കട്ടപ്പന: ജില്ലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ തീരുമാനം. ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രഫ. ആർ. ബിന്ദുവിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്. സുവർണ ജൂബിലി ആഘോഷിക്കാനൊരുങ്ങുന്ന കട്ടപ്പന ഗവ. കോളജിൽ പുതിയ അക്കൗദമിക് ബ്ലോക്ക് നിർമാണം പൂർത്തിയാക്കുന്നത് അടക്കമുള്ള പദ്ധതിക്കൾക്ക് അനുമതിയായതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ജില്ലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതടക്കമുള്ള പദ്ധതികൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്. കട്ടപ്പന ഗവ. കോളജിൽ സ്റ്റാഫ് ക്വാർട്ടേഴ്സും ഗെസ്റ്റ് ഹൗസും നിർമിക്കും.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 7.26 കോടി രൂപ ചെലവഴിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനും തീരുമാനിച്ചു. 2027ൽ സുവർണ ജൂബിലി ആഘോഷിക്കുന്നതോടനുബന്ധിച്ച് കോളജ് സൗന്ദര്യവത്കരണം അടക്കമുള്ള പദ്ധതികൾ ആവിഷ്കരിച്ച് വിശദ റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി ആർ. ബിന്ദു നിർദേശിച്ചു.
കോളജ് വികസന ഭാഗമായി പുതിയ കോഴ്സുകൾ ആരംഭിക്കാനും ലൈബ്രറി അപ്ഗ്രേഡ് ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും ഉന്നത വിദ്യാഭ്യാസ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കോളജിൽ പുതിയ ഹോസ്റ്റൽ സമുച്ചയ നിർമാണം ഉടൻ ആരംഭിക്കും. ഇതിനായി 29.67 കോടി രൂപയുടെ ഭരണാനുമതി നൽകി. എൻജിനീയറിങ് കോളജിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ നിർദേശങ്ങൾ സമർപ്പിക്കും.
പൈനാവ് ഐ.എച്ച്.ആർ.ഡി പോളിടെക്നികിൽ ഹോസ്റ്റൽ സൗകര്യം ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ആവശ്യപ്പെട്ടു. കട്ടപ്പന ഐ.എച്ച്.ആർ.ഡി ലോ കോളജ് ആരംഭിക്കാനുള്ള നടപടി സ്വീകരിക്കാൻ ഐ.എച്ച്.ആർ.ഡി ഡയറക്ടർക്ക് യോഗം നിർദേശം നൽകി.
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ജയപ്രകാശ്, ഡയറക്ടർ ഓഫ് കൊളീജിയറ്റ് എജുക്കേഷൻ സുധീർ, ഐ.എച്ച്.ആർ.ഡി ഡയറക്ടർ അരുൺ കുമാർ, ഇടുക്കി എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ. ബിജു ശശിധരൻ, കുട്ടപ്പന ഗവ. കോളജ് പ്രിൻസിപ്പൽ ഡോ. ബി. കണ്ണൻ. പൈനാവ് ഐ.എച്ച്.ആർ.ഡി പ്രിസിപ്പൽ സി. കെ. സുബി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.