മഞ്ഞുപെയ്യുന്നത് മാത്രമല്ല കുറിഞ്ഞിയും കാണാം, മീശപ്പുലിമലയിൽ...

തൊടുപുഴ: മീശപ്പുലിമലയിൽ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടുണ്ടോ എന്ന ‘ചാർലി’ സിനിമയിൽ ദുൽഖർ സൽമാന്‍റെ ഒറ്റ ഡയലോഗോടെയാണ്​​ മൂന്നാറിനടുത്ത് സ്ഥിതിചെയ്യുന്ന മീശപ്പുലിമലക്ക്​ നല്ലകാലം തുടങ്ങിയത്​.

മഞ്ഞിനൊപ്പം നീലക്കടൽ പോലെ മലനിരകളെ പൊതിഞ്ഞ നീലക്കുറിഞ്ഞിപ്പൂക്കളാണ്​ ഇപ്പോൾ മീശപ്പുലിമലയുടെ പ്രധാന ആകർഷണം. ഒഴുകിയെത്തുന്ന കോടമഞ്ഞും വരയാടുകളും ചേർന്ന്​ ഒക്​ടോബറിൽ കാഴ്ചയുടെ പുതിയ കവാടം തുറക്കുകയാണ്​ മീശപ്പുലിമല. പുലർകാലത്ത്​ മഞ്ഞ്​ പെയ്യുന്ന മല കാണാൻ എത്തുന്നവരുടെ എണ്ണം ഇപ്പോൾ അതിശയിപ്പിക്കുന്നതാണ്​.

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കൊടുമുടിയായ മീശപ്പുലിമലയില്‍ നീലക്കുറിഞ്ഞി ആസ്വദിക്കാന്‍ മുന്‍കൂട്ടി വനം വകുപ്പിന്‍റെ അനുമതി വാങ്ങണം.

കുറിഞ്ഞി ആപ് വഴിയോ www.kfdcecotourism.com എന്ന വെബ്‌സൈറ്റ് വഴിയോ മുന്‍കൂട്ടി ബുക്ക് ചെയ്തശേഷം എത്തുന്നവര്‍ക്കേ മീശപ്പുലിമലയില്‍ പ്രവേശനം അനുവദിക്കൂവെന്നും ദിവസവും 750 പേരെയേ കടത്തിവിടൂവെന്നും വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

മൂന്നാര്‍ സൈലന്റ് വാലി റോഡിലുള്ള കോര്‍പറേഷന്റെ ഓഫിസില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയാണ് മീശപ്പുലിമല. ഇവിടേക്ക് സഞ്ചാരികള്‍ക്ക് എത്തിച്ചേരാന്‍ വനം വകുപ്പ് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പശ്ചിമഘട്ടത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി

പശ്ചിമഘട്ടത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയാണ് മീശപ്പുലിമല. മീശയുടെ ആകൃതിയിലായതിനാലാണ് ഈ മലനിരകൾക്ക് ഈ പേര് കൈവന്നതെന്ന് പറയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 2640 മീറ്ററാണ് ഈ കൊടുമുടിയുടെ ഉയരം.

മൂന്നാറിൽ നിന്ന് 27 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ മീശപ്പുലിമലയിൽ എത്തിച്ചേരാം. കേരളത്തിൽ ട്രക്കിങ് അനുവദിക്കപ്പെട്ടിട്ടുള്ള ഏറ്റവും ഉയരമേറിയ കൊടുമുടിയാണിത്.

ഒരാള്‍ക്ക് ജി.എസ്.ടി ഉള്‍പ്പെടെ 1475 രൂപയാണ് നിരക്ക്. രാവിലെ ആറുമണി മുതലാണ് പ്രവേശനം. 60 പേര്‍ക്ക് ടെന്റ് സ്റ്റേ സൗകര്യവും വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്. സ്ലീപ്പിങ്​ ബാഗുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ടെന്റിലുണ്ട്.

മൂന്നുനേരം ഭക്ഷണം ഉള്‍പ്പെടെ ഇവിടെ താമസിക്കുന്നതിന് പ്രത്യേക ഇക്കോ ടൂറിസം പാക്കേജിന്റെ ഭാഗമായി ഒരാള്‍ക്ക് 4500 രൂപയാണ് നിരക്ക്. റോഡോ മാന്‍ഷനില്‍ 18 പേര്‍ക്ക് പ്രത്യേക താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഏഴു കിലോമീറ്റര്‍ ഓഫ് റോഡ് യാത്ര ഉള്‍പ്പെടുന്ന ഈ ട്രക്കിങ്ങില്‍ വഴിയോരത്ത് പല ഭാഗത്തും നീലക്കുറിഞ്ഞി വസന്തം കാണാം എന്നതാണ് പ്രത്യേകത. സമുദ്രനിരപ്പില്‍നിന്ന് 2,640 മീറ്റര്‍ (8661 അടി) ഉയരത്തിലുള്ള മീശപ്പുലിമല ട്രക്കിങ് തന്നെ ആകര്‍ഷകമാണ്.

വരയാടുകളെ കാണുന്നതിനും സൂര്യോദയം ആസ്വദിക്കുന്നതിനും പുറമേ പൂത്തിറങ്ങിയ കുറിഞ്ഞി വസന്തം കൂടിയായപ്പോള്‍ സഞ്ചാരികള്‍ക്ക് ഇപ്പോള്‍ ഇവിടെ കാഴ്ചയുടെ നിറപ്പൊലിമയാണ്.

12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി സംരക്ഷിത പുഷ്പങ്ങളില്‍ ഒന്നാണ്. ഇത് പറിക്കുന്നതും ചെടികള്‍ നശിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണന്നും നിയമലംഘകര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും വനം വകുപ്പ് അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

* വനം വകുപ്പ് നിര്‍ദ്ദേശിക്കുന്ന പാതയിലൂടെ മാത്രം യാത്ര ചെയ്യുക.

* പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുക. മദ്യം അടക്കമുള്ള ലഹരിവസ്തുക്കളും നിരോധിച്ചിട്ടുണ്ട്.

*വരയാടുകള്‍ അടക്കമുള്ള മൃഗങ്ങളേയും അപൂര്‍വ്വയിനം തവളകളേയും മറ്റു ജീവികളെയും തൊടാനോ തീറ്റ കൊടുക്കാനോ പാടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.