തൊടുപുഴ: തൊഴിലുറപ്പ് പദ്ധതി പരിഷ്കരണത്തിൽ ആശങ്കയോടെ ജില്ലയിലെ തൊഴിലുറപ്പ് തൊഴിലാളികൾ. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ച് വികസിത് ഭാരത് ഗാരൻറി ഫോർ റോസ്ഗാർ ആൻറ് അജീവിക മിഷൻ (വി.ബി.ജി.റാംജി പദ്ധതി) എന്നാക്കി കഴിഞ്ഞദിവസം മുതലാണ് നിലവിൽ വന്നത്. എന്നാൽ പരിഷ്കരിച്ച പദ്ധതിയിൽ തൊഴിൽ ദിനങ്ങളടക്കം വർധിക്കുമെന്നാണ് വിശദീകരണമെങ്കിലും പദ്ധതി നടത്തിപ്പിൽ മലയോരത്ത് ആശങ്കയേറെയാണ്. നിലവിൽ ലക്ഷക്കണക്കിന് തൊഴിലാളികളാണ് ഹൈറേഞ്ചിലും ലോ റേഞ്ചിലുമായി തൊഴിലുറപ്പിനെ ആശ്രിയിച്ച് ജീവിക്കുന്നത്. എന്നാൽ പരിഷ്കരണത്തിലൂടെ ഇവരിൽ പലർക്കും അർഹമായ തൊഴിൽ നിഷേധിക്കപ്പെടുമെന്നാണ് ആശങ്കയുയർന്നിരിക്കുന്നത്.
നിലവിൽ സംസ്ഥാന സർക്കാരിന്റെ കണക്ക് പ്രകാരം 3,43,524 തൊഴിലാളികളാണ് ഇടുക്കിയിൽ തൊഴിലുറപ്പ് പ്രവർത്തനങ്ങളിൽ സജീവമായിട്ടുള്ളത്. ഇതിൽ ഭൂരിഭാഗം പേരുടേയും പ്രധാന വരുമാനമാർഗവും തൊഴിലുറപ്പ് പദ്ധതിയായിരുന്നു. പട്ടിക വർഗ വിഭാഗങ്ങളേറെയുള്ള ജില്ലയെന്ന നിലയിൽ അവരും ഈ പ്രവർത്തനങ്ങളിൽ സജീവമാണ്. എന്നാൽ തൊഴിലുറപ്പ് പദ്ധതിയിലെ പുതിയ പരിഷ്കാരങ്ങൾ ജില്ലയിലെ സാഹചര്യങ്ങളിൽ എന്തൊക്ക മാറ്റം കൊണ്ടുവരുമെന്ന കൃത്യമായ ധാരണ ആർക്കുമില്ലെന്നതാണ് വാസ്തവം. ഇതോടൊപ്പം തന്നെ തൊഴിലുറപ്പ് വേതനത്തിന്റെ 40 ശതമാനം സംസ്ഥാനം വഹിക്കേണ്ടി വരുമെന്ന വ്യവസ്ഥയും തിരിച്ചടിയാകുമെന്നാണ് സൂചന.
ഇതോടൊപ്പം സംസ്ഥാനങ്ങൾക്ക് കേന്ദ്ര വിഹിതം നൽകുന്നതിലെ കർശന മാനദണ്ഡങ്ങളും ഭാവിയിൽ പദ്ധതി നടത്തിപ്പിൽ തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ. ജില്ലയിൽ 50 വയസിന് മുകളിലുള്ളവരാണ് തൊഴിലുറപ്പിൽ സജീവമായി നിൽക്കുന്നത്. ഇവരിൽ ഭൂരിഭാഗവും സ്ത്രീകളുമാണ്. മറ്റ് തൊഴിൽ മേഖലകൾ അപ്രാപ്യമായ ഇവരെ സംബന്ധിച്ചിടത്തോളം 100 തൊഴിൽ ദിനങ്ങൾ നേടുക എന്നത് ഏറെ അഭിമാനകരവുമായിരുന്നു.
പരിഷ്കരിച്ച പദ്ധതിയിൽ കൂടുതൽ പ്രവർത്തികളും വിദഗ്ധ-അർധവിദഗ്ധ തൊഴിലാളികളെ ആവശ്യമുള്ളവയാണ്. അതുകൊണ്ട് തന്നെ പ്രത്യേക വൈദഗ്ധ്യങ്ങളില്ലാത്ത സാധാരണ തൊഴിലാളികൾ പദ്ധതിയിൽ നിന്ന് പുറത്താക്കപ്പെടുമോ എന്ന ആശങ്കയും ശക്തമായിട്ടുണ്ട്. ഇതോടൊപ്പം വിതക്കൽ, കൊയ്ത്ത് തുടങ്ങിയ കാർഷിക സീസണുകളുമായി ബന്ധപ്പെട്ട് രണ്ട് മാസത്തോളം തൊഴിലുറപ്പ് പദ്ധതി നിർത്തിവക്കാനും പുതിയ പരിഷ്കരണത്തിലൂടെ അധികാരമുണ്ട്.ഇതും നിർധന കുടുംബങ്ങൾക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
സംസ്ഥാനത്ത് നേരത്തെ ലൈഫ് ഭവന പദ്ധതിയടക്കം തൊഴിലുറപ്പിന് കീഴിൽ വന്നിരുന്നു. പുതിയ പരിഷ്കരണത്തിൽ ഇത് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ഈ ഗുണഭോക്താക്കൾക്ക് നൽകിയിരുന്ന അധിക തൊഴിൽ ദിനങ്ങളും ഇല്ലാതാകുകയാണ്. ഇതോടൊപ്പം പുതിയ പരിഷ്കരണത്തിൽ തൊഴിൽ ദിനങ്ങൾ 125 ആയി വർധിപ്പിച്ചിട്ടുണ്ടെങ്കിലും മാനദണ്ഡപ്രകാരം ഇത് തൊഴിലാളികൾക്ക് ലഭിക്കുമോ എന്നതിലും വ്യക്തതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.