ഇടമലക്കുടിയിലെ വീടുകളുടെ നിര്‍മാണം; അന്വേഷണത്തിന് സമിതി

തൊടുപുഴ: ഇടമലക്കുടിയില്‍ ഇനിയും നിര്‍മാണം പൂര്‍ത്തീകരിക്കാത്ത വീടുകളുടേയും അറ്റകുറ്റപ്പണികള്‍ ആവശ്യമുള്ള വീടുകളുടെയും സ്ഥിതിവിവര റിപ്പോര്‍ട്ട് തയാറാക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ ജില്ല വികസന സമിതിയോഗം തീരുമാനിച്ചു. ഫിനാന്‍സ് ഓഫിസര്‍, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍, തദ്ദേശ വകുപ്പ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍, പട്ടികവര്‍ഗ വികസന വകുപ്പ് പ്രതിനിധി എന്നിവര്‍ ഉള്‍പ്പെടുന്നതാണ് വിദഗ്ധ സമിതി. സമിതി സ്ഥലം സന്ദര്‍ശിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജില്ല വികസന സമിതി യോഗം നിർദേശിച്ചു.

2023ല്‍ പട്ടിക വികസന വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് വനം വകുപ്പാണ് ഇവിടെ വീടുകള്‍ നിര്‍മിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കാത്ത 58 വീടുകളുടെ ബലക്ഷമത സംബന്ധിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞ വികസന യോഗത്തില്‍ തീരുമാനിച്ചിരുന്നു. 12 വീടുകള്‍ അറ്റകുറ്റപ്പണി നടത്തണമെന്നും 30 വീടുകള്‍ പുനര്‍നിര്‍മിക്കണമെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍. 30 വീടുകളുടെ ഫൗണ്ടേഷന്‍ ജോലികള്‍ മാത്രമേ പൂര്‍ത്തീകരിച്ചിട്ടുള്ളൂ എന്നും ഇതും ഉപയോഗശൂന്യമായ നിലയിലാണെന്നും സാങ്കേതിക സമിതി കണ്ടെത്തിയ സാഹചര്യത്തിലാണ് വിവരങ്ങള്‍ വിലയിരുത്താന്‍ വിദഗ്ധസമിതിയെ നിയോഗിച്ചത്.

ഇടമലക്കുടിയിലെ പെട്ടിമുടി-ഇഡലിപ്പാറ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാത്ത കരാറുകാരനെ നീക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം നിർദേശിച്ചു. ഇതിനായി ഹൈകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ഇത്തരത്തില്‍ ഇതേ കരാറുകാരന്‍ വിവിധ റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാത്ത സാഹചര്യമുണ്ടെന്ന് യോഗം വിലയിരുത്തി. ഇടമലക്കുടിയില്‍ 1.3 കിലോമീറ്റര്‍ റോഡ് നിര്‍മാണമാണ് പൂര്‍ത്തീകരിക്കാനുള്ളത്. റോഡ് നിര്‍മാണം സംബന്ധിച്ച് സൂപ്രണ്ടിങ് എന്‍ജിനീയറോട് വിശദീകരണം തേടും.

ജില്ലയില്‍ പാറ, മണല്‍, എംസാന്‍ഡ് പോലുള്ള നിര്‍മാണ സാമഗ്രികളുടെ കുറവ് പരിഹരിക്കുന്നതിന് പുതിയ ക്വാറികള്‍ അടിയന്തരമായി ആരംഭിക്കാന്‍ നടപടി സ്വീകരിക്കും. ക്വാറി അനുവദിക്കുന്നതിന് അനുയോജ്യമാണെന്ന് കണ്ടെത്തിയ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ പരിശോധനകള്‍ വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു. എം.എൽ.എമാരായ റോയ് കെ. പൗലോസ്, സേനാപതി വേണു, സിറിയക് തോമസ്, ദേവികുളം സബ് കലക്ടര്‍ വി.എം. ആര്യ, എ.ഡി.എം കെ. സുനില്‍കുമാര്‍, ജില്ല പ്ലാനിങ് ഓഫിസര്‍ ഡോ. പി. പ്രവീണ്‍, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - Expert Panel to Inspect Edamalakudy Houses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.