മലങ്കര ഡാമിന് സമീപം കുടിൽകെട്ടി താമസിക്കുന്നവർ
മുട്ടം: ഭൂമി അനുവദിച്ച് 10 വർഷം കഴിഞ്ഞെങ്കിലും ഇപ്പോഴും കുടിലുകളിൽ താമസിക്കാൻ വിധിക്കപ്പെട്ടവരാണ് മലങ്കര ഡാം ക്യാച്ച്മെന്റ് ഏരിയയിൽ താമസിക്കുന്നവർ. മലങ്കര ഡാമിന്റെ നിർമാണ പ്രവൃത്തികൾക്കായി എത്തിയ 13 കുടുംബങ്ങൾക്കായി 51 സെന്റോളം ഭൂമി ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് മലങ്കരയിൽ അനുവദിച്ചിരുന്നു. ഇതിൽ 6 കുടുംബങ്ങൾക്ക് ലൈഫ് ഭവന പദ്ധതിയിൽപെടുത്തി വീട് നിർമിച്ചുനൽകി. ബാക്കിയുള്ള 7 കുടുംബങ്ങളുടെ പുനരധിവാസമാണ് യാഥാർഥ്യമാകാതെ മുടങ്ങിക്കിടക്കുന്നത്.
മലങ്കര ഹില്ലി അക്വ കുടിവെള്ള ഫാക്ടറിക്ക് സമീപത്തെ എം.വി.ഐ.പി വക സ്ഥലത്താണ് വീട് നിർമിച്ചുനൽകിയിട്ടുള്ളത്. മിച്ചമുള്ള ഏഴ് വീടുകൾ നിർമിക്കണമെങ്കിൽ കുന്നിൻചരിവായ ഈ പ്രദേശത്ത് ഉയരത്തിൽ മതിൽ കെട്ടി സംരക്ഷിക്കണം. ശേഷം 30 അടിയോളം ഉയരത്തിൽ മണ്ണിട്ട് നികത്തണം. അതിന് ലക്ഷക്കണക്കിന് രൂപ വേണ്ടിവരും. ഈ തുക പഞ്ചായത്തിന് കണ്ടെത്താൻ പ്രയാസമായതിനാൽ വിവിധ തലങ്ങളിൽ അപേക്ഷ നൽകിയെങ്കിലും നടപടി ഉണ്ടായില്ല. പെരുമറ്റത്ത് അവർക്ക് അനുവദിച്ച ഭൂമി പരുവപ്പെടുത്തുന്നതിന് 27 ലക്ഷത്തിലധികം രൂപ ചെലവ് വരുമെന്നാണ് മുട്ടം ഗ്രാമപഞ്ചായത്ത് ഓവർസിയർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.
സ്വകാര്യ വ്യക്തികൾക്ക് വേണ്ടി എം.പി ഫണ്ട് ചെലവഴിക്കാൻ നിയമസാധുതയില്ല. എന്നാൽ, എം.എൽ.എ, ത്രിതല പഞ്ചായത്ത് എന്നിവർക്ക് തോട് പുറമ്പോക്ക് കെട്ടി സംരക്ഷിക്കുന്നതിന് ഫണ്ട് ചെലവഴിക്കാൻ കഴിയും. എന്നാൽ, ഈ സ്ഥലത്തിന് സമീപം മറ്റൊരു അനുയോജ്യമായ സ്ഥലം ചൂണ്ടിക്കാണിച്ചെങ്കിലും നടപടി പൂർത്തിയായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.