തൊടുപുഴ: ഭൂമി പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ഭൂപതിവ് നിയമ ഭേദഗതി ബിൽ വ്യാഴാഴ്ച നിയമസഭ ചർച്ച ചെയ്യുമ്പോൾ ഇടുക്കി കാതോർക്കുകയാണ്. ജില്ല നേരിടുന്ന ഒട്ടേറെ ഭൂപ്രശ്നങ്ങൾക്ക് ബിൽ പരിഹാരമാകുമെന്നാണ് എൽ.ഡി.എഫ് ചൂണ്ടിക്കാട്ടുന്നത്. നിർമാണ നിരോധനമടക്കം പ്രശ്നങ്ങളിൽ പരിഹാരമുണ്ടാകുമെന്നും പറയുന്നു. അതേസമയം, പട്ടയഭൂമിയിൽ നിബന്ധനകളില്ലാതെ നിർമാണത്തിന് നിരോധനം ഏർപ്പെടുത്തിയ ചട്ടങ്ങൾ ഭേദഗതി ചെയ്യാതെ ഭൂപതിവ് നിയമംകൊണ്ട് പ്രയോജനം ലഭിക്കില്ലെന്നാണ് യു.ഡി.എഫിന്റെ വാദം. ഉപാധിരഹിതമായി പട്ടയഭൂമി ഉപയോഗിക്കാൻ അനുവദിക്കുകയും ഇതിനോടകം നടത്തിയ നിർമാണങ്ങൾ വ്യവസ്ഥകളില്ലാതെ ക്രമവത്കരിക്കുകയും ചെയ്യാനുള്ള ഭേദഗതി കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ സഭയിൽ അവതരിപ്പിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.
1964ലെ ഭൂപതിവ് ചട്ടം മുൻകാല പ്രാബല്യത്തോടെ ഭേദഗതി ചെയ്ത് പിഴയും ക്രമവത്കരണവും ഒഴിവാക്കണമെന്നാണ് കർഷക സംഘടനകളുടെയടക്കം ആവശ്യം. 1960ൽ പട്ടം താണുപിള്ള സർക്കാറിന്റെ കാലത്ത് റവന്യൂ ഭൂമി പതിച്ചുനൽകാൻ കൊണ്ടുവന്നതാണ് ഭൂപതിവ് നിയമം. എന്നാൽ, 1964ൽ ആർ. ശങ്കർ മുഖ്യമന്ത്രിയാപ്പോഴാണ് ഈ നിയമത്തിന് ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നത്. ചട്ടം നാലിൽ ഭൂവിനിയോഗം കൃഷിക്കും വീട് നിർമാണത്തിനും മാത്രമേ അനുവദിക്കാവൂ എന്ന് വ്യവസ്ഥ ചെയ്തു. ഇതാണ് പിന്നീട് ജില്ലയിൽ പരിഹരിക്കാൻ കഴിയാത്ത ഭൂപ്രശ്നങ്ങളിലേക്കും നിർമാണ നിരോധനത്തിലേക്കും അടക്കം നയിച്ചത്.
അടിമാലി: ഭൂനിയമ ഭേദഗതി ഉദ്യോഗസ്ഥ തേർവാഴ്ചക്കും രാഷ്ട്രീയ അഴിമതിയും ലക്ഷ്യമാക്കിയുള്ളതാണെന്ന് ഡീൻ കുര്യാക്കോസ് എം.പി. ചട്ട ഭേദഗതിയിലൂടെ പ്രശ്നം പരിഹരിക്കാമെന്നിരിക്കെ പുതിയ നിയമ ദേദഗതിക്കാണ് സർക്കാർ നീക്കം. എൽ.എ പട്ടയങ്ങളിലെ 1964ലെ നാലാം ചട്ടവും 1993ലെ മൂന്നാം ചട്ടവും ഭേദഗതി വരുത്തി കർഷകരെ പിഴിഞ്ഞ് ഖജനാവ് നിറക്കാനാണ് സർക്കാർ ലക്ഷ്യം. കർഷകർ നൽകുന്ന അപേക്ഷയോടെ അഴിമതിക്ക് തുടക്കമാകും. സർക്കാർ നിർദേശിച്ച പണം അടച്ച് പട്ടയം ലഭ്യമായവർ ഭേദഗതി വരുത്തുന്നതോടെ ഭൂമിക്ക് വീണ്ടും വൻതുക അടക്കേണ്ടി വരും. ഇത് ഉദ്യോഗസ്ഥ- രാഷ്ട്രീയ- ഭരണ ഗൂഢാലോചനയാണ്. ഇത് അംഗീകരിക്കില്ലെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.
സംസ്ഥാനം മൊത്തത്തിൽ അഴിമതിയാണ് ലക്ഷ്യം. പട്ടയങ്ങളിൽ ഭേദഗതിയാണ് വരുത്തേണ്ടത്. എൽ.എ പട്ടയങ്ങളിലും നിർമാണത്തിന് അനുമതി വേണം. ഇടുക്കിയിൽ 13 പഞ്ചായത്തിൽ കടുത്ത നിയന്ത്രണം കൊണ്ടുവന്നതിലെ യുക്തി മനസ്സിലാകുന്നില്ല. 2007ൽ മൂന്നാറുമായി ബന്ധപ്പെട്ട് തുടങ്ങിയ നടപടികൾ മൂന്നാറിന് പുറത്തേക്ക് വ്യാപിപ്പിച്ചത് ഉദ്യോഗസ്ഥ ഗൂഢാലോചനയാണ്.
ഭൂപതിവ് ചട്ട ഭേദഗതി സംബന്ധിച്ച് നിയമസഭ ചേരുമ്പോൾ ജനവിരുദ്ധ നിയമ ഭേദഗതിക്കെതിരെ യു.ഡി.എഫ് അംഗങ്ങൾ വിയോജിപ്പ് അറിയിക്കും. ചട്ട ഭേദഗതിക്കപ്പുറം സർക്കാർ നടപടി ഉണ്ടായാൽ ശക്തമായി എതിർക്കുമെന്നും എം.പി പറഞ്ഞു.
തൊടുപുഴ: ഭൂപതിവ് നിയമത്തിന്മേൽ നിയമസഭ സബ്ജക്ട് കമ്മിറ്റി കാതലായ വ്യത്യാസം വരുത്തിയിട്ടില്ലെന്ന് കേരള കോൺഗ്രസ് ജില്ല പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ് ആരോപിച്ചു. സബ്ജക്ട് കമ്മിറ്റിയിൽ നടന്ന ചർച്ചയിൽ ബില്ലിന്റെ വ്യവസ്ഥകൾക്ക് കാര്യമായ മാറ്റങ്ങളൊന്നും കൊണ്ടുവരാൻ നിർദേശിച്ചിട്ടില്ല. ബില്ലിലെ വ്യവസ്ഥകളിൽ ഭേദഗതി ആവശ്യമില്ല എന്നുള്ള നിലപാട് ഇടതുപക്ഷ എം.എൽ.എമാർ സ്വീകരിച്ചു. പട്ടയ ഭൂമിയിൽ നിർമാണം നടത്തുന്നതിലെ തടസ്സം ഒഴിവാക്കുന്ന നടപടി ആവശ്യമാണെന്ന് കാണിച്ച് പ്രതിപക്ഷ എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്ന്, സനീഷ്കുമാർ ജോസഫ് എന്നിവർ വിയോജനക്കുറിപ്പ് എഴുതിയിട്ടുണ്ട്.
വ്യാഴാഴ്ച നിയമസഭ ബിൽ ചർച്ച ചെയ്യുമ്പോൾ അടിസ്ഥാനപരമായി വ്യത്യാസം വരുത്താൻ ഇടതുപക്ഷം തയാറാകില്ലെന്ന് ഇതോടെ വ്യക്തമായി. ബില്ലിലൂടെ ഇടുക്കി ജില്ലയിലെ നിർമാണ നിരോധനം പൂർണമായും ഒഴിവാക്കുമെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ പ്രസ്താവന ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും ജേക്കബ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.