വട്ടവടയിലെ കൃഷിപ്പാടം
കാലാവസ്ഥ വ്യതിയാനം; വട്ടവടയില്‍ കൃഷി വെല്ലുവിളി
തൊടുപുഴ: ശീതകാല പച്ചക്കറിയുടെ കലവറയായ ഇടുക്കി വട്ടവടയില്‍ കാലാവസ്ഥ വ്യതിയാനം കാർഷിക മേഖലക്ക് തിരിച്ചടിയാകുന്നു. 2000 ഹെക്ടറില്‍നിന്ന് 800 ഹെക്ടറായി കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് പച്ചക്കറി കൃഷി കുറഞ്ഞു.
മഴയുടെ കുറവും ജലസേചന സൗകര്യങ്ങള്‍ ഇല്ലാത്തതും സബ്സിഡി ലഭിക്കാത്തതുമാണ് പ്രധാന വെല്ലുവിളിയായി മാറിയത്. പച്ചക്കറി കൃഷിനിലങ്ങള്‍ വ്യാപകമായി തരിശുഭൂമിയായി മാറുകയാണ്. ആവശ്യമായ മഴ ലഭിക്കാത്തതിനാല്‍ ഇറക്കിയ കൃഷി കരിഞ്ഞുണങ്ങി.
വെളുത്തുള്ളി, ഉരുളക്കിഴങ്ങ്, കാബേജ്, കാരറ്റ്, ബീന്‍സ്, ഗ്രീന്‍ പീസ്, മല്ലി തുടങ്ങി വട്ടവടയുടെ സ്വന്തം പച്ചക്കറികളുടെ ഉൽപാദനമാണ് കുത്തനെ ഇടിഞ്ഞത്. ഉൽപന്നങ്ങൾ വില്പന നടത്തുന്ന ഇടനിലക്കാരില്‍നിന്ന് പണം കടം വാങ്ങിയാണ് കര്‍ഷകര്‍ കൃഷിയിറക്കുന്നത്. വലിയ ലാഭം ഇടനിലക്കാര്‍ കൊയ്യുന്നതോടെ പല കര്‍ഷകരും കൃഷി മുന്നോട്ടു കൊണ്ടുപോകാനാകാത്ത സ്ഥിതിയിലാണ്.
ഓരോ സീസണ് കഴിയുമ്പോഴും ഭീമമായ നഷ്ടത്തിലേക്കാണ് കര്‍ഷകര്‍ കൂപ്പുകുത്തുന്നത്. ഇതോടൊപ്പം വിത്തിനും വളത്തിനും വില കുത്തനെ കുതിച്ചുയരുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. വട്ടവടയിലെ കാലാവസ്ഥ അടിമുടി മാറിയതോടെയാണ് കൃഷിയിടങ്ങളില്‍ ഉൽപാദനം കുറഞ്ഞതും കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങി കൃഷി തന്നെ നഷ്ടക്കച്ചവടമായതും.
കാലാവസ്ഥ മാറിയ സാഹചര്യത്തില്‍ മഴക്കുറവിനെ പ്രതിരോധിക്കാന്‍ നൂതന ജലസ്രോതസ്സുകള്‍ വഴി കാര്‍ഷിക വിളകള്‍ നനക്കാനും മറ്റും കര്‍ഷകര്‍ക്ക് സൗകര്യം ഒരുക്കിയാലേ കൃഷി ഇവിടെ അന്യംനിന്നുപോകാതിരിക്കൂ. ജില്ല പഞ്ചായത്ത്, ജലവിഭവ വകുപ്പ് എന്നിവയുടെ ജലസേചന സൗകര്യങ്ങള്‍ ഒരുക്കുകയും നിര്‍ത്തലാക്കിയ സബ്സിഡി പുനരാരംഭിക്കുകയും ചെയ്യണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.