കുരുമുളക് വില സർവകാല റെക്കോഡിൽ; കിലോക്ക് 745 രൂപ
കട്ടപ്പന: കുരുമുളക് വില സർവകാല റെക്കോഡിൽ. കുരുമുളക് വിൽപനയുടെ പ്രമുഖ കേന്ദ്രമായ കട്ടപ്പനയിൽ ബുധനാഴ്ച ഒരു കിലോഗ്രാം കുരുമുളകിന് 745 രൂപവരെ വില ഉയർന്നു. കൂടുതൽ കുരുമുളകുണ്ടെങ്കിൽ 750 രൂപ വരെ വിലക്ക് എടുക്കാൻ വ്യാപാരികൾ തയാറായിരുന്നു. കൊച്ചി മാർക്കറ്റിൽ അൺഗാർബിൽഡ് കുരുമുളകിന് 745 രൂപ വരെ ബുധനാഴ്ച വില ഉയർന്നിരുന്നു. ഗാർബിൽഡ് കുരുമുളകിന് 765 രൂപ വരെ വിലയുണ്ടായിരുന്നു. വരും ദിവസങ്ങളിൽ വില പടിപടിയായി ഉയർന്ന് 800 രൂപയിലേക്ക് കടക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.
2014ൽ കുരുമുളക് വില 740 രൂപയിൽ എത്തിയിരുന്നു. അതിന് ശേഷം ഇതാദ്യമായാണ് വില 740 മറികടക്കുന്നത്. അന്തർദേശീയ, ആഭ്യന്തര മാർക്കറ്റുകളിൽ വൻ ഡിമാൻഡ് ഉണ്ടായതാണ് ഇപ്പോഴത്തെ വിലവർധനക്ക് കാരണം. ദീപാവലി ആഘോഷങ്ങൾക്ക് വേണ്ടി സ്റ്റോക്ക് ചെയ്യാൻ ഉത്തരേന്ത്യൻ വ്യാപാരികളിൽനിന്ന് വൻതോതിൽ ഡിമാൻഡുണ്ടായതും വില കുതിച്ചുകയറാൻ സഹായിച്ചു. വിപണിയിൽ ഡിമാൻഡ് ഉയർന്നുനിൽക്കുന്നതും ആഭ്യന്തര മാർക്കറ്റിൽ കുരുമുളക് ലഭ്യത കുറഞ്ഞതും മുൻനിർത്തി 750-760 രൂപക്ക് വരെ കുരുമുളക് വാങ്ങാൻ വ്യാപാരികൾ മത്സരിക്കുന്നുണ്ട്. ഇതോടെ ഒരാഴ്ചക്കുള്ളിൽ കുരുമുളക് വില 800 രൂപയും കടന്ന് മുന്നോട്ട് കുതിക്കുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന.
2019ൽ കുരുമുളക് വില കുത്തനെ ഇടിഞ്ഞ് 340 രൂപയിലേക്ക് എത്തിയിരുന്നു. ഇതേ തുടർന്ന് കുരുമുളക് കൃഷി കർഷകർക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. ഇക്കാലയളവിൽ കുരുമുളക് ഇറക്കുമതി വൻതോതിൽ വർധിച്ചിരുന്നു. കുരുമുളക് ഇറക്കുമതിക്ക് സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടുവന്നതിനെ തുടർന്ന് പിന്നീട് കുരുമുളക് വില മെല്ലെ ഉയർന്നു 550 രൂപയിൽ വരെ എത്തി. ഈ വർഷം ഇന്തോനേഷ്യ, ബ്രസീൽ, വിയറ്റ്നാം, മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നുള്ള കുരുമുളകിന്റെ വരവ് അന്താരാഷ്ട്ര വിപണിയിൽ കുറഞ്ഞതും ഇന്ത്യൻ കുരുമുളകിന് പ്രിയമേറിയതുമാണ് വില ഉയരാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.