ഭരണമാറ്റത്തിലും ജീവൻവെക്കാതെ ഇടുക്കി പാക്കേജ്

തൊടുപുഴ: സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേറ്റ് മൂന്ന് മാസം പിന്നിടുമ്പോഴും ഇടുക്കി പാക്കേജിലെ പദ്ധതി പ്രവർത്തനങ്ങൾ ഇഴഞ്ഞുതന്നെ. പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കാനുള്ള നടപടികളൊന്നുംതന്നെ സർക്കാർ തലത്തിൽ സജീവമായില്ല. ഇതോടെ ഇടുക്കിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിക്ക് ഒച്ചിഴയും വേഗത്തിലാണ്. വകുപ്പുകളുടെ ഏകോപനമില്ലായ്മയും ഉദ്യോഗസ്ഥരുടെ അലംഭാവവുമെല്ലാമാണ് മുൻ സർക്കാറിന്റെ കാലത്ത് ആരംഭിച്ച പാക്കേജിലെ പദ്ധതി പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായത്. എന്നാൽ, സർക്കാർ മാറിയെത്തിയിട്ടും കാര്യങ്ങൾ പഴയപടിതന്നെയാണെന്നാണ് പ്രവൃത്തികളുടെ മെല്ലെപ്പോക്ക് തെളിയിക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.

പ്രഹസനമായി അവലോകന യോഗം

പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം കലക്ടറേറ്റിൽ ഒരു വട്ടം അവലോകന യോഗം ചേർന്നിരുന്നു. പതിവുപോലെ പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് യോഗ ശേ‍‍‍ഷം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേർന്ന് പ്രഖ്യാപനവും നടത്തി. എന്നാൽ പിന്നീടും കാര്യങ്ങൾ പഴയപടിതന്നെയാണെന്നാണ് ആക്ഷേപമുയരുന്നത്.

പാക്കേജിന് കീഴിൽ ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും വിവിധ പ്രവൃത്തികൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇവകളുടെ പൂർത്തീകരണം സംബന്ധിച്ച് ആർക്കും കൃത്യതയില്ല. പാക്കേജിന്റെ ഭാഗമായി 2022-23 സാമ്പത്തിക വർഷം മുതൽ 2025-26 വരെയുള്ള കാലഘട്ടത്തിൽ 30 പ്രവൃത്തികൾക്കായി 123.84 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. എന്നാൽ, ഇക്കൂട്ടത്തിൽ ഒരു പ്രവൃത്തി മാത്രമാണ് പൂർത്തീകരിച്ചത്. മറ്റ് നാല് പ്രവൃത്തികൾ പൂർത്തീകരണ ഘട്ടത്തിലുമാണ്. ഭരണാനുമതി ലഭിച്ച 123.84 കോടിയിൽ ഇത് വരെ ചെലവഴിച്ചതാകട്ടെ 22.80 കോടി രൂപ മാത്രമാണെന്നും സർക്കാർ രേഖകൾ വ്യക്തമാക്കുന്നു.

ലക്ഷ്യമിട്ടത് ഇടുക്കിയുടെ സമഗ്ര വികസനം

അടിസ്ഥാന സൗകര്യ വികസനമടക്കം ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് പാക്കേജ് പ്രഖ്യാപിക്കപ്പെട്ടത്. ഇതോടൊപ്പം കാർഷികമേഖലയുടെ നവീകരണം, വിനോദസഞ്ചാര മേഖലകളുടെ വികസനം, മനുഷ്യ-വന്യജീവി സംഘർഷം കുറക്കാനുള്ള കർമപദ്ധതികൾ, മൃഗസംരക്ഷണം, ക്ഷീര വികസനം, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളുടെ നവീകരണം അടക്കം നിരവധി പദ്ധതികളും ഇതോടൊപ്പം ആവിഷ്കരിച്ചിരുന്നു.

എന്നാൽ, ശീതകാല പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും വിപണനത്തിനുമായി പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്തെങ്കിലും ഫണ്ടിന്റെ അപര്യാപ്തതമൂലം ഇതുവരെയും വലിയ പുരോഗതിയില്ല. ഇതോടൊപ്പംതന്നെ കാർഷിക പുരോഗതി ലക്ഷ്യമിട്ട് പ്രഖ്യാപിച്ച നീർത്തട വികസന പദ്ധതികളും പൂർണമായും ലക്ഷ്യപ്രാപ്തിയിലെത്തിയിട്ടില്ല. കനാലുകളുടെ നവീകരണം അടക്കമുള്ള വിവിധ പദ്ധതികളും പാതിവഴിയിലാണ്. ഇടുക്കി നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി പാക്കേജിൽ പ്രഖ്യാപിച്ച പദ്ധതികളും കടലാസിൽതന്നെയാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട സോളാർ ഫെൻസിങ് നിർമാണം പലയിടത്തും ടെൻഡറുകളിൽ കുടുങ്ങിക്കിടക്കുകയാണ്.

ക്രിയാത്മക ഇടപെടൽ കാത്ത് മലയോരം

സർക്കാർ മാറ്റത്തിലൂടെ പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാകുമെന്ന പ്രതീക്ഷയിലായിരുന്നു മലയോരം. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇത് ആശാവഹമല്ലെന്നാണ് ഉയരുന്ന പരാതി. മുൻ സർക്കാറിന്റെ കാലത്ത് ജില്ലയുടെ പ്രതിനിധിയായിരുന്ന അന്നത്തെ മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തിലും അല്ലാതെയും നിരവധി അവലോകന യോഗങ്ങൾ നടന്നിരുന്നു. എന്നാൽ, തുടർ പ്രവർത്തനങ്ങൾക്ക് വേഗം മാത്രമുണ്ടായില്ല.

സർക്കാർ മാറിയിട്ടും കാര്യങ്ങൾ പഴയപടിതന്നെ ആവർത്തിക്കുകയാണെന്ന ആക്ഷേപമാണ് വിവിധ കോണുകളിൽ നിന്നുയരുന്നത്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നടത്തുന്ന പഴിചാരലുകൾക്കപ്പുറത്ത് പാക്കേജിലെ പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാനുള്ള സർക്കാർതല ഇടപെടലാണ് വേണ്ടതെന്നാണ് ജനങ്ങളുടെ ആവശ്യം.

Tags:    
News Summary - Idukki package without sacrificing life even after change of government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.