക്ക് ഇടനിലക്കാർ ഇല്ലാതെ നേരിട്ട് എത്തുന്ന വാഹനങ്ങൾക്ക് വിവിധ ന്യൂനതകൾ പറഞ്ഞ് മടക്കി അയക്കുന്നതായും പരാതി. പീരുമേട്ടിൽ ഓടുന്ന ഒരു ഓട്ടോ ഇടനിലക്കാർ ഇല്ലാതെ എത്തിയിരുന്നു. ഈ ഓട്ടോ മുന്ന് തവണ മടക്കി അയച്ചതായാണ് പരാതി. പൊതുപ്രവർത്തകർ ഇടപെട്ടതിനെ തുടർന്നാണ് പരിശോധന നടത്തിയത്. മോട്ടോർ വാഹന വകുപ്പിന്റെ ഫിറ്റ്നസ് ഗ്രൗണ്ട് ഇടനിലക്കാർ കൈയടക്കുകയാണെന്നാണ് ആരോപണം.
ഇടനിലക്കാർ അപേക്ഷകൾ നൽകുന്നതിന് മുൻഗണനയുണ്ട്. നേരിട്ടെത്തുന്നവർ വളരെ സമയം കാത്ത് നിൽക്കണം. ഓഫിസിൽ 18 ഏജന്റുമാരാണുളളത്. ഇവരെ തിരിച്ചറിയാൻ ഒന്നു മുതൽ 18 വരെ നമ്പർ ഓരോരുത്തർക്കും നൽകിയിരിക്കുകയാണ്. ഇവർ നൽകുന്ന അപേക്ഷകളിൽ നമ്പർ രേഖപ്പെടുത്തും. അഞ്ച് വർഷത്തിൽ താഴെ പഴക്കമുള്ള ഓട്ടോക്ക് 1700 മുതൽ 2000 രൂപ വരെയാണ് ഇടനിലക്കാർ വാങ്ങുന്നത്.
നാല് വീൽ വാഹനങ്ങളുടെ പരിശോധനക്ക് 2500 മുതൽ 3000 വരെ വാങ്ങുന്നു. ഇടനിലക്കാർ മുഖേന എത്തുന്ന വാഹനങ്ങൾക്ക് ന്യൂനത ഉണ്ടെങ്കിലും തിരിച്ചയക്കാതെ പരിശോധിക്കുന്നതായും ഉടമകൾ പറഞ്ഞു. ഏതാനും വർഷം മുമ്പ് പൊലീസ് വിജിലൻസ് വിഭാഗം ഓഫിസിൽ നിരന്തര പരിശോധന നടത്തിയപ്പോൾ അമിത പണം വാങ്ങുന്ന ഇടനിലക്കാരുടെ സാന്നിധ്യം ഒഴിവായിരുന്നു. ഫിറ്റ്നസ് പരിശോധന ഗ്രൗണ്ടിൽ ഇടനിലക്കാരെ ഒഴിവാക്കണമെന്നും ഫിറ്റ്നസ് പരിശോധന സുതാര്യമാക്കണമെന്നും വാഹന ഉടമകൾ ആവശ്യപ്പെട്ടു. വിജിലൻസ് വിഭാഗം ഫിറ്റ്നസ് പരിശോധന സ്ഥലത്ത് മിന്നൽ പരിശോധന നടത്തുകയും കോഡ് നമ്പർ രേഖപ്പെടുത്തിയ അപേക്ഷകൾ പിടികൂടണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.