നഗരസഭ ടോയ്‍ലറ്റ് കോംപ്ലക്സ് കെട്ടിടം

കണ്ണ് തുറക്കൂ അധികാരികളേ... ; ഇടുക്കി നഗരസഭ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ടോയ്‍ലറ്റ് കോംപ്ലക്സ് നശിക്കുന്നു

തൊടുപുഴ: നഗരസഭ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ടോയ്‍ലറ്റ് കോംപ്ലക്സ് സാങ്കേതികത്വത്തിൽ കുരുങ്ങി നശിക്കുന്നു. എട്ട് മാസം മുമ്പ് ഉദ്ഘാടനം നടത്തിയ തൊടുപുഴ നഗരസഭയുടെ ടോയ്‍ലറ്റ് കോംപ്ലക്സാണ് ആർക്കും പ്രയോജനമില്ലാതെ നശിക്കുന്നത്. പൊതുഖജനാവിൽനിന്ന് വിവിധ ഘട്ടങ്ങളിലായി ഒന്നേകാൽ കോടിയോളം രൂപ മുടക്കിയ പദ്ധതിക്കാണീ ദുർഗതി. നിർമാണത്തിന് ഫണ്ട് അനുവദിച്ച സർക്കാർ വകുപ്പുകളുടെ സാങ്കേതികത്വങ്ങളിൽ കുരുങ്ങിയാണ് വൻതുക മുടക്കി പുനർനിർമിച്ച കോംപ്ലക്സ് നശിക്കാൻ കാരണം.

ആസൂത്രണമില്ലാത്ത നിർമാണം

ജില്ലയിലെ ഏറ്റവും വലിയ സ്വകാര്യ ബസ് സ്റ്റാൻഡുകളിലൊന്നാണ് തൊടുപുഴ നഗരസഭ ബസ് സ്റ്റാൻഡ്. ജില്ലക്കകത്തേക്കും പുറത്തേക്കുമായി ദിനേന നൂറുകണക്കിന് സർവിസുകളാണ് ഇവിടെനിന്ന് നടത്തുന്നത്. അതുകൊണ്ടുതന്നെ ആയിരക്കണക്കിന് യാത്രക്കാരാണ് ഇവിടെ‍യെത്തുന്നത്. അത്യാവശ്യക്കാർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിന് മതിയായ സൗകര്യങ്ങളില്ലെന്ന പരാതിയെ തുടർന്നാണ് ഇവിടെ ടോയ്‍ലറ്റ് കോംപ്ലക്സ് നിർമാണത്തിന് നഗരസഭ തുടക്കമിട്ടത്. ഇതോടനുബന്ധിച്ച് മുകളിൽ ഷീ ലോഡ്ജും വിഭാവനം ചെയ്തിരുന്നു. ശുചിത്വ മിഷനായിരുന്നു നിർമാണത്തിനാവശ്യമായ ഫണ്ട് അനുവദിച്ചത്. എന്നാൽ സ്ഥലത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാതെ തിടുക്കത്തിൽ കെട്ടിടം പണിതുയർത്തിയതോടെ മാലിന്യ നിർമാർജനം പ്രതിസന്ധിയിലായി. ഇതിനായി ടാങ്ക് സ്ഥാപിക്കാനുദ്ദേശിച്ച സ്ഥലം പാറയായതോടെയാണ് കാരണം. ഇതോടെ പദ്ധതി പാതിവഴിയിൽ നിലക്കുകയായിരുന്നു.

പാഴായ ഉദ്ഘാടന മാമാങ്കം

മാലിന്യ സംസ്കരണ പ്രശ്നങ്ങൾക്ക് പരിഹാരമായെന്ന പ്രഖ്യാപനത്തോടെ കഴിഞ്ഞ കൗൺസിലിന്റെ അവസാന കാലത്ത് അതായത് 2025 നവംബർ മൂന്നിന് പുനർനിർമിച്ച നഗരസഭ ടോയ്‍ലറ്റ് കോംപ്ലക്സിന്റെ ഉദ്ഘാടനം നടത്തി. ഏറെ താമസിയാതെതന്നെ പൊതുജനങ്ങൾക്കായി തുറന്നുനൽകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, മാസം എട്ട് കഴിയുമ്പോഴും ഇത് നടപ്പായില്ല. എന്നുമാത്രമല്ല, വൻതുക മുടക്കി നിർമിച്ച കോംപ്ലക്സ് ഒരു പ്രയോജനമില്ലാതെ നശിക്കാനും തുടങ്ങി. സാമൂഹിക വിരുദ്ധർ താവളമാക്കിയ ഇവിടെനിന്ന് വിലപിടിപ്പുള്ള സാധനങ്ങൾ െപാളിച്ചെടുത്ത് കടത്താനും നശിപ്പിക്കാനും തുടങ്ങി.

സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള ശൗചാലയങ്ങളും മൂത്രപ്പുരകളുമെല്ലാം പണിപൂർത്തിയാക്കിയെങ്കിലും പ്രയോജനമില്ലതെ നശിച്ചുകഴിഞ്ഞു. ശുചിത്വ മിഷന്റെ പഴയ എസ്റ്റിമേറ്റ് പുതുക്കി സമർപ്പിച്ച് അംഗീകാരം വാങ്ങിയെടുക്കുന്നതിനുള്ള കാലതാമസമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതിനായി പലവട്ടം ചർച്ചകളും യോഗങ്ങളും നടന്നെങ്കിലും തെരഞ്ഞെടുപ്പുകളും ഭരണമാറ്റവുമെല്ലാം താമസമുണ്ടാക്കിയെന്നും ഇവർ പറയുന്നു.

വേഗത്തിൽ പൂർത്തിയാക്കും –വൈസ് ചെയർമാൻ

നഗരസഭയുടെ ടോയ്‍ലറ്റ് കോംപ്ലക്സ് സാങ്കേതികത്വങ്ങൾ പരിഹരിച്ച് വേഗത്തിൽ പെതുജനങ്ങൾക്കായി തുറന്നുനൽകാനാണ് ലക്ഷ്യമിടുന്നതെന്ന് നഗരസഭ വൈസ് ചെയർമാൻ കെ. ദീപക്ക്. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളാണ് ഇക്കാര്യത്തിൽ പ്രതിസന്ധി സൃഷ്ടിച്ചത്. പഴയ എസ്റ്റിമേറ്റ് മാറ്റി പുതിയതുണ്ടാക്കേണ്ടി വന്നു. ഇതിന് കാലതാമസമെടുത്തു. നടപടിക്രമങ്ങൾ വേഗത്തിലാക്കാമെന്ന് ശുചിത്വമിഷൻ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.

Tags:    
News Summary - Open your eyes, authorities...; the toilet complex at the Idukki municipal private bus stand is falling into ruin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.