1- ബൈസൺവാലി കാക്കകടയിൽ റോഡിലൂടെ നീങ്ങുന്ന കാട്ടുപോത്ത്, 2- മാങ്കുളത്ത് കരടിയെ കണ്ടപ്പോൾ
തൊടുപുഴ: പിറന്ന മണ്ണ് ഉപേക്ഷിച്ച് ഓടിപ്പോകേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ. അത്രക്കുണ്ട് വനാതിർത്തി പങ്കിടുന്ന പ്രദേശങ്ങിലെ വന്യമൃഗ ശല്യം. ഓരോ ദിവസവും വന്യമൃഗങ്ങളുടെ ശല്യം കൂടിവരുന്നതല്ലാതെ കുറയുന്നില്ല.
മൂന്നാറിൽ ആന മുതൽ കടുവ വരെ ഭീതി വിതക്കുമ്പോൾ പീരുമേട് മേഖലയിൽ കാട്ടാനക്കൂട്ടങ്ങൾ ജനവാസ മേഖലയിൽ തമ്പടിച്ച് നിൽക്കുകയാണ്. വന്യമൃഗങ്ങൾ കൂട്ടമായി നാട്ടിലിറങ്ങുന്നത് കാരണം വനാതിർത്തിയിലെ കൃഷി അവസാനിപ്പിക്കേണ്ട ദുരവസ്ഥയിലാണ് ഗ്രാമീണ കർഷകർ. ആന, കാട്ടുപോത്ത്, പുലി, കടുവ, കാട്ടുപന്നി, കുരങ്ങ് എന്നിവയുടെ ശല്യം കാരണം വിളവെടുക്കാറായ കൃഷികളെല്ലാം നഷ്ടപ്പെടുന്നു. കൃഷിനാശത്തിന് ഒരു ദിവസത്തെ അദ്ധ്വാനത്തിന്റെ വില പോലും നഷ്ടപരിഹാരമായി ലഭിക്കുന്നില്ല.
കല്ലാർ എസ്റ്റേറ്റിൽ പകൽ പോലും പുലിയടക്കമുള്ള മൃഗങ്ങളുടെ സാന്നിധ്യം കണ്ടതോടെ ജനങ്ങൾ പ്രതിഷേധത്തിലാണ്. ജനവാസ മേഖലയിലിറങ്ങുന്ന മൃഗങ്ങളെ കൂടു വെച്ച് പിടിച്ച് വനത്തിൽ കൊണ്ടുവിടണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. നൂറുകണക്കിന് പശുക്കളെ പുലി കടിച്ച് കൊന്നിട്ടുണ്ട്.
വനത്തിലെ മൃഗങ്ങൾക്ക് കൊടുക്കുന്ന പ്രാധാന്യം ജനങ്ങൾക്ക് നൽകുന്നില്ലെന്നും നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധവുമായി ഇറങ്ങേണ്ടിവരുമെന്നും പ്രദേശവാസികൾ മുന്നറിയിപ്പ് നൽകുന്നു.
മൂന്നാറിലെ തോട്ടം മേഖലയിൽ പടയപ്പയിറങ്ങി ഉണ്ടാക്കുന്ന നാശനഷ്ടങ്ങൾ വീണ്ടും കൂടിവരികയാണ്. പെരിയവരൈ ടോപ്പ് ഡിവിഷനിലാണ് രണ്ടു ദിവസമായി ശല്യം രൂക്ഷമായിരിക്കുന്നത്. ജനവാസമേഖലയിലിറങ്ങിയ കാട്ടാന തൊഴിലാളികളുടെ വീടിനോടു ചേർന്ന് വളർത്തിയിരുന്ന വാഴകളും പച്ചക്കറികളും തിന്നുനശിപ്പിച്ചു. പകൽ സമയത്തും ജനവാസ മേഖലയിലാണ് പടയപ്പ തമ്പടിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏഴിന് രാത്രി കന്നിമല ഫാക്ടറി ഡിവിഷനിലിറങ്ങി കൃഷികൾ നശിപ്പിച്ചശേഷം കാട്ടിലേക്ക് മടങ്ങിയ പടയപ്പ രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും ജനവാസ മേഖലയിലെത്തിയത്. വേനൽ കടുത്തതോടെ വനത്തിൽനിന്ന് കഴിഞ്ഞ ദിവസം മുതൽ കാട്ടാനകൾ ജനവാസ മേഖലയിലേക്ക് കൂട്ടമായി എത്തുകയാണ്. കന്നിമല ടോപ്, രാജമല അഞ്ചാംമൈൽ, മാട്ടുപ്പെട്ടി എന്നിവിടങ്ങളിലാണ് കാട്ടാനകൾ കൂട്ടമായി ഇറങ്ങിയത്.
ഇടുക്കി മാങ്കുളത്ത് ജനവാസ മേഖലയില്‍ കരടിയിറങ്ങിയതായും അഭ്യൂഹമുണ്ട്. മാങ്കുളം പട്ടക്കട സിറ്റിക്ക് സമീപം മേനാതുണ്ടത്തില്‍ അനീഷിന്റെ വീടിന് സമീപത്താണ് കരടിയെത്തിയത്. ശനിയാഴ്ച്ച വൈകീട്ടായിരുന്നു സംഭവം. അനീഷിന്റെ ഭാര്യയും കുഞ്ഞുങ്ങളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ബഹളം കേട്ടതോടെ കരടി ഓടിമറഞ്ഞു. ഏതാനും ദിവസങ്ങളായി രാത്രികാലത്ത് വളര്‍ത്തുനായ്ക്കള്‍ കുരച്ച് ബഹളമുണ്ടാക്കിയിരുന്നതായി അനീഷ് പറഞ്ഞു.
മാങ്കുളം പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷമായി തുടരുന്നതിനിടെ ജനവാസ മേഖലയില്‍ കരടിയുടെ സാന്നിധ്യമുണ്ടായത് ആളുകളെ ആശങ്കയിലാക്കിയിട്ടുണ്ട്.
പച്ചക്കറി അവശിഷ്ടങ്ങൾ തിന്ന് മടങ്ങുന്ന കാട്ടാനകൾ കല്ലാറിലെ പഞ്ചായത്ത് വക മാലിന്യസംസ്കരണ പ്ലാന്റിലെ കാഴ്ചയാണ്. നല്ലതണ്ണി കല്ലാറിലെത്തിയ കാട്ടാനകൾ പച്ചക്കറി അവശിഷ്ടങ്ങൾ തിന്നു മടങ്ങുകയാണ്.
കഴിഞ്ഞ രണ്ടു ദിവസമാണ് രണ്ടു കൊമ്പന്മാർ മാലിന്യസംസ്കരണ പ്ലാന്റിലെത്തി പച്ചക്കറി അവശിഷ്ടങ്ങൾ തിന്ന് മടങ്ങിയത്. ലക്ഷ്മി മേഖലയിലുണ്ടായിരുന്ന ഒറ്റക്കൊമ്പനും മറ്റൊരു കൊമ്പനുമാണ് പ്ലാന്റിലെത്തുന്നത്.
ബൈസൺവാലിയിൽ ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി. കാക്കകടയിൽ രാവിലെ റോഡിലൂടെ എത്തിയ കാട്ടുപോത്ത് കൃഷിയിടത്തിലും സമീപ പ്രദേശങ്ങളിലുമായി ചുറ്റിത്തിരിയുകയാണ്. മുമ്പ് ബൈസൺവാലി ജോസ് ഗിരിയിൽ ജനവാസ മേഖലയിൽ എത്തിയ കാട്ടുപോത്ത് ആളുകളെ അക്രമിക്കുകയും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തതിനെ തുടർന്ന് വെടിവച്ച് കൊന്ന സംഭവവും ഉണ്ടായിട്ടുണ്ട്. ദേവികുളം റേഞ്ചിലെ വനപാലകർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പോത്തിനെ കാട്ടിലേക്ക് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മൂന്നാർ കല്ലാറിലെ തേയിലത്തോട്ടത്തിൽ പകൽ സമയത്ത് കടുവയിറങ്ങിയത് അടുത്തിടെയാണ്. കല്ലാർ ഫാക്ടറി ഡിവിഷനിൽ എട്ടാം നമ്പർ ഫീൽഡിലാണ് കഴിഞ്ഞ ദിവസം രാവിലെ 8.15ന് തൊഴിലാളികൾ കടുവയെ കണ്ടത്.
തൊഴിലാളികൾ കൊളുന്ത് എടുത്തുകൊണ്ടിരുന്ന സമയത്താണ് എതിർ ഭാഗത്തുള്ള റോഡിലൂടെ കടുവ നടന്ന് കാട്ടിലേക്ക് പോയത്. ആറു മാസം മുമ്പ് എസ്റ്റേറ്റിൽ തൊഴിലാളികൾ കടുവയെ കണ്ടിരുന്നു. മേഖലയിൽ ഏതാനും മാസങ്ങളായി കടുവയെ കൂടാതെ കാട്ടുപോത്ത്, കാട്ടാനകൾ എന്നിവയുടെ ശല്യവും കൂടുതലാണ്.
കുണ്ടള സാൻഡോസ് എസ്.ടി കോളനിയിൽ പി. ഷണ്മുഖന്റെ നാല് പശുക്കളെ കടുവ കൊന്നിരുന്നു. രണ്ടാഴ്ച മുമ്പ് എസ്.സി കോളനിയിൽ കവിത കുമാറിന്റെ മേയാൻ വിട്ട വളർത്തുപോത്തിനെ കടുവ കൊന്നു തിന്നിരുന്നു.
ഇടുക്കി: തോട്ടം തൊഴിലാളികളെ ഭീതിയിലാഴ്ത്തി കന്നുകാലികളെ ആക്രമിച്ച് കൊലപ്പെടുത്തുന്ന കടുവയെയും പുലിയെയും കൂട്ടിലാക്കണമെന്ന ആവശ്യവുമായി മൂന്നാറിലെ തോട്ടം തൊഴിലാളികൾ. ഇല്ലെങ്കിൽ മൂന്നാറിലെ വനം വകുപ്പ് ഓഫിസിന് മുന്നിൽ സമരം ആരംഭിക്കുമെന്നും മുന്നറിയിപ്പ്. പകൽ പോലും കടുവയെ കണ്ടതോടെ ഭയത്തോടെയാണ് ജോലിക്ക് പോകുന്നത്. രണ്ടു വർഷത്തിനിടെ തൊഴിലാളികളുടെ 250ഓളം പശുക്കളാണ് വന്യജീവി അക്രമണത്തിന് ഇരയായത്. കാട്ടാനകൾക്കും കാട്ടുപോത്തിനും പുറമെ കടുവയെയും പുലിയെയും തോട്ടംമേഖലയിൽ കണ്ടെത്തിയതോടെ തൊഴിലാളികൾ പകൽ പോലും പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്. അടിയന്തര ഇടപെടൽ വനം വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.