സിങ്കുകുടിയെ ദുഃഖത്തിലാഴ്ത്തി തൊഴിലാളി സ്ത്രീകളുടെ മരണം
അടിമാലി: എന്നും ചിരിച്ചും കഥ പറഞ്ഞും ജോലിക്ക് പോയിരുന്ന ചില്ലിയമ്മയുടെയും വീര ലക്ഷ്മിയുടെയും വേർപ്പാട് സിങ്കുകുടിയെ ദു:ഖത്തിലാഴ്ത്തി. ഞായറാഴ്ച രാവിലെയും ഈ ഉന്നതിയിലെ ആറ് പേരും ഒരുമിച്ചാണ് ഏലത്തോട്ടത്തിൽ ജോലിക്ക് എത്തിയത്. അടുത്തടുത്തായി കഥകൾ പറഞ്ഞും പാട്ട് പാടിയുമൊക്കെയാണ് ഇവർ ജോലി ചെയ്തിരുന്നത്. മരത്തിന്‍റെ രൂപത്തിൽ ദുരന്തം എത്തി രണ്ട് ജീവൻ അപഹരിച്ചതിന്‍റെ ഞെട്ടലിലാണ് കൂടെ ജോലി ചെയ്തവരും നാടും. മരം ഒടിഞ്ഞ് വരുന്നത് കണ്ട് മറ്റുള്ളവർ ഓടി രക്ഷപെട്ടു.
എന്നാൽ കൺ മുന്നിൽ ചില്ലിയമ്മയും വീരലക്ഷ്മിയും മരത്തിനടിയിൽ കിടന്ന് പിടയുന്നത് ഞെട്ടലോടെയാണ് കൂടെയുണ്ടായിരുന്ന നാലുപേരും ഓർക്കുന്നത്. അതേസമയം, ഏലത്തോട്ടങ്ങളിൽ മരം വീണുള്ള ദുരന്തങ്ങൾ തുടർകഥയാണ്. ഇതിനകം നിരവധി തൊഴിലാളികളാണ് മരം വീണ് മരിച്ചത്. കൂടാതെ കാട്ടാന കൂട്ടങ്ങളുടെ ആക്രമണത്തിലും ഇതര വന്യ ജീവികളുടെ ആക്രമണങ്ങളിലും മരിച്ചവർ ധാരാളം. തുച്ചമായ വേതനത്തിൽ ജീവൻ പോലും പണയപ്പെടുത്തിയാണ് തൊഴിലാളികൾ ജോലി ചെയ്യുന്നത്. ഇതിനിടെ നിരന്തരമായുണ്ടാകുന്ന അപകടങ്ങളും ദുരന്തങ്ങളും ഇവരുടെ ആശങ്ക വർധിപ്പിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.