തദേഹം തേടി എസ്.ഐ. ആതിര പവിത്രനും പോലീസുകാരും രാത്രി കൊടുംകാട്ടിലൂടെ നീങ്ങുന്നു
മൃതദേഹം തേടി കൊടുംവനത്തിലൂടെ പൊലീസ് നടത്തിയത് സാഹസിക യാത്ര
ചെറുതോണി: കൊടും വനത്തിലൂടെ മൃതദേഹം കണ്ടെത്താൻ കഞ്ഞിക്കുഴി പൊലീസ് നടത്തിയത് അതി സാഹസിക യാത്ര. ചെങ്കുത്തായാ പാറയിടുക്കിൽ ചാടി ജീവനൊടുക്കിയ ആദിവാസി യുവാവിന്റെ മൃതദേഹം തേടിയായിരുന്നു യാത്ര. വെൺമണി പാലപ്ലാവ് ഉന്നതിയിൽ നിന്ന് സഹോദരൻ പാറയളിയിൽ സജിയെ (30) കാണാനില്ലന്നുകാണിച്ച് സഹോദരി ചിത്ര കഴിഞ്ഞ 12നാണ് ഇടുക്കികഞ്ഞിക്കുഴി പൊലീസിൽ പരാതി നൽകുന്നത്. സജിയെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനിടയിലാണ് ഉൾവനത്തിൽ അടപ്പൻ മലപാറയിടുക്കിൽ ദുർഗന്ധം വമിക്കുന്ന മൃതദേഹം കിടക്കുന്ന വിവരം ഫോറസ്റ്റ് വാച്ചർമാർ കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷനിൽ അറിയിക്കുന്നത്. അപ്പോൾത്തന്നെ സർക്കിൾ ഇൻസ്പെക്ടർ കെ.ജെ.ജോബിയുടെ നിർദ്ദേശാനുസരണം എസ്.ഐമാരായ ആതിര പവിത്രൻ, അജിംസ്. എസ്, സി.പി.ഒമാരായ റ്റി.ആർ രാജ്മോഹൻ, പി.എസ്., പ്രിൻസ് തോമസ്, താജുദ്ദീൻ ടെൻസൺ എന്നിവരടങ്ങിയ സംഘം പുറപ്പെട്ടു. സമയം രണ്ടു മണിയോടെ മനയത്തടത്തുചെന്നപ്പോൾ ജീപ്പ് പോകുന്ന പാത അവസാനിച്ചു.
പിന്നെ ഉൾവനത്തിലൂടെ കല്ലും മണ്ണും പാറക്കൂട്ടങ്ങളും നിറഞ്ഞ കാട്ടുവഴിയിലൂടെ രണ്ടുമണിക്കൂർ യാത്ര. കൂടെ ഏതാനും നാട്ടുകാരും വഴി കാണിച്ചു. ഫോറസ്റ്റ് വാച്ചർ ബിജുവും ചേർന്നു. ടോർച്ചു വെട്ടത്തിൽ അടപ്പൻ മലകണ്ടുപിടിക്കാൻ നന്നേ പാടുപെട്ടു. ഒടുവിൽ ആദിവാസികൾ കാട്ടുകമ്പു വെച്ചുകെട്ടി ഉണ്ടാക്കിക്കൊടുത്ത വടത്തിലൂടെ പോലീസുകാർ 20 അടി താഴ്ചയുള്ള പാറയിടുക്കിലേക്ക് ഊർന്നിറങ്ങി. ദുർഗന്ധം വമിച്ചു തുടങ്ങിയ മൃതദേഹം പ്ലാസ്റ്റിക്കിൽ പൊതിഞ്ഞുകെട്ടി ജീപ്പു കിടക്കുന്ന സ്ഥലത്തേക്കു ചുമന്നു കൊണ്ടുവന്നു.
ഇതിനിടെ തോട്ടപ്പുഴു കടിച്ചും വെള്ളം പോലും കിട്ടാതെയും പലരും അവശരായി. ജീപ്പു കിടക്കുന്ന സ്ഥലം വരെ മാറി മാറി ചുമന്നു അവിടെ നിന്നും കരിമ്പനിലെത്തിയപ്പോഴേക്കും തോട്ടപ്പുഴു കടിച്ചു കാലുകൾ നീരുവച്ചും ചാറ്റൽ മഴ നനഞ്ഞും എല്ലാവരും അവശരായി. വെളുപ്പിനു മണിയാറം കുടി വഴി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലെത്തിച്ചപ്പോൾ സമയം പുലർച്ചെ മൂന്നു മണിയോടടുത്തു. ആദിവാസി യുവാവ് ആൽമഹത്യ ചെയ്തതാണന്നാണ് പ്രാഥമിക നിഗമനം. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇയാൾ രണ്ടു തവണ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.