നെടുങ്കണ്ടം: വ്യാഴാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയില്‍ എഴുകുംവയലില്‍ കൃഷി ഭൂമി ഒലിച്ചു പോയി. ഉരുള്‍പൊട്ടലാണെന്ന് പ്രദേശവാസികള്‍ പറയുന്നു. രണ്ട് കര്‍ഷകരുടെ ഏലവും കുരുമുളകും കാപ്പിയും കൃഷിചെയ്തിരുന്ന മൂന്ന് ഏക്കറോളം കൃഷി പൂര്‍ണമായും ഒഴുകിപ്പോയി.
എഴുകുംവയല്‍ കുട്ടന്കവലയില് കുറ്റിയാനിക്കല്‍ സണ്ണി, ചെമ്മരപ്പള്ളി അനീഷ് എന്നിവരുടെ കൃഷിയാണ് ഒലിച്ചു പോയത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. മേഖലയിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
2018ല്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി ഒരു വീടടക്കം ഒലിച്ചു പോയ കുട്ടന്‍കവല മലര്വാടിപടി റോഡിന് സമീപത്താണ് കൃഷി ഭൂമി ഒലിച്ചു പോയത്. ഇതോടെ ജനം ആശങ്കയിലായി. വാഹനങ്ങള്‍ കഷ്ടിച്ച് കടന്നു പോകുന്നുണ്ടെങ്കിലും റോഡും അപകടാവസ്ഥയിലാണ്.
തൊടുപുഴ: ജില്ലയിൽ പലയിടത്തും മഴ തുടരുന്നു. ശനിയാഴ്ച ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിൽ പീരുമേട്ടിലാണ് കൂടുതൽ മഴ ലഭിച്ചത്. 139.8 മി.മി, ഇടുക്കി-80.6, നെടുങ്കണ്ടം-68 മി.മി, തൊടുപുഴ-42 മി.മി, ദേവികുളം -23.3 മി.മി എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിൽ പെയ്ത മഴയുടെ അളവ്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതിരിക്കുക, കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുക, പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കുക എന്നീ നിർദേശങ്ങളും പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.