ഭൂപ്രശ്നങ്ങള്‍: സർക്കാർ നിലപാടിൽ ഇടുക്കി ജില്ലക്ക് പ്രതീക്ഷ

തൊടുപുഴ: സങ്കീർണമായ ഭൂപ്രശ്നങ്ങളിൽ കുരുങ്ങിക്കിടക്കുന്ന ജില്ലയിലെ മലയോര കർഷകർക്ക് പ്രതീക്ഷയേകി സർക്കാറിന്‍റെ പുതിയ നീക്കങ്ങൾ. റവന്യൂ മന്ത്രി കെ. രാജൻ ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച നിയമസഭയിൽ നൽകിയ വിശദീകരണം, ഭൂപ്രശ്നങ്ങളിലെ ആശങ്കയും ആശയക്കുഴപ്പവും പരിഹരിക്കാൻ സഹായിക്കുന്ന നടപടികൾ വൈകാതെ ഉണ്ടാകുമെന്നതിന്‍റെ സൂചനയായി വിലയിരുത്തപ്പെടുന്നു.

ഭൂപതിവ് ചട്ട ഭേദഗതിയും നിർമാണ നിരോധനം പിൻവലിക്കലും ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളും കർഷക കൂട്ടായ്മകളും സമുദായ പ്രസ്ഥാനങ്ങളുമടക്കം ഹർത്താൽ ഉൾപ്പെടെ പ്രക്ഷോഭ പരമ്പരകൾ തന്നെ നടത്തി. റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐയെ പ്രതിക്കൂട്ടിൽ നിർത്താനും പരസ്യമായി വിമർശിക്കാനും ജില്ലയിൽ സി.പി.എം നേതാക്കൾ നിരന്തരം ഉപയോഗിക്കുന്ന ആയുധം കൂടിയാണ് ഭൂപ്രശ്നം.

കർഷകരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ കഴിയാത്ത നിസ്സഹായാവസ്ഥ സി.പി.ഐക്കുമുണ്ട്. ഈ സാഹചര്യത്തിൽ കർഷകർക്ക് പ്രതീക്ഷ എന്നപോലെ സി.പി.ഐക്ക് ആശ്വാസവുമാണ് പ്രതിപക്ഷ നേതാവിന്‍റെ സബ്മിഷന് മറുപടിയായി മന്ത്രി സഭയിൽ പറഞ്ഞ കാര്യങ്ങൾ.

1960 ലെ ഭൂപതിവ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ പതിച്ചു നല്‍കിയ ഭൂമി, പതിച്ച് കൊടുത്ത ആവശ്യങ്ങള്‍ക്കല്ലാതെ വിനിയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി നിരവധി കർഷകരാണ് റവന്യൂ വകുപ്പിന്‍റെ നടപടി നേരിടുന്നത്. നിയമലംഘനം ആരോപിച്ച് ഭൂപതിവ് റദ്ദാക്കപ്പെടുന്ന സാഹചര്യവുമുണ്ട്. ഇത് ഒഴിവാക്കാനുള്ള നിയമനിർമാണം സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണെന്നാണ് മന്ത്രി സഭയെ അറിയിച്ചത്.

പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ നിയമഭേദഗതി തന്നെ വേണ്ടി വരുമെന്നാണ് സർക്കാറിന് ലഭിച്ച നിയമോപദേശം. നിയമഭേദഗതി തയാറാക്കാൻ ചീഫ് സെക്രട്ടറി, അഡ്വക്കേറ്റ് ജനറല്‍, നിയമ -റവന്യൂ സെക്രട്ടറിമാര്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൈയേറ്റക്കാരേയും കുടിയേറ്റക്കാരേയും രണ്ടായി കാണണമെന്ന ആവശ്യത്തോടും മന്ത്രി അനുകൂലമായി പ്രതികരിച്ചു.

കൈയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനൊപ്പം കുടിയേറ്റക്കാർക്ക് അര്‍ഹതക്കനുസരിച്ച് ഭൂമി പതിച്ച് നല്‍കുമെന്നും മന്ത്രി പറഞ്ഞു. പട്ടയ വിതരണത്തിനുവേണ്ടി ജില്ലയില്‍ ആരംഭിച്ച സ്പെഷല്‍ ഭൂമി പതിവ് ഓഫിസുകള്‍ അവസാന പട്ടയം വിതരണം ചെയ്യുന്നതു വരെ നിലനിര്‍ത്തുമെന്ന പ്രഖ്യാപനവും പ്രതീക്ഷ നൽകുന്നു.

Tags:    
News Summary - Land problems: Hope for Idukki district in government stand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.