കട്ടപ്പന: തമിഴ്നാട്ടിൽനിന്ന് ഗുണനിലവാരം കുറഞ്ഞ തേയില പച്ചക്കൊളുന്ത് ഇടുക്കിയിലെ ഫാക്ടറികളിലേക്ക് ഒഴുകുന്നത് ജില്ലയിലെ തേയിലക്കുണ്ടായിരുന്ന ഡിമാൻഡ് കുറക്കാൻ ഇടയാക്കുന്നു. തേയിലയുടെ ഉൽപാദനം വൻതോതിൽ വർധിച്ച സാഹചര്യത്തിലാണ് അന്യസംസ്ഥാനങ്ങളിൽനിന്ന് ജില്ലയിലേക്ക് പച്ചക്കൊളുന്ത് ഒഴുകുന്നത്. ഇത് തേയില പച്ചക്കൊളുന്ത് വിലയിടിയാൻ ഇടയാക്കും.
തമിഴ്നാട്ടിലെ ഒട്ടംചിത്രം, ഗുഡല്ലൂർ മേഖലയിൽ ഉൽപാധിപ്പിക്കുന്ന ഗുണനിലവാരം കുറഞ്ഞ പച്ചക്കൊളുന്ത് ഇടുക്കിയിലെ തേയില ഫാക്ടറികളിൽ എത്തിച്ച് ഇവിടത്തെ തേയിലയുമായി കൂട്ടിക്കലർത്തി ഉണക്കി ഇടുക്കിയിലെ തേയില എന്ന പേരിൽ കൂടിയ വിലയ്ക്ക് വിറ്റഴിക്കുകയാണ്. ഇത് ഇടുക്കി തേയിലക്കുണ്ടായിരുന്ന ഡിമാൻഡ് നഷ്ടപ്പെടാൻ ഇടയാക്കുമെന്ന് ചെറുകിട തേയില കർഷകർ പറയുന്നു.
എത്തിക്കാൻ ഏജന്റുമാരും
ഇടുക്കിയിലെ ഒട്ടുമിക്ക ഫാക്ടറികളിലും ഏജന്റുമാർ തമിഴ്നാട്ടിലിൽനിന്ന് കൊണ്ടുവരുന്ന തേയില കൊളുന്ത് വിൽക്കുന്നുണ്ട്. പച്ചക്കൊളുന്തിന് കിലോക്ക് 18 രൂപവരെ ഇടുക്കിയിൽ വിലയുണ്ട്. തമിഴ്നാട്ടിൽനിന്ന് വരുന്ന ഗുണനിലവാരം കുറഞ്ഞ പച്ചക്കൊളുന്ത് കിലോക്ക് എട്ടു മുതൽ 10 രൂപക്ക് വരെ ലഭിക്കും. ഇത് നമ്മുടെ തേയിലയുമായി കൂട്ടിക്കലർത്തി വിൽക്കുന്നതോടെ കിലോക്ക് എട്ടുമുതൽ 10 രൂപ വരെ ഇടലാഭം ലഭിക്കും. ആർക്കും വേണ്ടാത്ത ഈ തേയില കൊളുന്ത് പറയുന്ന വിലയ്ക്ക് ഇടുക്കിയിൽ എത്തിച്ചു കൊടുക്കാൻ ഏജന്റുമാർ ഉണ്ട്.
രണ്ടിലയും പൊൻതിരിയും
രണ്ടിലയും പൊൻതിരിയുമാണ് തേയിലയുടെ ഏറ്റവും ഗുണമേന്മ ഏറിയ ഭാഗം. സാധാരണ ഇടുക്കിയിൽ തേയിലത്തോട്ടങ്ങളിൽ കൊളുന്ത് വിളവെടുക്കുമ്പോൾ രണ്ടിലയും പൊൻതിരിയുമാണ് എടുക്കുക.
ഗുണമേന്മ ഈ പൊൻതിരിയും രണ്ടിലയും ഉണക്കി പൊടിക്കുന്നതു കൊണ്ടാണ് ഇടുക്കി തേയിലയുടെ ഡിമാൻഡ് ഉയരുന്നത്. ഇതോടൊപ്പം ഇടുക്കിയിലെ പ്രത്യേക കാലാവസ്ഥയും ഗുണമേന്മയുടെ കാരണങ്ങളിൽ പ്രധാന ഘടകമാണ്. പശ്ചിമഘട്ട മലനിരകളിൽപെട്ടെ ഇടുക്കിയിലെ തേയിലത്തോട്ടങ്ങളിൽ സമുദ്ര നിരപ്പിൽനിന്ന് 3000 മുതൽ 7000 അടി വരെ ഉയരത്തിലാണ് തേയിലത്തോട്ടങ്ങൾ. അതുകൊണ്ട് തന്നെ ഇവിടത്തെ തേയിലയുടെ ഗുണമേന്മയും ഉയർന്നതാണ്.
നടപടിക്ക് നിർദേശം നൽകി -ചെറുകിട തേയില കർഷക ഫെഡറേഷൻ
തമിഴ്നാട്ടിൽനിന്നടക്കം ഗുണനിലവാരം കുറഞ്ഞ തേയില കൊളുന്ത് ഇടുക്കിയിലെ ഫാക്ടറികളിലേക്ക് വൻതോതിൽ കൊണ്ടുവരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കാൻ ആവിശ്യപ്പെടുമെന്നും ചെറുകിട തേയില കർഷക ഫെഡറേഷൻ പ്രസിഡന്റ് വൈ.സി. സ്റ്റീഫൻ പറഞ്ഞു. ഇടുക്കിയിലെ തേയിലയുടെ ഗുണനിലവാരം നശിപ്പിക്കുന്ന ഈ നടപടി ഭാവിയിൽ ഇടുക്കിയിലെ ചെറുകിട തേയില കർഷകർക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.