നെ​ല്ലാ​പ്പാ​റ ​റോ​ഡി​ൽ പു​തു​താ​യി വ​ര​ച്ച സു​ര​ക്ഷ അ​ട​യാ​ള​ങ്ങ​ൾ

നെല്ലാപ്പാറ വളവിൽ; അപകടമൊഴിവാക്കാൻ നടപടി തുടങ്ങി

തൊടുപുഴ: തൊടുപുഴ - പാലാ റൂട്ടിലെ നെല്ലാപ്പാറ വളവില്‍ അപകടമൊഴിവാക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി തുടങ്ങി. വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാനും അപകട സാധ്യതയൊഴിവാക്കാനുമായി വിവിധ സുരക്ഷാ സംവിധാനങ്ങളാണ് പി.ഡബ്ല്യു.ഡി റോഡ് മെയിന്റനന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നെല്ലാപ്പാറ വളവില്‍ നടന്നുവരുന്നത്.

പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ അപകടങ്ങൾ പതിവായതോടെയാണ് നടപടികളുമായി അധികൃതർ രംഗത്തെത്തിയത്. കെ.എസ്.ആർ.ടി.സി ബസുകളും ചരക്കുലോറികളും ഉള്‍പ്പെടെയാണ് ഇവിടെ അപകടത്തില്‍പ്പെട്ടത്. മൂന്നു ഡ്രൈവര്‍മാരുടെ ജിവന്‍ നഷ്ടമാകുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വളവിന്റെ അപകടാവസ്ഥ മനസ്സിലാക്കാതെയാണ് പല വാഹന ഡ്രൈവര്‍മാരും ഇവിടെ അപകടത്തില്‍പ്പെടുന്നത്.

132 കിലോമീറ്റര്‍ പാതയില്‍ 27 കൊടും വളവുകളുണ്ടെങ്കിലും നെല്ലാപ്പാറയിലാണ് പതിവായി അപകടങ്ങള്‍ ഉണ്ടാകുന്നത്. ലോഡ് കയറ്റി ഇതര സംസ്ഥാനങ്ങളില്‍നിന്നു വരുന്ന വാഹനങ്ങളാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. അപകട സാധ്യത മുന്നറിയിപ്പു ബോര്‍ഡുകളും മറ്റും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും ശാശ്വത പരിഹാരമായില്ല. അപകടങ്ങള്‍ കുറക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനായി നാറ്റ്പാക്കും മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും ഇവിടെ പഠനം നടത്തി പി.ഡബ്ല്യു.ഡിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

റാംബിള്‍ സ്ട്രിപ്പുകളും ഫ്ലക്സിബിൾ പോളും സ്ഥാപിക്കും

വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിനായി ആധുനിക രീതിയിലുള്ള റാംബിള്‍ സ്ട്രിപ്പുകള്‍ റോഡില്‍ സ്ഥാപിച്ചു. ഇവ വൈബ്രേറ്റ് സംവിധാനത്തിലായതിനാല്‍ വാഹനത്തിന്റെ ട്രാക്ക് മാറിയാലും ഇവ മുന്നറിയിപ്പു നല്‍കും. ഇതോടെ വാഹനത്തിന്റെ വേഗം നിയന്ത്രിക്കാന്‍ കഴിയും. റോഡിനു നടുവില്‍ ഫ്ലക്സിബിൾ പോളും സ്ഥാപിക്കും. വാഹനങ്ങള്‍ ട്രാക്ക് മാറി ഓവര്‍ടേക്ക് ചെയ്ത് അപകടമുണ്ടാകാതിരിക്കാനാണ് ഇത് സ്ഥാപിക്കുന്നത്.

ഇതിനു പുറമെ സ്പീഡ് ബ്രേക്കറുകള്‍, സ്റ്റഡുകള്‍ , റിഫ്ലക്ടറുകള്‍ എന്നിവയും സ്ഥാപിക്കും. ഡ്രൈവര്‍മാര്‍ക്ക് മുന്‍കൂട്ടി ജാഗ്രത നല്‍കാന്‍ വളവുകള്‍ക്ക് 50 മീറ്റര്‍ മുമ്പു മുതല്‍ സൂചനാ ബോര്‍ഡുകളും സ്ഥാപിച്ചു. റോഡിലെ അടയാളങ്ങളും ഡ്രൈവര്‍മാര്‍ക്ക് വ്യക്തമായി കാണത്തക്ക വിധം പുതുതായി വരച്ചിട്ടുണ്ട്. ഇതിനു പുറമെ നെല്ലാപ്പാറ വളവില്‍ ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും ശക്തമായ നടപടിയുമായി മുന്നിട്ടിറങ്ങണമെന്ന ആവശ്യവും ഇവര്‍ മുന്നോട്ടുവെക്കുന്നു.

Tags:    
News Summary - Measures Taken to Prevent Accidents at Nellapara Bend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.