നിലവിലെ മൂലമറ്റം ഫയർ സ്റ്റേഷൻ കെട്ടിടം
മൂലമറ്റം: മൂലമറ്റം അഗ്നിരക്ഷ നിലയത്തിന് കെട്ടിടം നിർമിക്കാൻ ഭരണാനുമതിയായെങ്കിലും ഇവിടെയുള്ള മരങ്ങൾ വെട്ടിമാറ്റാൻ കഴിയാത്തതിനാൽ നിർമാണം അനിശ്ചിതത്വത്തിൽ. വനം വകുപ്പ് മരങ്ങൾക്ക് 1,80,000 രൂപയാണ് വില നിശ്ചയിച്ചിരുന്നത്. ഈ വിലക്ക് മരം വിൽക്കാൻ മൂന്നു തവണ ടെൻഡർ നടത്തിയിരുന്നെങ്കിലും മരം വാങ്ങാൻ ആരുമെത്തിയില്ല. തുടർന്ന് ഇപ്പോൾ 75,000 രൂപ മരത്തിന് വിലയിട്ടിരിക്കുകയാണ്. ഈ മരങ്ങൾ വെട്ടിമാറ്റിയ ശേഷം വേണം കെട്ടിടം നിർമിക്കാൻ.
2014ൽ അഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണ് നിലവിലെ അഗ്നിരക്ഷ നിലയം ഉദ്ഘാടനം ചെയ്തത്. കെ.എസ്ഇ.ബിയുടെ കൈവശമുണ്ടായിരുന്ന സ്ഥലത്തുണ്ടായിരുന്ന താൽക്കാലിക ഷെഡിലാണ് നിലയം പ്രവർത്തിക്കുന്നത്. അഗ്നിരക്ഷ നിലയം പ്രവർത്തിക്കുന്ന 99 സെന്റ് സ്ഥലം ഫയർഫോഴ്സിന് കൈമാറി കിട്ടിയിട്ടുണ്ട്. ഇവിടെ പുതിയ കെട്ടിടം നിർമിക്കുന്നതിനായി രൂപരേഖ തയാറായി. എന്നാൽ, മരം വെട്ടിമാറ്റാൻ കഴിയാത്തതിനാൽ ബാക്കി നടപടികളിലേക്ക് കടക്കാൻ കഴിഞ്ഞിട്ടില്ല. കെ.എസ്ഇ.ബി ഉപേക്ഷിച്ച ഒരു പഴയ ഗോഡൗണിലാണ് നിലയം പ്രവർത്തനം ആരംഭിച്ചത്. തകര ഷീറ്റിട്ട കെട്ടിടത്തിൽ ഏറെ ബുദ്ധിമുട്ടിയാണ് ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത്. വേനൽക്കാലത്ത് പൊള്ളുന്ന ചൂടും, വർഷകാലത്ത് ചോർന്നൊലിക്കുകയും ചെയ്യുന്ന കെട്ടിടത്തിലാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. വൈദ്യുതി വകുപ്പിന്റെ പഴയ ഗോഡൗണാണ് ഇത്. ഇതുമൂലം ആവശ്യത്തിന് വെന്റിലേഷനുകളോ വായു സഞ്ചാരത്തിനു മാർഗങ്ങളോ ഇല്ല. വേനൽകാലത്ത് ചെറിയ കാറ്റത്തുപോലും ഷീറ്റുകൾ പറന്നു പോവും. പൊടിശല്യം കാരണം അലർജിയും ശ്വാസകോശ സംബന്ധമായ രോഗങ്ങളും പിടിപെടുന്നതിനാൽ കെട്ടിടത്തിനുള്ളിൽനിന്നും മാറി സമീപത്തെ മരച്ചുവട്ടിലാണ് ജീവനക്കാർ വിശ്രമിക്കുന്നത്. ഇതിനിടെ മഴയെത്തിയതോടെ കെട്ടിടം ആകെ ചോർന്നൊലിക്കുകയാണ്. കമ്പ്യൂട്ടറും പ്രിന്ററും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പ്ലാസ്റ്റിക് ഷീറ്റുപയോഗിച്ച് മൂടിയാണ് സൂക്ഷിക്കുന്നത്. ഒരു വലിയ ഹാളിനെ പലതായി തിരിച്ച് ഓഫിസ്, വിശ്രമമുറി, കമ്പ്യൂട്ടർ റൂം, അടുക്കള എന്നിവ സജ്ജീകരിച്ചിരിക്കുന്നതിനാൽ പ്രായോഗിക ബുദ്ധിമുട്ടുകളേറെയാണ്. എത്രയും വേഗം തടസ്സങ്ങൾ നീക്കി ഫയർ സ്റ്റേഷൻ നിർമാണം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെയും ജീവനക്കാരുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.