മണ്ണാർക്കാട് തത്തേങ്ങലത്ത് കണ്ട പുലികൾ
മണ്ണാര്‍ക്കാട്: തത്തേങ്ങലത്ത് വഴിവക്കില്‍ പുലിയേയും കുഞ്ഞുങ്ങളേയും കണ്ടതോടെ ജനം ഭീതിയിൽ. മലയോര ഗ്രാമമായ തത്തേങ്ങലത്താണ് തിങ്കളാഴ്ച രാത്രി കാറില്‍ സഞ്ചരിക്കുകയായിരുന്ന പ്രദേശവാസികളായ റഷീദ്, ഷറഫ്, ഖാലിദ്, നിതിന്‍ എന്നിവര്‍ ബസ് തിരിക്കുന്ന ഭാഗത്തായി വഴിയോരത്ത് പുലികളെ കണ്ടത്. ഇവര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വനപാലകരെത്തി ഏറെനേരം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പടക്കവും മറ്റും പൊട്ടിച്ച് വനപാലകര്‍ മടങ്ങി. ചൊവ്വാഴ്ച രാവിലെയും മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും ആർ.ആർ.ടിയുമെത്തി സ്ഥലത്ത് പരിശോധന നടത്തി.
വനമേഖലയോട് ചേര്‍ന്ന് സൈലന്റ് വാലി ഔട്ട് പോസ്റ്റിലേക്ക് പോകുന്ന പാതയോരത്താണ് പുലികളെ കണ്ടത്. തത്തേങ്ങലത്ത് ഒരു ഭാഗം വനവും മറ്റൊരു ഭാഗം ജനവാസകേന്ദ്രവുമാണ്. രണ്ട് വര്‍ഷമായി ഗ്രാമത്തില്‍ പുലിശല്യം രൂക്ഷമാണ്. തത്തേങ്ങലം, കല്‍ക്കടി, മേലാമുറി, ആനമൂളി നേര്‍ച്ചപ്പാറ കോളനി തുടങ്ങിയ ഇടങ്ങളിലെല്ലാം മുമ്പ് പുലി സാന്നിധ്യം സ്ഥിരകീരിച്ചിരുന്നു. 2021 സെപ്റ്റംബര്‍ മാസത്തില്‍ കല്‍ക്കടിയില്‍ വനംവകുപ്പ് സ്ഥാപിച്ച കാമറയില്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് മാസങ്ങളോളം കൂട് വെച്ചെങ്കിലും കുടുങ്ങിയില്ല. കഴിഞ്ഞ വര്‍ഷവും കൂട് വെച്ചെങ്കിലും ഫലമുണ്ടായില്ല. ആറ് മാസം മുമ്പാണ് തത്തേങ്ങലത്തുനിന്ന് കൂട് വനംവകുപ്പ് മാറ്റിയത്. എന്നാല്‍, കൂട്ടില്‍ അകപ്പെടാതെ പുലി ഗ്രാമത്തില്‍ സഞ്ചരിച്ച് ആടുകളേയും വളര്‍ത്തുനായ്ക്കളെയും ഇരയാക്കി വിലസുകയാണ്.
അതേസമയം, ഇതാദ്യമായാണ് പുലിയെ കുഞ്ഞുങ്ങളോടൊപ്പം പ്രദേശത്ത് കാണുന്നത്. വളര്‍ത്തുമൃഗങ്ങളെ വേട്ടയാടുന്ന പുലി മനുഷ്യന് നേരെയും തിരിയുമോയെന്ന ഭീതിയാണ് തത്തേങ്ങലത്തിന്റെ നെഞ്ചിലിപ്പോള്‍ ആളിക്കത്തുന്നത്. വന്യജീവി സാന്നിധ്യമുണ്ടാകുമ്പോള്‍ വനംവകുപ്പ് വിളിപ്പുറത്തുണ്ടെങ്കിലും പുലി പിടിയിലാകാത്തത് നാട്ടുകാരുടെ സമാധാനം കെടുത്തുകയാണ്. ജനങ്ങളുടെ ആശങ്ക അകറ്റാൻ വേണ്ട നടപടി സ്വീകരിക്കാന്‍ വനംവകുപ്പിനോട് ആവശ്യപ്പെട്ടതായി തെങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ഷൗക്കത്തലി അറിയിച്ചു. വന്യജീവി, കാട്ടുതീ പ്രതിരോധത്തിന്റെ ഭാഗമായി പാതയോരത്തെ ഉണങ്ങി നില്ക്കുന്ന അടിക്കാടുകള്‍ ഉടന്‍ കത്തിച്ച് നീക്കുമെന്നും ആവശ്യമെങ്കില്‍ പുലിയെ നിരീക്ഷിക്കാൻ കാമറ ഉൾപ്പെടെ സംവിധാനമൊരുക്കുമെന്നും വനപാലകര്‍ പ്രദേശത്ത് രാത്രികാലങ്ങളില്‍ റോന്ത് ചുറ്റുമെന്നും മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യുട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ രാജേഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.