നെടുങ്കണ്ടം: ഇരട്ടയാറിന് പുറമെ നെടുങ്കണ്ടം പഞ്ചായത്തിന്റെ വിവിധ മേഖലകളിലും പുലിയെ കണ്ടതായി അഭ്യൂഹം. ഇതെ തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകി. എഴുകുംവയൽ പുന്നക്കവല മേഖലയിലും മഞ്ഞപ്പാറ പത്തുവളവിലുമാണ് പുലിയിറങ്ങിയതായി അഭ്യൂഹം പരക്കുന്നത്. വെള്ളിയാഴ്ച രാത്രിയിലും ശനിയാഴ്ച പുലർച്ചയും പുന്നക്കവലക്ക് സമീപം താമസിക്കുന്ന ഓഴക്കൽ ജനാർദനന്റെ വീടിന്റെ പരിസരത്ത് പുലിയെ കണ്ടതായാണ് പ്രചാരണം. ജനാർദനന്റെ ബന്ധുക്കളും കുടുംബാംഗങ്ങളും പുലിയെ നേരിട്ട് കണ്ടുവെന്നാണ് പറയുന്നത്. ജനാർദനനും കുടുംബവും താമസിക്കുന്നത് ജനവാസ മേഖലയിൽനിന്ന് മാറി പുൽമേടും പാറക്കെട്ടും നിറഞ്ഞ സ്ഥലത്തോട് ചേർന്നാണ്. വെള്ളിയാഴ്ച രാത്രി വീടിനോടുചേർന്ന തിട്ടയിൽ സ്ഥാപിച്ച ജാറിൽനിന്ന് വെള്ളം കുടിക്കാനെത്തിയ പുലിയെ കണ്ടെന്നാണ് അവർ പറയുന്നത്. പുലിയെ കണ്ടപാടെ വളർത്തുനായ വീടിനുള്ളിൽ ഓടിക്കയറി. വീട്ടിലുണ്ടായിരുന്നവർ ബഹളംവെച്ചതോടെ പുലി പിന്തിരിഞ്ഞു.
ശനിയാഴ്ച പുലർച്ച പുലി വീണ്ടും വെള്ളം കുടിക്കാനെത്തി. വീട്ടുകാർ നിലവിളിച്ചതോടെ ഓടി. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചു. പുന്നക്കവലയില്നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയുള്ള 10 വളവിൽ പുലിയെ കണ്ടതായും പ്രദേശത്ത് കാൽപ്പാടുകൾ കണ്ടെത്തിയതായും നാട്ടുകാർ പറയുന്നു. എന്നാൽ, വനംവകുപ്പിന് പുന്നക്കവലയില്‍, കാല്‍പ്പാടുകള്‍ കണ്ടെത്താനായിട്ടില്ല. കാമറ സ്ഥാപിച്ച് നിരീക്ഷണം നടത്താനാണ് തീരുമാനം. ആഴ്ചകള്‍ക്ക് മുമ്പ് നെടുങ്കണ്ടം കൈലാസത്ത്, വിവിധ ദിവസങ്ങളില്‍ പുലി ഇറങ്ങിയിരുന്നു. പൂര്‍ണമായും കാര്‍ഷിക-ജനവാസ മേഖലകളിലാണ് നിലവില്‍ പുലിയെ കണ്ടതായി പറയപ്പെടുന്നത്. പ്രദേശത്ത് വനമേഖലകളില്ല. പുന്നക്കവലയിൽ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ.എസ്. കിഷോർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ പി.എസ്. നിഷാദ്, ടി.ആർ. സജു, വി.ജെ. മജോ, അനീഷ് എന്നിവരടങ്ങിയ സംഘം പരിശോധന നടത്തിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.