കർഷകരോട് എന്തിനീ ‘കടുപ്പം’
കട്ടപ്പന: ജില്ലയിൽ തേയില പച്ച കൊളുന്ത് ഉൽപാദനം വർധിച്ചു. എന്നാൽ വില ഇടിക്കാൻ ഏജന്റുമാർ രംഗത്ത്. ഏജന്റുമാരും ഫാക്ടറി ഉടമകളും തമ്മിലുള്ള രഹസ്യ ധാരണയാണ് പിന്നിലെന്നാണ് ആക്ഷേപം. നല്ല മഴ ലഭിച്ചതോടെയാണ് തേയില ഉൽപാദനം കുത്തനെ കൂടിയത്. എന്നാൽ ചെറുകിട കർഷകരിൽ നിന്ന് തേയില പച്ച കൊളുന്ത് വാങ്ങുന്ന ഏജന്റുമാരും ഫാക്ടറി ഉടമകളും ചേർന്ന് വില ഇടിച്ചു കർഷകരെ കൊള്ളയടിക്കുകയാണ്. ഫാക്ടറി ഉടമകൾ തേയില പച്ചക്കൊളുന്തിനു കിലോഗ്രാമിന് 24 മുതൽ 26 രൂപവരെ ഏജന്റുമാർക്ക് നൽകുമ്പോൾ ഏജന്റുമാർ ചെറുകിട തേയില കർഷകർക്ക് നൽകുന്നത് കിലോഗ്രാമിന് 12 രൂപ മുതൽ 16 രൂപ വരെ മാത്രമാണ്.
കിലോഗ്രാമിൽ നേട്ടം കൊയ്യുന്നത് ഇടനിലക്കാർ
ജില്ലയിലെ തേയില പച്ചക്കൊളുന്ത് ഉൽപാദനം മുൻമാസങ്ങളുമായി താരതമ്യം ചെയ്താൽ ഇരട്ടിയായി വർധിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ നേട്ടം ലഭിക്കുന്നത് ഏജന്റുമാർക്കാണ്. കൊളുന്ത് വില ഗുണമേന്മയനുസരിച്ചു കിലോഗ്രാമിന് 12 രൂപ മുതൽ 16 രൂപവരെയാണ് ഏജന്റുമാർ കർഷകർക്ക് നൽകുന്നത്. ജില്ലയിൽ ഇരുപതിനായിരത്തോളം ചെറുകിട തേയില കർഷകരാണുള്ളത്. ഇവരിൽ ഭൂരിഭാഗവും വരുന്ന വാഗമൺ, ഉപ്പുതറ, തോപ്രാംകുടി, കാൽവരി മൗണ്ട്, പൂപ്പാറ, മൂന്നാർ, ദേവികുളം, ചിന്നക്കനാൽ സൂര്യനെല്ലി, വണ്ടിപെരിയാർ, പീരുമേട്, ചപ്പാത്ത്, എലപ്പാറ, അണക്കര തുടങ്ങിയ മേഖലകളിലെല്ലാം പച്ചക്കൊളുന്ത് ഉൽപാദനം കുത്തനെ ഉയർന്നു.
ചെറുകിട തേയില കർഷകർ നേരിട്ട് ഫാക്ടറികളിൽ കൊളുന്ത് കൊണ്ടുചെന്നാൽ വേണ്ടെന്ന് പറഞ്ഞു തിരിച്ചു വിടുകയോ, ഗുണ നിലവാരം മോശമാണെന്നു പറഞ്ഞു ഏജന്റുമാർ നൽകുന്നതിലും കുറഞ്ഞ വില മാത്രം നൽകുകയും ചെയ്യുകയാണ്. ഏജന്റുമാരതും ഫാക്ടറി ഉടമകളും തമ്മിലുള്ള ഈ ഒത്തുകളിയാണ് ചെറുകിട തേയില കർഷകർക്ക് തിരിച്ചടിയാകുന്നത്. ഏജന്റുമാർക്ക് തേയില ഫാക്ടറി ഉടമകൾ നൽകുന്ന വില ഒരിക്കലും ഏജന്റുമാർ കർഷകർക്ക് നൽകാറില്ല. ഈ വർഷം തേയില കൃഷിയിൽ നിന്ന് മെച്ചപ്പെട്ട വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കർഷകർ ഇപ്പോൾ നിരാശയിലാണ്.
പച്ച കൊളുന്ത് വ്യാപാര കുത്തക ഏജന്റുമാർക്ക്
തേയില പച്ച കൊളിന്തിന്റെ കുത്തക വ്യാപാരം നിയന്ത്രിക്കുന്നത് ജില്ലയിലെ ആറു പ്രധാന ഏജന്റുമാരും അവരുടെ സഹായികളായ 60 ഉപ ഏജന്റുമാരും ചേർന്ന ലോബിയാണെന്ന് ചെറുകിട തേയില കർഷക ഫെഡറഷൻ പ്രസിഡന്റ് വൈ. സി. സ്റ്റീഫൻ പറഞ്ഞു. ടീ ബോർഡ് പ്രഖ്യാപിക്കുന്ന പച്ച കൊളിന്ത് തറ വില പോലും നിയന്ത്രിക്കുന്നത് ഈ ഏജന്റുമാരും ഉടമകളും ചേർന്ന ലോബിയാണ്. ടീ ബോർഡ് ഉദ്യോഗസ്ഥരും ഇവർക്ക് ഒത്താശ ചെയ്യുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി തേയില പച്ച കോളിന്തിന്റെ തറ വില പോലും 16 രൂപയിൽ താഴെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.