തൊടുപുഴ: കാത്തിരിപ്പിനൊടുവിൽ തദ്ദേശപ്പോരിന് കാഹളം മുഴങ്ങി. ഇനി മുന്നണികളും സ്ഥാനാർഥികളും വോട്ടുറപ്പിക്കാൻ നെട്ടോട്ടമോടുന്ന നാളുകളാണ്. ആഴ്ചകൾ നീണ്ട ആകാംക്ഷകൾക്ക് വിരാമമിട്ടാണ് തെരഞ്ഞെടുപ്പ് കമീഷൻ സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കിയത്. ഡിസംബർ ഒമ്പതിന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളുടെ കൂട്ടത്തിലാണ് ഇടുക്കിയും ഉൾപ്പെടുന്നത്. അതുകൊണ്ട് തന്നെ വരുംദിവസങ്ങളിൽ മലയോര ജില്ലയിലും തെരഞ്ഞെടുപ്പ് ചൂട് മൂർധന്യാവസ്ഥയിലെത്തും.
തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ ആരംഭിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം നേരത്തേ തന്നെ പ്രതീക്ഷിച്ചിരുന്നതിനാൽ ഇക്കുറി മുന്നണികൾക്ക് ഒരുക്കങ്ങൾക്ക് ഏറെ സമയം ലഭിച്ചുവെന്നതാണ് പ്രത്യേകത. പലയിടത്തും സ്ഥാനാർഥി നിർണയം പൂർത്തിയാക്കി പ്രചാരണ രംഗത്തിറങ്ങി. പ്രാദേശിക തലത്തിലാകട്ടെ മുന്നണികൾ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ ആരംഭിച്ചു. മുന്നണികളുടെ സീറ്റ് വിഭന ചർച്ചകൾ ഔദ്യോഗികമായി ഇന്നത്തോടെ പൂർത്തിയാകുമെന്നാണ് നേതാക്കൾ നൽകുന്ന വിശദീകരണം. ഈയാഴ്ച അവസാനത്തോടെ മുഴുവൻ തദ്ദേശ വാർഡുകളിലേയും ചിത്രം വ്യക്തമാകും.
മുന്നണികൾക്കിത് അഭിമാന പോരാട്ടം
ഇടുക്കിയിൽ ഇത്തവണ ഇടത്-വലത് മുന്നികൾക്ക് അഭിമാന പോരാട്ടമാണ്. ജില്ലയിലെ ആധിപത്യം നിലനിർത്താൻ ഇടത് മുന്നണിയും പ്രതാപം വീണ്ടെടുക്കാൻ യു.ഡി.എഫും പതിനെട്ടടവും പയറ്റുമെന്നുറപ്പ്. കാര്യമായ പൊട്ടിത്തെറികളോ അപശബ്ദങ്ങളോ ഇല്ലാതെ പരമാവധി വാർഡുകളിലും സ്ഥാനാർഥികളെ നിശ്ചയിക്കാനാണ് ജില്ലാ നേതൃത്വങ്ങളുടെ തീരുമാനം. കർഷകർക്കും തൊഴിലാളികൾക്കും ഏറെ സ്വധീനമുളള ജില്ലയിൽ അവരുടെ മനസ്സ് ഒപ്പം നിർത്തി ആധിപത്യം നിലനിർത്താനുളള തന്ത്രങ്ങളാണ് പാർട്ടികൾ അണിയറയിൽ ആസൂത്രണം ചെയ്യുന്നത്.
ജില്ലയിൽ ഇത്തവണ യു.ഡി.എഫ് അഭിമാനകരമായ വിജയം നേടുമെന്നാണ് യു.ഡി.എഫ് ജില്ല ചെയർമാൻ ജോയി വെട്ടിക്കുഴി പറയുന്നത്. ഭരണവിരുദ്ധ വികാരം മുന്നണിക്ക് അനുകൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. എന്നാൽ ഇത്തവണ കൂടുതൽ തദ്ദേശ സ്ഥാപനങ്ങൾ പിടിച്ചെടുക്കാനാണ് മുന്നണിയുടെ ലക്ഷ്യമെന്ന് എൽ.ഡി.എഫ് കൺവീനർ കെ. സലീംകുമാറും പറയുന്നു. സർക്കാർ ജില്ലയിലെ ജനങ്ങളെയടക്കം ചേർത്ത് പിടിക്കുന്ന നിരവധി പദ്ധതികളാണ് നടപ്പാക്കിയത്. ഇത് തങ്ങൾക്കനുകൂലമാകുമെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. ഇരുമുന്നണികളുടെയും കപടത തിരിച്ചറിഞ്ഞ ജില്ലയിലെ വോട്ടർമാർ ഇത്തവണ എൻ.ഡി.എക്കനുകൂലമായി വിധിയെഴുതുമെന്ന് ബി.ജെ.പി നേതാവ് പി.പി. സാനുവും പറയുന്നു.
ജില്ല സജ്ജം; 1192 പോളിങ് സ്റ്റേഷനുകൾ
ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് വിഭാഗം അധികൃതര്‍ അറിയിച്ചു. രണ്ട് ഘട്ടമായി നടത്തുന്ന തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തിലായി ഡിസംബര്‍ ഒമ്പതിനാണ് ജില്ലയില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് കമീഷന്റെ വിജ്ഞാപനവും വരണാധികാരി പുറപ്പെടുവിക്കുന്ന തെരഞ്ഞെടുപ്പ് നോട്ടീസ് പരസ്യപ്പെടുത്തലും നവംബര്‍ 14നാണ്. നാമനിര്‍ദേശ പത്രിക നവംബര്‍ 21വരെ സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന നവംബര്‍ 22ന് നടക്കും. സ്ഥാനാർഥിത്വം നവംബര്‍ 24വരെ പിന്‍വലിക്കാം. ആകെ 1192 പോളിങ് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്.
ഇതില്‍ 1119 പോളിങ് സ്‌റ്റേഷനുകള്‍ ഗ്രാമപഞ്ചായത്തുകളിലും 73 എണ്ണം മുനിസിപ്പാലിറ്റിയിലുമാണ്. പോളിങ് സ്റ്റേഷനുകളിലേക്കുള്ള സാധന സാമഗ്രികളുടെ വിതരണത്തിനും വോട്ടെടുപ്പിനുശേഷമുള്ള അവയുടെ ശേഖരണത്തിനും ആവശ്യമായ വിതരണ-സ്വീകരണകേന്ദ്രങ്ങള്‍ കണ്ടെത്തി. ജില്ലയില്‍ ബ്ലോക്ക് തലത്തില്‍ എട്ട് കേന്ദ്രങ്ങളും മുനിസിപ്പാലിറ്റി തലത്തില്‍ രണ്ട് കേന്ദ്രങ്ങളുമാണുള്ളത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സെക്ടറല്‍ ഓഫിസര്‍മാരെയും നിയോഗിച്ചു. ഗ്രാമപഞ്ചായത്തില്‍ നൂറും മുനിസിപ്പാലിറ്റിയില്‍ ഏഴും സെക്ടറുകളാണുള്ളത്. ജില്ലയില്‍ 2194 കണ്‍ട്രോള്‍ യൂനിറ്റ് 6467 ബാലറ്റ് യൂനിറ്റ് എന്നിവ തെരഞ്ഞെടുപ്പിനായി സജ്ജമാണ്.
9,07,102 വോട്ടര്‍മാര്‍
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലേക്കുള്ള പുതുക്കിയ വോട്ടര്‍പട്ടിക പ്രകാരം ജില്ലയിലെ ആകെ വോട്ടര്‍മാര്‍ 9,07,102. ഇതില്‍ 4,65,925 സ്ത്രീകള്‍, 4,41,167 പുരുഷന്മാര്, 10 ട്രാന്സ്ജെന്ഡേഴ്സസ്. ജില്ലയില്‍ ഏഴ് പ്രവാസി വോട്ടര്‍മാര്‍ മാത്രം. പഴയ പട്ടികയില്‍ 9,05,573 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. 13,005 പേരെ പുതിയതായി ചേര്‍ക്കുകയും 11,476 പേരുകള്‍ ഒഴിവാക്കുകയും ചെയ്തു. പഴയ പട്ടികയിലുള്ളതിനെക്കാള് 1529 വോട്ടര്‍മാരാണ് പുതിയതില്‍ കൂടുതലുള്ളത്. 52 പഞ്ചായത്തുകളും രണ്ട് നഗരസഭകളുമാണ് ജില്ലയിലുള്ളത്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലാണ്. 16,138 പുരുഷന്മാരും 17457 സ്ത്രീകളുമടക്കം 33,595 വോട്ടര്‍മാര്‍. 15,896 പുരുഷന്മാരും 17.262 സ്ത്രീകളും ഉള്‍പ്പെടെ 33,160 വോട്ടര്‍മാരുള്ള അടിമാലിയാണ് രണ്ടാമത്. ഇടമലക്കുടി പഞ്ചായത്തിലാണ് വോട്ടര്‍മാര്‍ ഏറ്റവും കുറവ്. 898 പുരുഷന്മാരും 886 വനിതകളുമടക്കം 1784 വോട്ടര്‍മാര്‍.
കളത്തിലിറങ്ങാൻ ഡി.എം.കെ
തമിഴ് വംശജരായ വോട്ടർമാരിൽ പ്രതീക്ഷയർപ്പിച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ മത്സരിക്കാൻ ഡി.എം.കെ. തമിഴ് വംശജരുടെ വോട്ടുകൾ നിർണായകമായ പീരുമേട്, ദേവികുളം താലൂക്കുകളിലാണ് സ്ഥാനാർഥികളെ രംഗത്തിറക്കുക. ഉപ്പുതറ പഞ്ചായത്തുകളിലെ ആറ് വാർഡുകളിലും ചിന്നക്കനാൽ പഞ്ചായത്തിലെ അഞ്ചു വാർഡുകളിലും സ്ഥാനാർഥികളെ രംഗത്തിറക്കാനാണ് നീക്കം. പീരുമേട്, ഉടുമ്പൻചോല, ദേവികുളം മണ്ഡലങ്ങളിൽ തോട്ടം തൊഴിലാളികൾക്കിടയിൽ തങ്ങൾക്ക് വേരോട്ടമുണ്ടെന്നാണ് ഡി.എം.കെയുടെ വാദം.
പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി മൂന്നാറിലും ഉപ്പുതറയിലും ഓഫിസും തുറന്നിട്ടുണ്ട്. തമിഴ് വോട്ടർമാർ കൂടുതലുള്ള മറ്റ് പഞ്ചായത്ത് വാർഡുകളിലും ഡി.എം.കെ കണ്ണുവെച്ചിട്ടുണ്ട്. പാർട്ടി ചിഹ്നത്തിൽ തന്നെയാകും മത്സരരംഗത്തിറങ്ങുക. ഒറ്റക്കുനിന്ന് മത്സരിക്കാൻ തന്നെയാണ് ഡി.എം.കെയുടെ തീരുമാനം. 2015ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പീരുമേട് പഞ്ചായത്തിലെ ഒന്നാം വാർഡിൽനിന്ന് എ.ഐ.എ.എ.ഡി.എം.കെ അംഗമായ എസ്. പ്രവീണ ജയിച്ചിരുന്നു.
കലക്ടർ അധ്യക്ഷനായി മോണിറ്ററിങ് സമിതി
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാപെരുമാറ്റച്ചട്ടം തിങ്കളാഴ്ച പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളെ സംബന്ധിച്ചും സ്ഥാനാർത്ഥികൾ, പൊതുജനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ ഉന്നയിക്കുന്ന സംശയങ്ങൾക്ക് നിവാരണം നടത്തുന്നതിനും പരാതികളിൽ ഉടൻ പരിഹാരനടപടി സ്വീകരിക്കുന്നതിനും ജില്ലതലത്തിൽ മോണിറ്ററിങ് സമിതി രൂപവത്കരിച്ചു. കലക്ടർ ചെയർമാനും തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ല ജോയന്റ് ഡയറക്ടർ കൺവീനറുമാണ്. ജില്ല പൊലീസ് മേധാവി, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ, ജില്ല ഇൻഫർമേഷൻ ഓഫിസർ എന്നിവരാണ് അംഗങ്ങൾ. പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾക്ക് പരിഹാരം കാണുന്നതിന് കമ്മിറ്റി പ്രത്യേകം ശ്രദ്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.