തൊടുപുഴ: ജില്ലയിൽ വേനൽചൂട് വർധിച്ച സാഹചര്യത്തിൽ ഓപറേഷൻ ലൈഫ് പരിശോധനയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. വഴിയോര ശീതള പാനീയ കേന്ദ്രങ്ങൾ, ജ്യൂസു കടകൾ, ഹോട്ടലുകൾ, കുപ്പിവെള്ളം വിൽക്കുന്ന കടകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. ചൂടുകാലമായതിനാൽ ദാഹം തോന്നിയില്ലെങ്കിലും ആളുകൾ ധാരാളം വെള്ളം കുടിക്കുന്ന സമയമാണ്. സുരക്ഷിതമല്ലാത്ത വെള്ളം കുടിക്കുന്നത് പല വിധ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. ഇതുമൂലമാണ് കുപ്പിവെള്ളം ഉൾപ്പടെയുള്ളവയുടെ പരിശേധന നടത്തുന്നത്. ഭക്ഷ്യ സുരക്ഷ അസി.കമീഷണറുടെ നേതൃത്വത്തിൽ നാല് സ്ക്വാഡുകളായാണ് പരിശോധന. രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് പരിശോധന. ഷവർമ ഉൾപ്പടെയുള്ള ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന കടകളിലും പരിശോധന നടത്തുമെന്ന് അധികൃതർ പറഞ്ഞു.
ജില്ലയിലെ അഞ്ച് താലൂക്കുകളിൽ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തിലുള്ള മൊബൈൽ ലബോറട്ടറി പരിശോധന തുടരുകയാണ്. ഫെബ്രുവരിയിൽ 357 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 11 ഉൽപന്നങ്ങൾ മാത്രമാണ് നിർദിഷ്ട ഭക്ഷ്യ സുരക്ഷ ഗുണനിലവാരം പാലിക്കുന്നതിൽ പരാജയപ്പെട്ടത്. വില വർധനവിന്റെ പശ്ചാത്തലത്തിൽ വെളിച്ചെണ്ണ അടക്കം പരിശോധിച്ചിരുന്നു. എണ്ണ വീണ്ടും ഉപയോഗിക്കുന്നത് സംബന്ധിച്ചും പരിശോധനകൾ നടന്നു. പൊതുജനങ്ങൾ സാമ്പിൾ കൊണ്ടുവന്ന് പരിശോധിച്ചതിനൊപ്പം സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു. 14 പരിശീലനങ്ങളും 24 ബോധവത്കരണ ക്ലാസുകളും നടത്തി.
ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ഭക്ഷ്യപരിശോധന ലബോറട്ടറി വാഹനത്തിന്റെ ഈ മാസത്തെ പര്യടനം ദേവികുളത്ത് നിന്ന് തുടങ്ങി. ഭക്ഷ്യവസ്തുക്കൾ സൗജന്യമായി പരിശോധിക്കാൻ അവസരമുണ്ട്. മാർച്ച് മൂന്ന് മുതല്‍ എഴ് വരെ തൊടുപുഴ, 10 മുതല്‍ 15 വരെ പീരുമേട്, 17 മുതല്‍ 22 വരെ ഉടുമ്പഞ്ചോല, 24 മുതല്‍ 29 രെ ഇടുക്കി എന്നിവിടങ്ങളില്‍ ലബോറട്ടറി വാഹനം പര്യടനം നടത്തും . ഫോണ്‍: 04862 220066
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.