അടിമാലി: അടിസ്ഥാന സൗകര്യ വികസനംപോലുമില്ലാതെ വീർപ്പുമുട്ടുകയാണ് അടിമാലിക്ക് സമീപമുള്ള പത്താം മൈൽ ടൗൺ. ലക്ഷങ്ങൾ മുടക്കി ടൗണിന്റെ ഹൃദയഭാഗത്തുതന്നെ സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റ് പോലും ഇവിടെ പ്രവർത്തിക്കുന്നില്ല. ദേശീയപാത വികസനം നടത്തിയപ്പോൾ അഴിച്ചുവെച്ചതാണ് ഉയരവിളക്ക്. പിന്നീട് ഇവ തിരികെ സ്ഥാപിച്ചെങ്കിലും ഉണ്ടായിരുന്ന ലൈറ്റുകൾ എവിടെ എന്ന് ആർക്കും അറിയില്ല. അഴിച്ചു കൊണ്ടുപോയത് പഞ്ചായത്താണെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ, തങ്ങൾക്ക് അറിയില്ലെന്ന നിലപാട് പഞ്ചായത്ത് സ്വീകരിക്കുന്നു. ഇതോടെ ഇരുട്ടിൽ കഴിയാനാണ് നാട്ടുകാരുടെ വിധി.
ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ നാട്ടുകാർ പിരിവെടുത്ത് സ്ഥാപിച്ച അത്യാധുനിക സി.സി.ടി.വി കാമറകളും ഇവിടെയില്ല. തിരികെ സ്ഥാപിക്കാൻ എന്താണ് താമസമെന്ന നാട്ടുകാരുടെ ചോദ്യത്തിന് മാത്രം ഉത്തരമില്ല. അടിമാലി പൊലീസ് സ്റ്റേഷനിലായിരുന്നു കാമറകളുടെ നിയന്ത്രണം. എന്നാൽ, കാമറകൾ ഇല്ലാതായതോടെ കാര്യങ്ങൾ കൈവിട്ടുതുടങ്ങി. വാഹന കുറ്റകൃത്യങ്ങളടക്കം വർധിച്ചു. ലഹരി ഉപയോഗിച്ച് വരുന്നവരുടെ ശല്യവും കൂടി. വെയ്റ്റിങ് ഷെഡുകൾ ഇല്ലാത്തത് ബസ് കാത്തുനിൽക്കുന്ന വിദ്യാർഥികളെ പ്രയാസത്തിലാക്കുന്നു. ടൗണിൽ നിന്ന് മാറിയുള്ള കംഫർട്ട് സ്റ്റേഷനും ഉപകാരപ്പെടുന്നില്ല.
വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ, കുടുംബാരോഗ്യ കേന്ദ്രം എന്നിവയുള്ളതിനാൽ തിരക്കുള്ള സ്ഥലമാണ് പത്താംമൈൽ ടൗൺ. കെ.എസ്.ആർ.ടി.സി പത്താം മൈലിൽ ഫെയർസ്റ്റേജ് അനുവദിച്ചെങ്കിലും ഓർഡിനറി ബസുകൾക്ക് മാത്രമാണ് ഇതിന്റെ അനുകൂല്യമുള്ളത്. ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ്, സ്വിഫ്റ്റ് തുടങ്ങിയ എല്ലാ ബസുകളും അഞ്ച് കിലോമീറ്റർ വരെ വ്യത്യാസമുള്ള സ്ഥലങ്ങളിലെ ഫെയർ സ്റ്റേജാണ് ഇപ്പോഴും ഈടാക്കുന്നത്. ഇത് അധിക സാമ്പത്തിക ബാധ്യത എല്ലാവർക്കും ഉണ്ടാക്കുന്നു. ഇത്തരം പ്രശ്നങ്ങളിൽ അടിയന്തര പരിഹാരം ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.