കടുവയെ പിടികൂടാനൊരുക്കിയ കൂടുകളിലൊന്ന്
കുമളി: കാടിറങ്ങിയെത്തിയ കടുവയെ പിടികൂടാനാകാതെ വനപാലകർ വിയർക്കുമ്പോൾ നാട്ടിലിറങ്ങി വളർത്തുമൃഗത്തെ ആഹാരമാക്കി കടുവ വീണ്ടും കാടുകയറി. പെരിയാർ കടുവ സങ്കേതത്തിലെ വള്ളക്കടവ് റേഞ്ചിലാണ് കടുവകളി തുടരുന്നത്. കഴിഞ്ഞ മാസം രണ്ടിനാണ് മറയൂർ പാമ്പൻ മലയിൽനിന്ന് പിടികൂടിയ ഉദ്ദേശം അഞ്ച് വയസ്സുള്ള ആൺകടുവയെ പെരിയാർ കടുവ സങ്കേതത്തിലെ വള്ളക്കടവ് റേഞ്ചിലെ, പാണ്ടിയൻ തോട് ഭാഗത്ത് തുറന്നുവിട്ടത്. മറയൂരിൽ നാട്ടുകാരുടെ 18 വളർത്തുമൃഗങ്ങളെ കൊന്നതോടെയാണ് കടുവയെ പിടികൂടി നാടുകടത്തിയത്. വള്ളക്കടവ് റേഞ്ചിൽ തുറന്നുവിടപ്പെട്ട കടുവ ഈ ഭാഗത്തെ ജനവാസ മേഖലക്ക് സമീപം ഇറങ്ങിയതോടെയാണ് വനപാലകർക്ക് തലവേദനയായത്.
കടുവയെ പിടികൂടാൻ മൂന്നിടത്ത് കെണിയൊരുക്കി കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ കടുവ, മൗണ്ട്, സത്രം ഭാഗത്ത് കാടിറങ്ങിയെത്തി ജനവാസ മേഖലയോട് ചേർന്ന തേയിലത്തോട്ടത്തിലെ ആളൊഴിഞ്ഞ ഭാഗത്ത് പശുവിനെ കൊന്ന് ആഹാരമാക്കി. സത്രം വ്യൂ പോയന്റിന്റെ എതിർവശത്താണ് കടുവയുള്ളതെന്ന് അധികൃതർ കണ്ടെത്തി. കടുവയെ തിരികെ കാട്ടിലേക്ക് ഓടിക്കാനെന്ന പേരിൽ വനപാലകർ പടക്കം പൊട്ടിച്ചത് ഫലത്തിൽ വിനയായി. ശബ്ദം കേട്ട കടുവ കാടുവിട്ട് നാട്ടിലെ തേയിലത്തോട്ടത്തിൽ ഒളിച്ചു.
ഇടത്തേ കൈയുടെ തോൾഭാഗത്ത് പരിക്കേറ്റ നിലയിലാണ് കടുവയുടെ നടത്തം. ഇതിനാൽ കാട്ടിനുള്ളിലെ മൃഗങ്ങളെ വേട്ടയാടുന്നത് ശ്രമകരമാണ്. ഇതോടെ, വേഗത്തിൽ പിടികൂടാനാവുന്ന വളർത്തുമൃഗങ്ങളെ ലക്ഷ്യമിട്ടാണ് കടുവയുടെ നാടുചുറ്റിക്കളി. കടുവയെ പിടികൂടാനുള്ള ശ്രമം പരാജയപ്പെടുന്നതിനു പിന്നിൽ റിസർവ്-ലോക്കൽ വനപാലകർ തമ്മിലുള്ള ഏകോപനമില്ലായ്മയും കാരണമാണ്. വളർത്തുമൃഗത്തെ പിടികൂടി ഭക്ഷിച്ച കടുവ വിശപ്പടങ്ങിയതോടെ ഗവി റോഡ് കുറുകെ കടന്ന് കാടിനുള്ളിലേക്ക് കയറിപ്പോയതിന്റെ താൽക്കാലിക ആശ്വാസത്തിലാണ് ഇപ്പോൾ വനപാലകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.