തൊടുപുഴ: കാലവർഷം തുടങ്ങിയതിന് പിന്നാലെ ജില്ലയിൽ പകർച്ചപ്പനിയടക്കമുളള വിവിധ പകർച്ച വ്യാധികളാണ് റിപ്പോർട്ട് ചെയ്യുന്നത്. പകർച്ചപ്പനി, ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം അടക്കമുളളവയുമായാണ് ജനങ്ങൾ ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്നത്. ജലജന്യ രോഗങ്ങൾ, വയറിളക്കം, ടൈഫോയിഡ്, മഞ്ഞപ്പിത്തം (വൈറൽ ഹെപ്പറ്റൈറ്റിസ്) എന്നിവയാണ് പ്രധാന മഴക്കാല രോഗങ്ങൾ. ഇതിനുപുറമേ ആശങ്കയുയർത്തി വീണ്ടും കോവിഡ് കേസുകളുടെ വർധനയുമുണ്ട്. സ്കൂൾ തുറന്നതോടെ പകർച്ച വ്യാധികൾ വ്യാപകമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
പകർച്ചപ്പനി ബാധിച്ച് ഒരുമാസത്തിനിടെ ജില്ലയിൽ ചികിത്സ തേടിയത് 6793 പേരാണ്. ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം തിങ്കളാഴ്ച മാത്രം 249 പേർ വിവിധ ആശുപത്രികളിൽ ചികിത്സതേടി. ഇതോടൊപ്പം ഒരു മാസത്തിനിടെ 17 പേർക്കാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ച രണ്ടു പേർക്കും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡെങ്കി ലക്ഷണങ്ങളോടെ ഇക്കാലയളവിൽ 96 പേരും ചികിത്സ തേടി. ആരോഗ്യവകുപ്പിന്റെ കണക്കിൽ എട്ട് പേർ എലിപ്പനി ബാധിച്ചും 33 പേർ ലക്ഷണങ്ങളോടെയും ചികിത്സ തേടി. ഇതോടൊപ്പം സാധാരണ മഞ്ഞപ്പിത്തം മുതൽ ഗുരുതരമായ ഹെപ്പറ്റെറ്റിസ് ബി വരെയുളളവയും ചിലയിടങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
സംസ്ഥാനത്താകെ കേവിഡ് കണക്കുകളിൽ വരുന്ന വർധനവ് ജില്ലയിലും ആശങ്ക വിതക്കുന്നുണ്ട്. നിലവിൽ 30 പേർക്കാണ് ജില്ലയിൽ കോവിഡ് പോസിറ്റീവായിട്ടുളളതെന്നാണ് വകുപ്പിന്റെ കണക്ക്. ഇതിൽ 25 പേർ വീട്ടിലും അഞ്ചുപേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
മറ്റ് ജില്ലകളെ അപേക്ഷിച്ച് ഇത് താരതമ്യേന കുറവാണെങ്കിലും മധ്യവേനലവധിക്ക് ശേഷം സ്കൂളുകൾ തുറന്നതോടെ കോവിഡ് അടക്കമുളള രോഗങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യാനിടയുണ്ടെന്ന് വിലയിരുത്തലുണ്ട്. നിലവിൽ സംസ്ഥാന തലത്തിൽ കോവിഡ് കേസുകൾ വർധിച്ചതോടെ ആരോഗ്യവകുപ്പ് മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കോവിഡ് ടെസ്റ്റും മാസ്ക് ധരിക്കലുമെല്ലാം വീണ്ടും സജീവമാകും.
കാലവർഷത്തിന് പിന്നാലെ സജീവമാകുന്ന പകർച്ച വ്യാധികൾക്കെതിരെ പ്രതിരോധ നടപടികൾ കാര്യക്ഷമമാക്കാനൊരുങ്ങുകയാണ് ആരോഗ്യവകുപ്പ്. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. കാർഷിക മേഖലയിൽ പണിയെടുക്കുന്നവർ, തൊഴിലുറപ്പ് തൊഴിലാളികൾ, വെള്ളക്കെട്ടിലും ചെളിയിലുമെല്ലാം തൊഴിലെടുക്കുന്നവർ എന്നിവരെ കേന്ദ്രീകരിച്ചെല്ലാം ബോധവത്കരണ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്.
ഇത്തരം സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നവർക്കെല്ലാം എലിപ്പനി പ്രതിരോധ മരുന്നുകളടക്കം നൽകണമെന്ന് നേരത്തെ തന്നെ നിർദേശവുമുണ്ട്. മഴക്കാല രോഗങ്ങൾ പ്രതിരോധിക്കാൻ ജലസേചന വകുപ്പ്, പൊലീസ്, ഭക്ഷ്യ സുരക്ഷാവകുപ്പ് തുടങ്ങിയവയുടേയും സഹകരണം ഉറപ്പാക്കിയാണ് പ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.